SignIn
Kerala Kaumudi Online
Wednesday, 19 June 2024 1.59 PM IST

ഇന്ന് ലോക വിശപ്പ് ദിനം; സാദ്ധ്യമാണ്, വിശപ്പില്ലാത്ത ലോകം

hunger

ലോകം എത്രയോ വേഗത്തിലാണ്‌ മാറിക്കൊണ്ടിരിക്കുന്നത്‌! പുരോഗതിയുടെ കണ്ണഞ്ചിക്കുന്ന ചിത്രങ്ങളാണ് എവിടെയും. ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ മനുഷ്യൻ അദ്ഭുതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയും കടന്ന്‌ അന്യഗ്രഹങ്ങളിലേക്കു ചേക്കേറാൻ പറ്റുമോ എന്ന പരിശ്രമത്തിലാണ്‌ മനുഷ്യർ. സർവവും കീഴടക്കാൻ കഴിയുമെന്ന്‌ അവകാശപ്പെടുന്ന മനുഷ്യന്‌ എന്തുകൊണ്ട്‌ സഹജീവികളുടെ പട്ടിണി മാറ്റാൻ കഴിയുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്‌.

ലോക ജനസംഖ്യ 811 കോടിയിൽ എത്തിനില്ക്കുന്നു. അതിന്റെ പത്തു ശതമാനം (ഏതാണ്ട്‌ 82 കോടി പേർ) വിശപ്പ്‌ അനുഭവിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്. പട്ടിണിക്കാരിൽ 35 കോടിയോളം പേർ കടുത്ത വിശപ്പ്‌ അനുഭവിക്കുന്നവരാണെന്നത് നമ്മുടെ എല്ലാ പുരോഗതിക്കും അവകാശവാദങ്ങൾക്കും മേൽ കരിനിഴൽ വീഴ്‌ത്തുന്നു. പട്ടിണി അകറ്റാൻ നമുക്ക്‌ കഴിവില്ലാഞ്ഞിട്ടാണോ? മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഭക്ഷിക്കാനുള്ളത്‌ നമ്മൾ ഉത്പാദിപ്പിക്കുന്നുണ്ട്‌. എന്നിട്ടും നമ്മളിൽ പത്തു ശതമാനമോ അതിലധികമോ പേർ വിശന്ന വയറുമായി കിടന്നുറങ്ങുന്നു. ഇതിലും അപമാനകരമായി മറ്റെന്തെങ്കിലുമുണ്ടോ?​

പാഴാക്കരുത്,

ഭക്ഷണം

ഉയർന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ അളവ് നാല്പതു ശതമാനത്തിലധികം വരും! കാരണം, തങ്ങൾക്കു ഭക്ഷിക്കാനുള്ളതിന്റെയോ,​ ഭക്ഷിക്കാൻ കഴിയുന്നതിന്റെയോ ഇരട്ടിയോളമാണ്‌ മനുഷ്യർ ഉത്പാദിപ്പിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത്‌ അവസാനിപ്പിച്ചാൽത്തന്നെ പട്ടണി ലഘൂകരിക്കാൻ കഴിയുമെന്നാണ്‌ ഇത് വ്യക്തമാക്കുന്നത്‌. സഹജീവി സ്‌നേഹം എന്നത്‌ പ്രവൃത്തിയിലേക്കു വന്നാൽത്തന്നെ ഭക്ഷണം പാഴായിപ്പോകുന്നത്‌ തടയാൻ കഴിയും. വിവാഹം, സത്കാരങ്ങൾ,​ മറ്റ് ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ഭക്ഷണം വലിയതോതിൽ പാഴാകുന്നത്‌ ഇവിടെയും കാണാം.


ലോകത്ത്‌ സമാധാനം പുലർന്നാലേ മനുഷ്യർക്ക് പട്ടിണിയില്ലാതെ ജീവിക്കാൻ കഴിയൂ. ഏതുകാലത്തും ഏറ്റവും അധികം ജനങ്ങൾ പട്ടിണി അനുഭവിച്ചിട്ടുള്ളത്‌ സംഘർഷ മേഖലകളിലാണ്‌. ബോംബുകൾക്കും തോക്കുകൾക്കുമിടയിൽ ജീവിക്കുന്നവർക്ക്‌ ഭക്ഷണം കിട്ടാനുള്ള പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. സംഘർഷ മേഖലകളിൽ ഭക്ഷണമെത്തിക്കുന്നത്‌ യു.എൻ ഏജൻസികളാണ്‌. പലപ്പോഴും അതുപോലും അസാദ്ധ്യമാകുന്നു. 2012-ലാണ്‌ ഐക്യരാഷ്‌ട്ര സംഘടന പട്ടിണിരഹിത ലോകം (സീറോ ഹംഗർ വേൾഡ്) എന്ന പരിപാടിക്ക്‌ തുടക്കം കുറിച്ചത്‌.

പട്ടിണിയുടെ

പിന്നാമ്പുറം

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലെ തകിടംമറിച്ചിലുകളും മനുഷ്യരെ പെട്ടെന്ന്‌ പട്ടിണിയിലേക്കു തള്ളിവിടും. വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്‌, ഭൂകമ്പം എന്നിവ സംഭവിക്കുമ്പോൾ വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകരുകയും ചെയ്യുന്നു. ഇത്തരം ദുരന്തങ്ങൾ നമുക്ക്‌ തീർത്തും ഒഴിവാക്കാനാവില്ല. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന്‌ രാജ്യങ്ങൾക്കു മാത്രമല്ല, ഓരോ കുടുംബത്തിനും സ്വന്തം പങ്ക് നിർവഹിക്കാൻ കഴിയും.

പട്ടിണിയുടെ കാരണം അന്വേഷിച്ചാൽ ദാരിദ്ര്യം, അസമത്വം എന്നീ ഉത്തരങ്ങൾ കിട്ടും. നമ്മൾ ആർജ്ജിക്കുന്ന വിഭവങ്ങളിൽ ഒരു പങ്ക്‌ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനുള്ള സന്മനസ്സുണ്ടായാൽ വിശപ്പ്‌ എന്ന ആഗോള പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. പട്ടിണിയുടെ കണക്ക്‌ ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നിലയില്ല. ആഗോള പട്ടിണി സൂചിക പ്രകാരം 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111-ാമതാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ഫുഡ്‌ ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് 22 കോടിയോളം ജനങ്ങൾ പോഷകാഹാരക്കുറവ്‌ നേരിടുന്നവരാണ്‌. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 22.3 ശതമാനം കുട്ടികൾക്ക്‌ പ്രായത്തിനനുസരിച്ച്‌ പൊക്കമില്ല. 6.8 ശതമാനം കുട്ടികൾ തൂക്കക്കുറവ്‌ നേരിടുന്നു. പോഷകാഹാരക്കുറവാണ് ഇതിനെല്ലാം കാരണം. ആവശ്യത്തിന്‌ പോഷകമുള്ള ഭക്ഷണം കിട്ടാത്തതും ഇന്നത്തെ നിർവചനപ്രകാരം പട്ടിണി തന്നെ.

സർവ മേഖലകളിലും വലിയ പുരോഗതി നേടിയ ഇന്ത്യയ്ക്ക് എന്തുകൊണ്ടാണ്‌ പട്ടിണി അകറ്റാൻ കഴിയാത്തത്‌?​ 1960-കളിലെ ഹരിത വിപ്ലവത്തിലൂടെ കാർഷികോത്പാദനത്തിൽ രാജ്യം വലിയ കുതിച്ചുചാട്ടമാണ്‌ നടത്തിയത്‌. നവീന സാങ്കേതിക വിദ്യ, മെച്ചപ്പെട്ട ജലസേചനം, കൂടുതൽ വിളവു തരുന്ന വിത്തുകൾ, നല്ല വളം എന്നിവ ഉപയോഗിച്ചപ്പോൾ ഉത്പാദനം വലിയ തോതിൽ ഉയർന്നു. കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. എന്നിട്ടും പട്ടിണി നിലനിൽക്കുന്നു എന്ന പ്രശ്‌നം നമ്മൾ നേരിടുന്നു!

ഉത്പാദനവും

ആവശ്യവും


ജനസംഖ്യാ വർദ്ധനവും ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഉയർച്ചയും ഭക്ഷ്യവസ്‌തുക്കളുടെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്‌. ഗുണനിലവാരമുള്ളതും കൂടുതൽ പോഷകമുള്ളതുമായ ഭക്ഷണത്തിന്റെ ആവശ്യവും കൂടി. ഇതിനനുസരിച്ച്‌ ഉത്പാദനം വർദ്ധിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിലൊരു വിരോധാഭാസമുണ്ട്‌. കൃഷിക്ക്‌ ഉപയുക്തമായ ഭൂമിയുടെ വിസ്‌തൃതികൊണ്ട്‌ അനുഗൃഹീതമാണ് നമ്മുടെ രാജ്യം. എല്ലാ തരം കാലാവസ്ഥയും ഇന്ത്യയിലുണ്ട്‌. രാജ്യത്തിന്റെ ഒരുഭാഗത്തല്ലെങ്കിൽ മറ്റൊരു ഭാഗത്ത്‌ ഏത് ഇനം കൃഷിയും ചെയ്യാം. വൈവിദ്ധ്യമാർന്ന കാർഷികോത്പന്നങ്ങൾക്കുള്ള മണ്ണും മഴയും ചൂടും തണുപ്പുമെല്ലാം ഇവിടെയുണ്ട്‌. അരി, ഗോതമ്പ്‌, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, കരിമ്പ്‌, പരുത്തി എന്നിവയുടെ ഉത്പാദനത്തിൽ നമുക്ക്‌ രണ്ടാം സ്ഥാനമുണ്ട്‌. പയർവർഗങ്ങളുടെയും സുഗന്ധവിളകളുടെയും കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നമ്മളാണ്.

ഭൂമി തുണ്ടുതുണ്ടായി കിടക്കുന്നതുകൊണ്ട്‌ കൃഷി അത്ര ആദായകരമല്ലെന്നതാണ് നമ്മൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കാർഷിക മേഖലയിൽ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും നമ്മൾ പിറകിലാണ്‌. ഇതൊക്കെക്കൊണ്ട് ഉത്പാദനക്ഷമത കുറഞ്ഞുനിൽക്കുന്നു. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ല. കാലാവസ്ഥയെ ആശ്രയിച്ചാണ്‌ ഇപ്പോഴും കൃഷി മുന്നോട്ടു പോകുന്നത്‌. വിപണനം, വിതരണം മുതലായ കാര്യങ്ങളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. ഇതൊക്കെ പരിഹരിക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ ശക്തി ഇന്ത്യയ്ക്കുണ്ട്‌. നയപരമായ ഉറച്ച തീരുമാനമുണ്ടെങ്കിൽ എല്ലാം നടക്കും. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി വിപുലമായ രീതിയിൽ,​ നിയമപരമായ പിൻബലത്തോടെ എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ?​

ഹംഗർ ഫ്രീ

വേൾഡ്


ആരും വിശപ്പു സഹിച്ച്‌ കിടന്നുറങ്ങരുത്‌ എന്ന ചിന്തയിൽനിന്നാണ്‌ ‘ഹംഗർ ഫ്രീ വേൾഡ്‌’ എന്ന പദ്ധതി,​ ഒരു ബിസിനസ് സ്ഥാപനം എന്ന നിലയിൽ മലബാർ ഗ്രൂപ്പ് ആരംഭിച്ചത്. 2022-ൽ തുടക്കമിട്ട പദ്ധതിപ്രകാരം ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 37 നഗരങ്ങളിൽ ദിവസം 31,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്‌. ആധുനിക സൗകര്യമുള്ള അടുക്കള സജ്ജീകരിച്ച്‌ ഗുണനിലവാരവും പോഷകഗുണവുമുള്ള ഭക്ഷണമാണ്‌ വിതരണം ചെയ്യുന്നത്‌. സാമൂഹിക സേവന രംഗത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ‘തണൽ’ വഴിയാണ്‌ ഇതെല്ലാം,​ പ്രതിദിനം വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഒരു വർഷത്തിനകം ഇന്ത്യയിലും വിദേശത്തുമായി 51,000 ആയി വർദ്ധിപ്പിക്കും.

ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ സ്‌കൂൾ വിദ്യാർഥികൾക്ക്‌ സാംബിയൻ ഗവൺമെന്റിന്റെ സഹകരണത്തോടെഭക്ഷണപ്പൊതി വിതരണം ചെയ്യാനുള്ള പദ്ധതിക്കും മലബാർ ഗ്രൂപ്പ് തുടക്കം കുറിച്ചിട്ടുണ്ട്‌. സാംബിയൻ തലസ്ഥാനമായ ലുസാക്കയിലെ ജോൺ ലെയിംഗ്‌ ബേസിക് സ്‌കൂളിലെ ആറായിരം വിദ്യാർഥികൾക്കാണ്‌ ആദ്യഘട്ടത്തിൽ ഭക്ഷണം വിതരണം ചെയ്യുക. അഗതികളായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിനായി ബംഗളൂരുവിലും ഹൈദരാബാദിലും ആരംഭിച്ച ‘ഗ്രാൻമ ഹോം’ പദ്ധതിയും വിശപ്പിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമാണ്‌. കേരളത്തിലെ വിവിധ നഗരങ്ങളിലും ചെന്നൈ, ഡൽഹി, മുംബയ് എന്നിവിടങ്ങളിലും താമസിയാതെ ഈ പദ്ധതി ആരംഭിക്കും. ഞങ്ങൾ നടത്തുന്നത്‌ ചെറിയൊരു ശ്രമമാണ്‌. പക്ഷേ, പലതുള്ളി പെരുവെള്ളം എന്നാണല്ലോ. വിശപ്പകറ്റാനുള്ള ഉദ്യമത്തിൽ എല്ലാ നമുക്കെല്ലാം പങ്കാളികളാകാം.

(മലബാർ ഗ്രൂപ്പ്‌ ഒഫ് കമ്പനീസ് ചെയർമാൻ ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.