മുംബയ്: രാജ്യത്ത് മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 400 സീറ്റുകൾ ലക്ഷ്യം വച്ച ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 350ൽ കൂടുതൽ സീറ്റുകളുമായി അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ സത്യമായാൽ വീണ്ടും മോദി സർക്കാർ അധികാരത്തിലേറും. ഇതോടെ രാജ്യത്തെ മൂന്ന് മേഖലകളിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ബിസിനസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റെയിൽവെ, വ്യോമയാനം, ഹൈവേ വികസനം എന്നീ മേഖലകൾക്ക് മൂന്നാം മോദി സർക്കാർ കൂടുതൽ പ്രധാന്യം നൽകിയേക്കും. ഇതോടൊപ്പം വലിയ നിക്ഷേപങ്ങൾ ക്ഷണിക്കുന്ന വ്യവസായ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാകും. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി സർക്കാർ ഹൈവേ വികസനത്തിന് വലിയ പ്രധാന്യമാണ് നൽകിയിരിക്കുന്നത്. 2014ലെ 91,287 കിലോമീറ്ററിൽ നിന്ന് 2023 അവസാനത്തോടെ 146,145 കിലോമീറ്ററായി ദേശീയ പാതകളുടെ നീളം 60 ശതമാനം വർദ്ധിച്ചിരുന്നു. നാലുവരിപ്പാതകളും ദേശീയ പാതകളും 2014ൽ 18,387 കിലോമീറ്ററിൽ നിന്ന് 2023 അവസാനത്തോടെ 46,179 കിലോമീറ്ററായി വികസിക്കുകയും ചെയ്തു.
രാജ്യത്തിന്റെ ജീവനാഡിയെന്നാണ് ഇന്ത്യൻ റെയിൽവെയെ അറിയപ്പെടുന്നത്. 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 5.85 ബില്യൺ യാത്രക്കാരെ വഹിക്കാൻ റെയിൽവെയ്ക്ക് സാധിച്ചു. കൂടാതെ മോദി സർക്കാരിന്റെ കീഴിൽ വന്ദേ ഭാരത് എന്ന സെമിഹൈ സ്പീഡ് ട്രെയിനിന്റെ അവതരണത്തോടെ രാജ്യത്തുടനീളമുള്ള റെയിൽവെ മേഖലകളിൽ വൻതോതിലുള്ള ആധുനികവൽക്കരണം നടന്നു. വ്യോമയാന രംഗത്തും രാജ്യം വലിയ വളർച്ചയാണ് കൈവരിച്ചത്. വിമാനത്താവളങ്ങളുടെയും ചെറിയ നഗരങ്ങളുടെയും നവീകരണവും രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിൽ വന്നതോടെ ഈ മേഖലയിലും വളർച്ച രേഖപ്പെടുത്തി.
അതേസമയം, വീണ്ടും മോദി സർക്കാർ അധികാരത്തിൽ എത്തിയാൽ ഈ മൂന്ന് മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിദഗഗ്ദർ അവകാശപ്പെടുന്നത്. 'ഇന്ത്യൻ ജനതയുടെ വൻ ജനവിധിയോടെ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് കൺസ്‌ട്രക്ഷൻ മേഖലയിലുള്ളവർ പറയുന്നു. 2025 സാമ്പത്തിക വർഷത്തിൽ, ഹൈവേ മേഖലയിൽ സർക്കാർ വലിയ സ്വകാര്യ പങ്കാളിത്തത്തോടെ വമ്പൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
2025 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഹൈവേ വികസനത്തിന്റെ വേഗത പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മന്ദഗതിയിലായിരുന്നു. ജൂലായ് മുതൽ വികസനം വേഗത്തിലാകാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ലേലം വിളിക്കുന്നതും നൽകുന്നതുമായ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നും 2025 സാമ്പത്തിക വർഷത്തിൽ ധാരാളം പ്രോജക്ടുകൾ നിർമ്മാണ മേഖലയിൽ പ്രതീക്ഷിക്കുന്നെന്നും പിഎൻസി ഇൻഫാടെക് എംഡി യോഗേഷ് കുമാർ പറഞ്ഞു.
റെയിൽവെ മേഖലയിലും വലിയ വികസന പ്രവർത്തനങ്ങൾ സാക്ഷ്യം വഹിച്ചേക്കും. വരും മാസങ്ങളിൽ കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങിയേക്കും. നിലവിൽ രാജ്യത്ത് 90 ഓളം വന്ദേഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇത് 2030 ആകുമ്പോഴേക്കും 800ഓളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയിൽവെ പദ്ധതിയിട്ടേക്കും. ആധുനികവത്കരിച്ച ഇത്തരം കോച്ചുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചേക്കും. മികച്ച സൗകര്യമുള്ള യൂണിറ്റുകൾ രംഗത്തെത്തിയാൽ ഈ നേട്ടം നേരത്തെ കൈവരിക്കാൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നു.
2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് അവകാശപ്പെട്ടിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. കൂടുതൽ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടുകൾ, ആക്സസ് കൺട്രോൾ സ്പീഡ് ഹൈവേകൾ, ഒരു അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കൽ എന്നിവയടക്കമുള്ള വാഗ്ദ്ധാനങ്ങളാണ് പട്ടികയിലുള്ളത്. വ്യോമയാന മേഖലയിൽ, ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സിംഗിൾ പോയിന്റ് കണക്ടിവിറ്റി നൽകിക്കൊണ്ട് വിമാനത്താവളങ്ങളെ പ്രാദേശിക അന്താരാഷ്ട്ര ഹബ്ബുകളാക്കി മാറ്റുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ വ്യോമയാന മന്ത്രാലയത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |