SignIn
Kerala Kaumudi Online
Saturday, 17 August 2024 4.09 PM IST

ലൂപസ്: കരുതൽ വേണ്ടുന്ന രോഗം

loops

അപൂർവമാണ് ലൂപസ് രോഗമെന്ന് പൊതുവെ വിളിക്കുന്ന എസ്.എൽ.ഇ അഥവാ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റസസ് രോഗം (Systemic Lupus Erythematosus)​. രോഗം. അതേസമയം,​ സ്ത്രീകളിൽ അധിക സാദ്ധ്യതയുള്ള ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുകയും വേണം. ലൂപസ് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി നമ്മുടെ തന്നെ കോശങ്ങളെ നശിപ്പിക്കുന്ന വിചിത്ര പ്രിതിഭാസമാണ് ഓട്ടോഇമ്മ്യൂണിറ്റി.

പുറത്തു നിന്നുള്ള അണുക്കൾ (വൈറസ്, ബാക്ടീരിയ തുടങ്ങിയവ) ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രതിരോധശേഷി ഇവയ്ക്കെതിരായ ആന്റിബോഡികൾ ശരീരത്തിൽ സൃഷ്ടിച്ച് അവയെ നശിപ്പിക്കുന്നതാണ് സ്വാഭാവിക പ്രവർത്തനം. എന്നാൽ ഓട്ടോഇമ്മ്യൂണിറ്റിയിൽ,​ പ്രതിരോധവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന തകരാറുകൾ കാരണം നമ്മുടെ തന്നെ കോശങ്ങൾക്ക് എതിരെയുള്ള ഓട്ടോ ആന്റിബോഡികൾ രൂപപ്പെടുന്നതിനും,​ അത് ത്വക്ക്, സന്ധികൾ, വൃക്ക, ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുന്നതിനും കാരണമാകുന്നു!

കൂടുതലായും സ്ത്രീകളെ ബാധിക്കുന്ന രോഗം,​ അവരിൽത്തന്നെ 15- 44 വയസ് വരെ പ്രായമുള്ളവരിലാണ് അധികം കണ്ടുവരുന്നത്. അതേസമയം,​ കുട്ടികളെയും പുരുഷന്മാരെയും ഇത് ബാധിച്ചുകൂടെന്നില്ല. ഒന്നിലേറെ അവയവങ്ങളെ ബാധിക്കുമെങ്കിലും എല്ലാ രോഗികളിലും എല്ലാ അവയവങ്ങളെയും ബാധിക്കണമെന്ന് നിർബന്ധമില്ല. രോഗലക്ഷണങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തവുമായിരിക്കുകയും ചെയ്യും.

തുടക്കത്തിൽ ത്വക്ക്, സന്ധികൾ എന്നീ അവയവങ്ങളെയാണ് സാധാരണയായി ലൂപസ് ബാധിക്കുന്നത്. അമിത ക്ഷീണം, വിട്ടുമാറാത്ത പനി, വിളർച്ച, സന്ധിവേദന, മുടികൊഴിച്ചിൽ, വായ്പ്പുണ്ണ്, സൂര്യപ്രകാശം കൊള്ളുമ്പോൾ ഉണ്ടാകുന്ന ചുവന്ന പാടുകൾ എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ. ഈ ഘട്ടത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ ഇത് ആന്തരിക അവയവങ്ങളായ വൃക്ക, ശ്വാസകോശം, മസ്തിഷ്‌കം തുടങ്ങിയവയെ ബാധിക്കും. രോഗിയുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യും.

വൃക്കയെ ബാധിക്കുമ്പോൾ മൂത്രത്തിലൂടെ പ്രോട്ടീൻ കൂടിയ അളവിൽ നഷ്ടമാകും. മസ്തിഷ്‌കത്തെ ബാധിക്കുമ്പോൾ അപസ്മാരവും, ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുമ്പോൾ ശ്വാസംമുട്ടലും അനുഭവപ്പെടാം. അതിനാൽ ആരംഭഘട്ടങ്ങളിൽ തന്നെ റൂമറ്റോളജിസ്റ്റിനെ കണ്ട് രോഗനിർണയം നടത്തുക എന്നത് പ്രധാനമാണ്. രോഗിയെ നേരിട്ടുകണ്ട് ലക്ഷണങ്ങൾ വിശകലനം ചെയ്യുന്ന ഡോക്ടർ ചില വിദഗ്ദ്ധ പരിശോധനകൾ നടത്തും. ANA അഥവാ Anti Nuclear Antibody പരിശോധനയാണ് രോഗനിർണയത്തിൽ പ്രധാനം. രോഗലക്ഷണമുള്ളവരിൽ ANA , DSDNA ടെസ്റ്റുകൾ പോസിറ്റീവ് ആയിരിക്കും. ശ്രദ്ധിക്കേണ്ടത്,​ ANA പോസിറ്റീവ് ആയ എല്ലാ രോഗികൾക്കും ലൂപസ് ഉണ്ടാകണമെന്നില്ല എന്നതാണ്. ലക്ഷണങ്ങളും രോഗവിവരങ്ങളും രക്ത പരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് രോഗം സ്ഥിരീകരിക്കുക.

ലൂപസ് രോഗചികിത്സയിൽ പ്രധാനമായി ഉപയോഗിക്കുന്നത് ഇമ്മ്യൂണോ മോഡുലേറ്ററി വിഭാഗത്തിലുള്ള മരുന്നുകളാണ് . മുൻകാലങ്ങളിൽ സ്റ്റിറോയിഡ് മരുന്നുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. രണ്ടു ദശാബ്ദങ്ങളായി റുമറ്റോളജി വൈദ്യശാഖയിലുണ്ടായ പുരോഗതിയിലൂടെ സ്റ്റിറോയിഡ് ഉപയോഗം വളരെയധികം കുറഞ്ഞിട്ടുണ്ട്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ, അസോതയോപ്രിൻ, എം.എം.എഫ് റ്റാക്രോലിമസ് തുടങ്ങി വിവിധതരം മരുന്നുകളാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. Rituximab, Belimumab പോലുള്ള ബയോളജിക്കൽ മരുന്നുകളും വളരെ ഫലപ്രദമായി കണ്ടുവരുന്നു.


രോഗതീവ്രത,​ ഏതെല്ലാം അവയവങ്ങളെ ബാധിച്ചിരിക്കുന്നു എന്നിവയനുസരിച്ചാകും ഓരോ രോഗിയിലും മരുന്നുകൾ തിരഞ്ഞെടുക്കുന്നത്. ആരംഭഘട്ടത്തിൽത്തന്നെ കണ്ടുപിടിച്ചാൽ സ്റ്റിറോയിഡ് ഇല്ലാതെ തന്നെ ചികിത്സ സാദ്ധ്യമാകും.
സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് കിരണങ്ങൾ രോഗമൂർച്ഛയ്ക്ക് കാരണമാകാം, അതിനാൽ ലൂപസ് രോഗികൾ കഴിവതും സൂര്യപ്രകാശത്തിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കുക. SPF 40-നു മുകളിലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് നന്നായിരിക്കും.

ലൂപസ് രോഗമുള്ള സ്ത്രീകൾക്ക് സാധാരണ സ്ത്രീകളെപ്പോലെ ഗർഭധാരണം സാദ്ധ്യമാണ്. എന്നാൽ ഇവർ ഗർഭധാരണത്തിനു മുമ്പ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില രക്തപരിശോധനകൾ നടത്തേണ്ടതുണ്ട്. കഴിക്കുന്ന മരുന്നുകളിൽ ചിലത് മാറ്റേണ്ടതായും വരാം (ഗർഭിണിയായിരിക്കെ എല്ലാ മരുന്നുകളും കഴിക്കാൻ പറ്റണമെന്നില്ല). രോഗതീവ്രത കുറഞ്ഞിരിക്കുമ്പോൾ ഗർഭധാരണം നടത്തുന്നത് ലൂപസ് രോഗമൂർച്ഛ തടയുന്നതിനും സങ്കീർണതകൾ കുറയ്ക്കുന്നതിനും സഹായിക്കും. നൂതന ഗവേഷണങ്ങളുടെ ഫലമായ CAR– T cell തെറാപ്പി ലൂപസ് രോഗികളിൽ പുതിയ പ്രതീക്ഷകൾ നൽകുന്നവയാണ്. ഈ ചികിത്സ ഫലപ്രദമായി വന്നാൽ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയിൽ ഉണ്ടാവുന്ന തകരാറുകൾ തടയാനാകും. അതുവഴി ലൂപസ് രോഗത്തെ കീഴ്‌പ്പെടുത്താനും കഴിയും.

(മെഡിക്കൽ ഡയറക്ടർ,​ കെയർ ഹോസ്‌പിറ്റൽ,​ സെന്റർ ഫോർ ആർത്രൈറ്റി​സ് ആൻഡ് റൂമാറ്റി​സം,​ കൊച്ചി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.