SignIn
Kerala Kaumudi Online
Monday, 17 June 2024 9.05 PM IST

മാഷിന്റെ വെറും മോഹം; ഒരു ദൈവദൂതനും!

virudharar

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് നമ്മൾ വിളിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടിവിടെ ഇതുവരെ അത് നടപ്പിലായോ?വിപ്ളവം വന്നോ? ചോദ്യം പത്രക്കാരോടാണ്. ചോദ്യകർത്താവ് സി.പി.എമ്മിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന സൈദ്ധാന്തികന്മാരിൽ പ്രമുഖനായ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷും! വിഷയം, കണ്ണൂർ പാനൂരിൽ 2015-ൽ ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട രണ്ട് സഖാക്കളുടെ സ്മാരകമായി നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം.

ഉദ്ഘാടകനായി പാർട്ടി നിശ്ചയിച്ച്, പേരുവച്ച് നോട്ടീസ് വരെ ഇറക്കിയിട്ടും ഗോവിന്ദൻ മാഷ് അവസാന നിമിഷം പിന്മാറി! അത് രക്തസാക്ഷികളോടുള്ള അനാദരവു കൊണ്ടാവില്ല. ഒന്നുകിൽ, രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം ഇനിയും നടക്കാത്തതിലുള്ള നിരാശ. അല്ലെങ്കിൽ, 'ബോംബ് പാർട്ടി" എന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങളിൽ നിന്ന് തലയൂരാൻ. ഇന്നലെങ്കിൽ നാളെ അത് സംഭവിക്കുമായിരിക്കും. മാഷ് ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. 'ബലികുടീരങ്ങളേ, സ്മരണകളിരമ്പും രണസ്മാരകങ്ങളേ...." എന്ന കെ.പി.എ.സി നാടകഗാനം കേട്ട് തത്കാലം വിപ്ലവവീര്യം ഉൾക്കൊള്ളാം.

ആനയ്ക്ക് ബുദ്ധി പിന്നീടേ ഉദിക്കൂ എന്ന് പറയുന്നതുപോലെ സി.പി.എം ആദ്യം തെറ്റു ചെയ്യും; വൈകി വിവേകം ഉദിക്കുമ്പോൾ തിരുത്തും എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പതിവ് പരിഹാസം. 1948-ൽ കൽക്കട്ടയിൽ നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ ദേശീയ സെക്രട്ടറി ബി.ടി. രണദിവെ അവതരിപ്പിച്ച പ്രമേയമാണല്ലോ കൽക്കട്ട തീസിസ്. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സാമ്രാജ്യത്വത്തിന്റെ ഏജന്റാണെന്നും, അതിനെ താഴെയിറക്കി സായുധ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുമെന്നുമായിരുന്നു അതിന്റെ കാതൽ. കിരാതമായ പൊലീസ് വേട്ടകളാണ് അന്ന് അതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ നേരിട്ടത്. ജനങ്ങൾക്കിടയിൽ പാർട്ടി ഒറ്റപ്പെട്ടു.

ഇന്ത്യയിലെ സ്ഥിതി സായുധവിപ്ലവത്തിന് അനുയോജ്യമല്ലെന്നും, തൊഴിലാളികളെയും കർഷകരെയും മറ്റും അണിനിരത്തി ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരം പിടിക്കണമെന്നുമുള്ള പ്രായോഗിക ബുദ്ധി പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞ് നേതാക്കൾക്ക് ഉദിച്ചത്,​ പഴയ സോവിയറ്റ് യൂണിയനിലെ ഭരണാധികാരി സ്റ്റാലിനും മറ്റും ചെവിക്കു പിടിച്ചപ്പോഴാണ്. അന്നത്തെ സായുധ വിപ്ലവത്തിന്റെ മധുര മനോജ്ഞ സ്വപ്നങ്ങൾ പേറി ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാ‌‌ർ കേരളത്തിൽ ഇന്നുമുണ്ടെന്നാണ് കേൾവി. പച്ചവെള്ളം ചവച്ചുകുടിക്കുന്ന പരമസാധുവായ ഗോവിന്ദൻ മാഷ് ആ ഗണത്തിൽപ്പെടില്ല. എങ്കിലും, ഒ.എൻ.വി കവിത പോലെ, 'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും... വെറുതെ മോഹിക്കുവാൻ മോഹം...!"

പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ പാനൂരിൽ കഴിഞ്ഞ മാസം ബോംബ് സ്ഫോടനത്തിൽ മരിച്ച സഖാവിന് സമാരകം പണിയുന്നില്ലേ എന്നാണ് പാർട്ടി ശത്രുക്കളുടെ മുനവച്ചുള്ള ചോദ്യം. അതിനുള്ള മറുപടി ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നൽകിക്കഴിഞ്ഞു. അന്ന് രണ്ടു സഖാക്കൾ കൊല്ലപ്പെട്ടത് പ്രസ്ഥാനത്തിന്റെ എതിരാളികളെ നേരിടാനുള്ള ധീരമായ ചെറുത്തുനിൽപ്പിനിടെ. ഇപ്പോഴത്തെ കേസിലെ പ്രതികൾ പാർട്ടിയിൽ നിന്ന് നേരത്തേ പുറത്താക്കപ്പെട്ടവർ. അന്നു കൊല്ലപ്പെട്ടവർക്ക് പാർട്ടിയുമായി ബന്ധമില്ലന്ന് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞിരുന്നല്ലോ എന്നു ചോദിച്ചാൽ, സത്യം തിരിച്ചറിയാൻ വൈകിയെന്ന് ഉത്തരം. തെറ്റുപറ്റിയെന്നറിഞ്ഞാൽ തിരുത്തണ്ടേ?​

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകർക്കു വേണ്ടിയും കണ്ണൂരിൽ സ്മാരകം നിർമ്മിച്ചിട്ടുണ്ടല്ലോ എന്നാണ് സഖാവ് ഇ.പി. ജയരാജന്റെ മറുചോദ്യം.'ഇടതില്ലെങ്കിൽ ഇന്ത്യയില്ല" എന്ന ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം പോലെ, 'ബോംബില്ലെങ്കിൽ കണ്ണൂരിലെ സി.പി.എം ഇല്ല" എന്ന് പ്രതിപക്ഷ നേതാവ്

വി.ഡി. സതീശന്റെ പരിഹാസം. കണ്ണൂരിൽ ബോംബ് കണ്ടുപിടിച്ച കെ. സുധാകരന്റെ പാർട്ടിക്കാർ തന്നെ ഇതു പറയണമെന്ന് ഇ.പി!

 

കലികാലം വരുമ്പോൾ കൂട്ടത്തോടെ. പ്രസേനനെ കൊലപ്പെടുത്തി സ്യമന്തക മണി മോഷ്ടിച്ചെന്ന ആരോപണത്തിന് ഭഗവാൻ സാക്ഷാൽ ശ്രീക‌ൃഷ്ണൻ പോലും വിധേയനായില്ലേ?പിന്നെയാണോ കമ്പക്കുടി സുധാകരനെന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ! ജാംബവാന്റെ കൈയിൽ നിന്ന് സ്യമന്തക മണിയും, കാട്ടിൽ വച്ച് സിംഹം കൊന്ന പ്രസേനന്റെ മൃതദേഹവും കണ്ടെടുത്ത ശേഷമാണ് ശ്രീകൃഷ്ണൻ തന്റെ നിരപരാധിത്വം തെളിയിച്ചത്. അത്രയൊന്നും സാഹസം വേണ്ടിവന്നില്ലെങ്കിലും സുധാകരനെ ഒടുവിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി ശാപമോക്ഷം നൽകി,​ നീണ്ട 29 വർഷത്തിനുശേഷം.

1995-ൽ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം ട്രെയിൻ മാർഗം കേരളത്തിലേക്കു വരുമ്പോഴാണ് ആന്ധ്രയിലെ നെല്ലൂരിൽ വച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജന് വെടിയേറ്റത്. തന്നെ കൊല്ലാൻ ശട്ടം കെട്ടിയത് കെ. സുധാകരൻ

തന്നയാണെന്നാണ് അന്നും ഇന്നും ഇ.പിയുടെ ഉറച്ച വിശ്വാസം. പക്ഷേ, കോടതിക്കു വേണ്ടത് തെളിവുകളല്ലേ?​ ഒടുവിൽ സത്യം ജയിച്ചെന്ന് കെ. സുധാകരൻ. ഇനി സുപ്രീംകോടതിയിൽ കാണാമെന്ന് ഇ.പി. അന്ന് രണ്ടു വെടിയുണ്ട തോളിൽ വഹിച്ച ഇ.പി, പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. താനല്ല, പിണറായിയായിരുന്നു സുധാകരന്റെ ഉന്നമെന്ന് ഇ.പി പറയുന്നു. പിന്നാലെ, കമ്പക്കുടിക്ക് വീണ്ടും കേസ് നടത്താൻ കോൺഗ്രസിന്റെ പിന്തുണ. കഥ തുടരും...

 

സംഭവാമി യുഗേ യുഗേ! ഭൂമിയിൽ ധർമ്മത്തിന് ഗ്ളാനി നേരിടുമ്പോഴെല്ലാം ധർമ്മസംസ്ഥാപനത്തിന് താൻ ഓരോരോ വേഷത്തിൽ അവതരിക്കാറുണ്ടെന്നാണ് ഭഗവദ്ഗീതയിൽ ശ്രീകൃഷണൻ പറയുന്നത്. ഭൂമിയിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ദൈവമാണ് തന്നെ അയച്ചതെന്ന് സ്വയം അവകാശപ്പെടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയരുടെ ഭാഗ്യം! കുട്ടിക്കാലത്ത്,​ താൻ സാധാരണക്കാരെപ്പോലെ ആയിരുന്നുവെന്നും, മുതിർന്ന ശേഷമാണ് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന് മനസിലായതെന്നും മോദി. തന്റെ എല്ലാ പ്രവ‌ൃത്തികൾക്കും കഴിവും ഊർജ്ജവും പകരുന്നത് ദൈവമാണെന്നും! ഭഗവാന്റെ ദശാവതാരത്തിലെ കൽക്കിക്കു ശേഷം പതിനൊന്നാമത്തെ അവതാരം!

പക്ഷേ, മോദിയെ ദൈവത്തിന്റെ പ്രതിപുരുഷനായി കാണാൻ എന്തുകൊണ്ടോ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. അതിനുള്ള 'ദിവ്യദൃഷ്ടി" ഇല്ലാത്തതാവാം കാരണം. മോദിക്കു പകരം ഏതെങ്കിലും സാധാരണക്കാരനാണ് ഇതു പറഞ്ഞിരുന്നതെങ്കിൽ അയാളെ ജനം പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമായിരുന്നുവെന്നാണ് രാഹുലിന്റെ പരിഹാസം. അദാനിയേയും അംബാനിയേയും പോലുള്ള സമ്പന്നരെ മാത്രമാണോ ദൈവദൂതൻ

സഹായിക്കുന്നതെന്നും, രാജ്യത്തെ പാവങ്ങളെ കാണുന്നില്ലേയെന്നും രാഹുലിന്റെ ചോദ്യം. മോദി അമാനുഷനാണെങ്കിൽ എങ്ങനെ വോട്ടർപ്പട്ടികയിൽ പേരു ചേർത്തെന്നും, എങ്ങനെ സ്ഥാനാർത്ഥിയായെന്നുമാണ് ശശി തരൂരിന്റെ സംശയം.

നുറുങ്ങ്:

 കേരളത്തിൽ ഇല്ലാത്ത പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.

# മന്ത്രി ശിവൻകുട്ടി പറഞ്ഞതുപോലെ രാജീവ്ജീ,​ '2018" സിനിമയാണോ പ്രതി? അതോ, കൂടെയുള്ള ആരെങ്കിലും പണി വച്ചതോ?

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRUDHAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.