SignIn
Kerala Kaumudi Online
Sunday, 23 June 2024 7.00 PM IST

സ്വപ്നം തന്ന പുഷ്പകാലം

k

മുക്കുറ്റി, തിരുതാളി, കറുക, കയ്യോന്നി... ഇളവെയിലേറ്റ് കല്ലമ്പലത്തെ കുടുംബവീടിനു പിന്നിലെ പറമ്പിലൂടെ നടക്കുമ്പോൾ സരസൻ ഓർത്തു: എന്തൊരു അദ്ഭുതമാണ് ഈ ലോകം! അപ്പോൾ മുത്തച്ഛൻ കേശവൻ അവന് പറഞ്ഞുകൊടുത്തു: 'ഔഷധഗുണമുള്ള പുഷ്പങ്ങൾ, തൊട്ടാൽ വേഗം വാടുന്ന ഇലകൾ... അവ ദശപുഷ്പങ്ങളാണ്." ഓരോന്നും തൊട്ടും തലോടിയും നടന്നുപോകുമ്പോൾ ആ പത്തുവയസുകാരന്റെ മനസിൽ ഒരു പൂങ്കാവനം പുഷ്പിച്ചു!

വ‌ർഷങ്ങൾ പിന്നിട്ടു. ഇന്ന് സരസൻ വിശ്വംഭരൻ എത്തിനിൽക്കുന്നത് ലണ്ടനിൽ നടക്കുന്ന ലോകത്തെ ഏറ്റവും പഴക്കമുള്ള പുഷ്പമേളയായി 'ദി ഗ്രേറ്റ് സ്‌പ്രിങ് ഷോ"യിൽ! അഗസ്ത്യമലയിൽ മാത്രമുള്ള അപൂർവ ഓർക്കിഡായ ഗോൾഡൻ പാഫ് അടക്കമുള്ള ചെടികളെക്കുറിച്ച് വിദേശികൾക്ക് പറഞ്ഞുകൊടുക്കുന്നത് റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിലെ റിസർച്ച് ലീഡർ ആയ സരസനാണ്. റോയൽ ഹോർട്ടിക്കൾച്ചർ സൊസൈറ്റി 112 വർഷമായി നടത്തുന്ന ഫ്ലവർ ഫെസ്റ്റിൽ ഒരു മലയാളി ഭാഗമാകുന്നത് ആദ്യം.

കൊതിക്കാതെ

കിട്ടിയ പൂക്കാലം

ചെടികളോട് ചെറുപ്പത്തിലേ കൂട്ടുകൂടിയെങ്കിലും ഒരിക്കൽപ്പോലും കർമ്മമേഖല അതുമായി ബന്ധപ്പെട്ടതാകുമെന്ന് സരസൻ കരുതിയതേയില്ല. എം.ബി.എ പൂർത്തിയാക്കി ബിസിനസുകാരൻ ആകാനായിരുന്നു മോഹം. പ്രിഡിഗ്രിക്ക് മാർക്ക് കുറഞ്ഞത് സരസന് അനുഗ്രഹമായി. ബയോളജിക്കു മാത്രം നല്ല മാർക്ക്! അങ്ങനെ ബോട്ടണിയിലേയ്ക്കുള്ള വഴി തുറന്നു. വർക്കല എസ്.എൻ.കോളേജിൽ ഡിഗ്രീ ബോട്ടണിക്ക് ചേർന്നു. കണ്ടുവളർന്ന ചെടികളുടെ ശാസ്ത്രീയനാമം പഠിച്ചപ്പോൾ കൗതുകം തോന്നി. നീണ്ട ഇലകൾക്കും വിടർന്ന പൂവിതളുകൾക്കും പിന്നിലെ കാരണങ്ങൾ മനസിലാക്കി. പിന്നെ കൊല്ലം എസ്.എൻ. കോളേജിൽ ബോട്ടണി എം.എസ്‌സിക്ക്. സുഗന്ധവ്യഞ്ജനങ്ങളുടെ ടിഷ്യൂ കൾച്ചറിനെപ്പറ്റി കാര്യവട്ടം ക്യാമ്പസിൽ ഗവേഷണം. 1993-ലായിരുന്നു യു.കെ യാത്ര.

പുല്ലൂർമുക്ക് എൽ.പി.എസിലും നാവായിക്കുളം ഹൈസ്കൂളിലും മലയാളം മീഡിയത്തിൽ പഠിച്ച സരസന് യു.കെയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ലണ്ടനിൽ ഗവേഷണത്തിന് എത്തിയപ്പോൾ ഒരുപാട് ആശങ്കകളുണ്ടായിരുന്നു. നാടിന്റെ പച്ചപ്പും ഹരിതാഭയും വിട്ട് മറ്റൊരു ഭൂപ്രകൃതിയിലേക്കുള്ള പറിച്ചുനടൽ ആദ്യം വേദനയുണ്ടാക്കി. എന്നാൽ, കാലാവസ്ഥയ്ക്കും മണ്ണിന്റെ ഘടയ്ക്കും അനുസൃതമായ മാറ്റങ്ങളാണ് ഓരോ ദേശത്തും ചെടികളെ വ്യത്യസ്തമാക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ യു.കെയിലെ മണ്ണിലൂടെ നാടിന്റെ ഓർമ്മകൾ സരസൻ വീണ്ടെടുത്തു. ഇക്കാലത്താണ് ലോകപ്രശസ്ത റോസ് ബ്രീഡറായ ഡേവിഡ് ഓസ്റ്റിനെ പരിചയപ്പെടുന്നത്.ഗുണമേന്മ വർദ്ധിപ്പിച്ച്, ബ്ലാക്ക് സ്പോട്ട് രോഗം ഇല്ലാത്ത റോസുകൾ വളർത്തുന്ന പ്രോജക്ടിന് ഓസ്റ്റിനുമൊത്ത് പ്രവർത്തിച്ചത് വഴിത്തിരിവായി. യു.കെ സർക്കാർ ഫണ്ട് ചെയ്ത പ്രോജക്ടായിരുന്നു അത്.

ചെടികളുടെ

രാജകുമാരൻ

1999- ൽ യു.കെയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിൽ റിസർച്ച് സയന്റിസ്റ്റായി. ആറുവർഷം കഴിഞ്ഞപ്പോൾ കൺസർവേഷൻ ബയോടെക്നോളജി വിഭാഗത്തിന്റെ മേധാവി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് സരസൻ. നാട്ടിൽ വരുമ്പോഴൊക്കെ പഠിച്ചതിൽ എന്തെങ്കിലും പ്രാവർത്തികമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ മുൻ ഡയറക്ടർ പ്രകാശ് കുമാറിനോട് സംസാരിക്കുന്നതിനിടെയാണ് ഓർക്കിഡ് സംരക്ഷണവുമായി ബന്ധപ്പെട്ടൊരു പ്രോജക്ടിന്റെ ആശയം മനസിലുദിക്കുന്നത്.

ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എസ്.പ്രദീപ്കുമാർ പിന്തുണയേകി. വനത്തിലെ ഓർക്കിഡുകൾ നാട്ടിൽ നട്ട് നഗരവാസികൾക്ക് ഹരിതാഭ തിരിച്ചുനൽകുന്ന പ്രോജക്ട് കനകക്കുന്നിലടക്കം വിജയകരമായി ചെയ്തു. യു.കെ എസെക്സിലെ താമസസ്ഥലത്തും ചെറിയ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചെടികളിലൂടെ ചെറുപ്പത്തിലേക്ക് തിരിച്ചുപോയി കല്ലമ്പലത്തെ പറമ്പിന്റെയും നാട്ടുപൂക്കളുടെയും ഓർമ്മകൾ അയവിറക്കുകയാണ് സരസൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SARASAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.