മുംബയ്: മഹാരാഷ്ട്രയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യയെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല അമിത്. ഭാര്യ റിദ്ദി ഖാന്‍വില്‍ക്കറിനെ അമിത് തിരിച്ചറിഞ്ഞതാകട്ടെ വിവാഹ മോതിരവും താലിയും നോക്കിയാണ്. ഡോംബിവലിയിലെ കെമിക്കല്‍ സ്‌ഫോടനത്തില്‍ മരിച്ച 11 പേരില്‍ ഒരാളാണ് അമിത്തിന്റെ ഭാര്യ റിദ്ദി. മേയ് 23ന് ഉച്ചയ്ക്ക് നടന്ന അപകടത്തില്‍ 11 പേര്‍ മരിക്കുകയും 60ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവം നടക്കുന്ന ദിവസം മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരനായ അമിത് അവധിയിലായിരുന്നു. ഉച്ചയ്ക്ക് വീട്ടിലിരിക്കുമ്പോള്‍ സ്‌ഫോടനത്തിന്റെ ചെറിയ ശബ്ദം കേട്ടിരുന്നു. പിന്നീടാണ് അത് തന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്‌ഫോടനമാണെന്ന് അമിത് അറിയുന്നത്. അയല്‍വാസികളാണ് ഇക്കാര്യം അമിത്തിനോട് പറഞ്ഞത്. വിവരം അറിഞ്ഞ ഉടനെ തന്നെ ഭാര്യക്ക് അപകടം പറ്റിയില്ലെന്ന് ഉറപ്പിക്കാന്‍ മൊബൈലില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതോടെ ആശങ്ക വര്‍ദ്ധിക്കുകയും ചെയ്തു. ഭാര്യ എവിടെയാണെന്ന് ആശങ്കപ്പെട്ട അമിത് സുഹൃത്തുക്കളെ വിവരമറിയിക്കുകയും കെമിക്കല്‍ ഫാക്ടറിയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുകയും ചെയ്തു. അമിത്തും സുഹൃത്തുക്കളും റിദ്ദിയുടെ ഫോട്ടോകള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ആശുപത്രി നെറ്റ്വര്‍ക്കുകളിലും പ്രചരിപ്പിച്ചു. ഇതിനിടെയാണ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അതില്‍ രണ്ടെണ്ണം സ്ത്രീകളുടേതാണെന്നും ആശുപത്രിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചത്.
മൃതദേഹങ്ങള്‍ ശാസ്ത്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഉടനെ അവിടേക്കെത്തിയ അമിത് രണ്ട് സ്ത്രീകളുടെ മൃതദേഹത്തില്‍ ഒന്ന് തന്റെ ഭാര്യയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവാഹമോതിരവും താലിയും തിരിച്ചറിഞ്ഞ അമിത് പൊട്ടിക്കരഞ്ഞപ്പോഴാണ് അത് അയാളുടെ ഭാര്യയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ക്ക് മനസ്സിലായത്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |