SignIn
Kerala Kaumudi Online
Sunday, 16 June 2024 1.16 PM IST

പണ്ടൊന്നും മുതല ഉണ്ടാകാതിരുന്ന കേരളത്തിലെ പുഴകളിൽ മുതല വരുന്നത് നല്ലതിനോ അപകടത്തിനോ? തുമ്മാരുകുടി പറയുന്നു

crcodile

ചാലക്കുടി പുഴയിൽ ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്. പുഴയിലെ മുതല സാന്നിദ്ധ്യത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

''ഐതീഹ്യത്തിലെ മുതലയും ചാലക്കുടി പുഴയിലെ മുതലയും

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു അവധി ദിവസം ചേച്ചിയുടെ കൂടെ കാലടി ശങ്കരാ കോളേജിൽ പോയിരുന്നു. അന്ന് ചേച്ചിയാണ് കോളേജിൽ ഒരു മുതല ഉണ്ടെന്ന് പറഞ്ഞത്.

കോളേജ് പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിൽ ഒരു ചെറിയ കിണർ പോലെ ഒന്നുണ്ട്, അതിലാണ് മുതലയെ ഇട്ടിരുന്നത്.

രാവിലെ പത്തുമണിക്ക് അവിടെ ചെന്നപ്പോൾ മുതൽ വൈകീട്ട് മൂന്നു മണിക്ക് തിരിച്ചുപോരുന്നത് വരെ ഞാൻ പല വട്ടം അവിടെ പോയി നോക്കിയെങ്കിലും മുതലയെ കണ്ടില്ല. വലിയ നിരാശയായി.

കാലടിയും മുതലയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഐതീഹ്യം അതിന് മുൻപ് തന്നെ കേട്ടിട്ടുണ്ട്. ആദി ശങ്കരൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് സന്യാസ മാർഗ്ഗം സ്വീകരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അമ്മ അതിന് സമ്മതിച്ചില്ല. ഒരിക്കൽ കാലടിപ്പുഴയിൽ കുളിക്കാൻ പോയ ശങ്കരനെ മുതല പിടിച്ചു എന്നും അത് കണ്ടു പേടിച്ചു നിലവിളിച്ച അമ്മയോട് തന്നെ സന്യാസത്തിന് അയക്കാൻ സമ്മതിച്ചാൽ മുതല തൻറെ മേലുള്ള പിടി വിടും എന്നും ബാലനായ ശങ്കരൻ പറഞ്ഞുവത്രേ. കുട്ടിയുടെ ജീവൻ പോകുന്നതിനേക്കാൾ ഭേദമാണല്ലോ സന്യാസത്തിന് പോകുന്നത് എന്ന് ചിന്തിച്ച അമ്മ സന്യാസത്തിന് പോകാൻ സമ്മതിച്ചുവെന്നും, അതോടെ അത്ഭുതകരമായി മുതല കുട്ടിയിലുള്ള പിടി വിട്ടു എന്നും ആയിരുന്നു ഐതീഹ്യം.

പത്തു വയസ്സുമുതൽ ഞാൻ കാലടിപ്പുഴയിൽ കുളിക്കുന്നതാണ്. അന്നൊക്കെ അവിടെ മുതല പോയിട്ട് വലിയൊരു മീനിനെ പോലും കണ്ടിട്ടില്ല. അതുകൊണ്ടാണ് കോളേജിലെ മുതലയെ കാണാൻ ആകാംക്ഷ ഉണ്ടായത്.

എന്താണെങ്കിലും പിൽക്കാലത്ത് കാലടി കോളേജിൽ തന്നെ പ്രീ ഡിഗ്രിക്ക് പഠിക്കാൻ ചേർന്നത് കൊണ്ട് പ്രസ്തുത മുതലയെ കാണാൻ പല അവസരം ഉണ്ടായിട്ടുണ്ട്. എതിർവശത്ത് മുറിയിലുണ്ടായിരുന്ന പ്രിൻസിപ്പാളിനെ അപേക്ഷിച്ച് ശാന്തശീലൻ ആയിരുന്നു ആ മുതല. (പിൽക്കാലത്ത് ആ മുതലയെ കിണറ്റിൽ സൂക്ഷിച്ചതിന് ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് നടപടി എടുത്തു എന്നും പതിറ്റാണ്ടുകൾക്ക് ശേഷം മുതലയെ അവിടെ നിന്നും എടുത്തുകൊണ്ടു പോയി എന്നും പിറ്റേന്ന് തന്നെ അത് ചത്തു എന്നും വായിച്ചതായി ഓർക്കുന്നു. ഈ മുതലക്കഥ അറിയാവുന്നവർ പൂരിപ്പിക്കണം).

ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ‘ചാലക്കുടിപ്പുഴയിൽ മുതലക്കുഞ്ഞുങ്ങൾ’ എന്ന വാർത്ത വായിച്ചതാണ്. ഞങ്ങളുടെ ചെറുപ്പകാലത്തൊന്നും കാലടിയിൽ മാത്രമല്ല ചാലക്കുടിപ്പുഴയിലും മുതല ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു വർഷത്തിലാണ് വീണ്ടും മുതലയുടെ വാർത്തകൾ കേൾക്കുന്നത്. ഇപ്പോൾ ഇത് കൂടുതൽ പതിവായി കേൾക്കുന്നുണ്ട്. ശങ്കരന്റെ കാലത്തിനിപ്പുറത്ത് എവിടെയോ അപ്രത്യക്ഷമായ മുതല ഇതുവരെ എവിടെയായിരുന്നു?

പണ്ടൊന്നും മുതല ഉണ്ടാകാതിരുന്ന പുഴയിൽ ഒരു മുതല വരുന്നത് പാരിസ്ഥിതികമായി നല്ല കാര്യമാണ്. മുതലക്കു ജീവിക്കണമെങ്കിൽ അതിന് സ്ഥിരമായി കഴിക്കാനുള്ള ഭക്ഷണം വേണം, അതുണ്ടാകണമെങ്കിൽ പുഴയിലും ചുറ്റിലും പ്രൊഡക്ടീവ് ആയ ആവാസ വ്യവസ്ത വേണം, മലിനീകരണം ഉണ്ടാകരുത് എന്നിങ്ങനെ.

മുതല പക്ഷെ ഏറെ അപകടകാരിയാണ്. അതുകൊണ്ട് തന്നെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്നൊക്കെ പറയാമെങ്കിലും മനുഷ്യർ നോക്കിയും കണ്ടും നിൽക്കുന്നതാണ് ബുദ്ധി. ഈ പാഠം ഞാൻ പണ്ടേ പഠിച്ചതാണ്, പണ്ടൊരിക്കൽ ഇവിടെ പറഞ്ഞതുമാണ്. കേൾക്കാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി പറയാം.

ബ്രൂണെയിൽ ഞാൻ തൊഴിൽ ചെയ്യാൻ എത്തുന്പോൾ അവിടെ വളരെ മലിനമായ ഒരു നദി ഉണ്ടായിരുന്നു. സിറിയ ഓയിൽ ടെർമിനലിലെ മലിനജലം ഒഴുകി പൂർണ്ണമായും മരിച്ച നിലയിലുള്ള നദി. വെള്ളത്തിന് മുകളിൽ എണ്ണപ്പാടകൾ കാണാം, വെള്ളത്തിനടിയിൽ നിന്നും എപ്പോഴും ഹൈഡ്രജൻ സൾഫൈഡ് കുമിളകൾ മുകളിലേക്ക് വന്നു പൊട്ടി അവിടെ ദുർഗന്ധം ഉണ്ടാകും.

നാലു വർഷം ആ നദിയുടെ പുനരുജീവനത്തിന് വേണ്ടി ഞാൻ പ്രയത്നിച്ചു. മലിന ജലം ശുദ്ധമാക്കി, പുഴയിൽ വീണ്ടും ശുദ്ധജലം വന്നു തുടങ്ങി, ഓരത്ത് നിപ്പ കാടുകൾ വീണ്ടും പൊടിച്ചു. ഓരോ മാസവും നദിയിലെ വെള്ളത്തിന്റെയും കരയിലെ കനിപ്പ പനകളുടെയും ആരോഗ്യം പരിശോധിക്കാൻ ഞാൻ പോകാറുണ്ട്.

ഒരിക്കൽ അവിടെ എത്തിയ എന്നെ കാത്തിരുന്നത് ഒരു മുതലയാണ്. മുതല എൻറെ നേരെ ചാടി, ഞാൻ ജീവനും കൊണ്ട് ഓടി. (എനിക്കും മുതലക്കും ഇടയിൽ ഒരു കന്പിവേലിയുടെ കെട്ടുണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ ഈ കഥ പറയാൻ ഞാൻ ബാക്കിയുണ്ട്).

പുഴയിൽ മുതലയെ കണ്ടതോടെ ആ പുഴയിലെ എൻറെ ദൗത്യം അവസാനിച്ചു എന്ന് ഞാൻ ഓഫീസിൽ റിപ്പോർട്ട് ചെയ്തു. ആവാസ വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ള ജീവിയും റെഡി, ഭക്ഷണ ശൃംഖല റെഡിയായിരുന്നിരിക്കണം.

അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. കേരളത്തിലെ ആവാസ വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഇത് നമ്മൾ മനപൂർവ്വം എന്തെങ്കിലും ചെയ്യുന്നത് കൊണ്ടല്ല, മറിച്ച് പ്രകൃതിയിൽ നമ്മൾ ഒന്നും പ്രത്യേകിച്ച് ചെയ്യാത്തത് കൊണ്ടാണ്. തുമ്മാരുകുടിയിലെ മുയൽ മുതൽ ചാലക്കുടിയിലെ മുതല വരെ അതിൻറെ ഉദാഹരണങ്ങളാണ്.

ഇന്ന് ചാലക്കുടിപ്പുഴയിൽ എത്തിയ മുതല നാളെ കാലടിപ്പുഴയിൽ എത്തും. ഇന്നത്തെ മഴക്ക് എൻറെ മുറ്റത്തു കൂടി ഒരു ആമ കടന്നു പോയി എന്ന് പറഞ്ഞു. പെരിയാറിൽ നിന്നും എൻറെ വീട്ടിലേക്ക് രണ്ടു കിലോമീറ്റർ ദൂരമേ ഉള്ളൂ, ആമയുടെ മുതലയും വരുന്ന കാലം വിദൂരമല്ല.

മുരളി തുമ്മാരുകുടി''

ചീങ്കണ്ണിപ്പുഴ

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ സർവ സാധാരണമായി ചീങ്കണ്ണികൾ. അതിരപ്പിള്ളി വെള്ളച്ചാട്ടം മുതൽ തുമ്പൂർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങുന്നിടത്തും ചീങ്കണ്ണിയും കുഞ്ഞുങ്ങളുമുണ്ട്.

കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമുഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെട്ടു. പുഴ കടന്നുപോകുന്ന ജനവാസ മേഖലയിൽ സ്ഥിരമായി കാണുന്നത് ഇവയുടെ വംശ വർദ്ധനവ് മൂലമല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

ചാലക്കുടിപ്പുഴയുടെ ഉത്ഭവ മേഖലയിൽ പ്രകൃതി ദത്തമായി ചീങ്കണ്ണികൾ ജീവിക്കുന്നുണ്ട്. ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥിരീകരിച്ചതാണ്. കടുവയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയിൽ കുഞ്ഞുങ്ങളെ തിന്നുന്നതിനാൽ വംശവർദ്ധനവ് കാര്യമായി ഉണ്ടാകാറില്ലെന്ന് പറയുന്നു.

പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ട് പെരുകി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിരവാസക്കാരായത്. ഇവിടെയും ശത്രു ജീവികൾ ധാരാളമുള്ളത് കാര്യമായ വർദ്ധനവിന് ഇടയാക്കില്ലെന്നാണ് നിഗമനം. ചാലക്കുടിപ്പുഴയിലെ മത്സ്യക്കലവറയാണ് ചീങ്കണ്ണികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകം. പുഴയെ ഭയപ്പെടുത്ത ചീങ്കണ്ണികൾ പക്ഷെ, ഇതുവരെ ആളുകളെ നേരിട്ട് ആക്രമിച്ചതായി റിപ്പോർട്ടില്ല.

അരനൂറ്റാണ്ട് മുമ്പും സാമീപ്യം

ചാലക്കുടിപ്പുഴ തുടക്കം കുറിക്കുന്ന പറമ്പിക്കുളം മേഖലയിലെ മുതവാരച്ചാൽ ജല സ്രോതസിൽ അരനൂറ്റാണ്ട് മുമ്പും ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്. ശുദ്ധജലവും രുചിയേറിയ മത്സ്യങ്ങളും ഇവയുടെ അതിജീവനത്തിന് അനുകൂല ഘടകം. പെൺ ചീങ്കണ്ണികൾ 30 മുതൽ 40 വരെ മുട്ടകളിടും. ഇവയിൽ കൂടുതലെണ്ണവും ശത്രു ജീവികൾ ഭക്ഷിക്കും. ആയുസ് ശരാശരി 50 വയസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALI THUMMARUKUDI, CROCODILE, CHALAKKUDY RIVER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.