തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പുലിവാലിട്ടു. 'കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,'-എന്ന കുറിപ്പായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പോസ്റ്റിലുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്‌തിട്ടുണ്ട്. ആരെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്തതാണോയെന്നോ, അല്ലെങ്കിൽ അദ്ദേഹത്തിന് തന്നെ പറ്റിയ അബദ്ധമാണോയെന്നൊന്നും വ്യക്തമല്ല.
എന്നിരുന്നാലും മന്ത്രി വി ശിവൻകുട്ടി അടക്കം നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കാതെയാണ് ശിവൻകുട്ടിയുടെ ട്രോൾ. 'ഇപ്പോൾ കണ്ടത് "2018" സിനിമയാണ്...തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!' എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'ഇനി ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായെന്ന് പറയും', 'പുള്ളി ഇപ്പോളാ 2018 സിനിമ കണ്ടത്', 'ഇച്ചിരി എങ്കിലും ബോധം ഉണ്ടായിരുന്നെങ്കിൽ'തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മേയർ ആര്യാ രാജേന്ദ്രനും രാജീവ് ചന്ദ്രശേഖറിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒരു സിനിമ സീനിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ' ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ...ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ...'- എന്നാണ് മേയർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, വിവാദ പോസ്റ്റിനെപ്പറ്റി രാജീവ് ചന്ദ്രശേഖറോ, ബി ജെ പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖർ. ബി ജെ പി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലത്തിലൊന്നുകൂടിയാണിത്. ശശി തരൂരാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി. പന്ന്യൻ രവീന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |