SignIn
Kerala Kaumudi Online
Sunday, 07 July 2024 8.53 AM IST

നിലയ്ക്ക് നിറുത്തേണ്ട വ്ലോഗത്തരം!

case

വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്നവരും ഇക്കാല ഘട്ടത്തിലുണ്ട്. ഓടുന്ന ട്രെയിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുക. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുക. ഒറ്റച്ചക്രത്തിൽ ബൈക്കോടിക്കുക... അങ്ങനെ പലതും. വീഡിയോകൾ ക്ലിക്കായാൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് വരുമാനം കിട്ടും. വെെറലാകാനുള്ള സാഹസിക പ്രകടനങ്ങൾ പലപ്പോഴും ആത്മഹത്യാപരമായി മാറുകയും ചെയ്യാറുണ്ട്. കൂണുപോലെ മുളച്ചു പൊങ്ങുന്ന യൂട്യൂബ് ചാനലുകളിൽ നിന്ന് ക്ലിക്ക് ആവാനുള്ള ശ്രമമാണ് പലരും നടത്തുന്നത്. വ്യത്യസ്തമായ കണ്ടന്റുകൾ പരീക്ഷിക്കുകയെന്നതും സർവ്വ സാധാരണമാണ്. അങ്ങനെ വൈറലാകാനുള്ള ശ്രമമാണ് ആലപ്പുഴയിലെ യുട്യൂബറായ സഞ്ജു ടെക്കി(ടി.എസ്.സജു) എന്ന വ്ലോഗറുടെ ഭാഗത്തുനിന്നുണ്ടായത്. അടുത്തിടെയിറങ്ങിയ സിനിമയിൽ കണ്ടതുപോലെ വണ്ടിയിൽ ഒരു സ്വിമ്മിംഗ് പൂൾ ഒരുക്കി റോഡിലൂടെ ഓടിച്ചാണ് ടെക്കി വിവാദമുണ്ടാക്കിയത്. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തപ്പോൾ, തനിക്കൊരു പത്തുലക്ഷം രൂപ ചെലവാക്കിയാൽ കിട്ടാത്ത റീച്ച് കിട്ടിയെന്നാണ് ഇയാൾ അടുത്ത വീഡിയോയിലൂടെ പ്രതികരിച്ചത്. ഇത് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിന് അടുത്ത കേസാവുകയും ചെയ്തു. സഞ്ജു ടെക്കി സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. പ്രതിക്കെതിരായ റിപ്പോർട്ട് ഇന്ന് പരിഗണിക്കാനിരിക്കേ, വാഹനരൂപമാറ്റത്തിനും വ്ലോഗർമാരുടെ അമിതാവേശത്തിനും കടിഞ്ഞാണിടാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കർശന മാർഗരേഖയും പുറത്തിറക്കി.

നിയമങ്ങളുണ്ട്

നടപടിവേണം

വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം വരുത്തുന്നവരുടെ ലൈസൻസും ആർ.സി ബുക്കും റദ്ദാക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. വാഹനങ്ങളുടെ ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധം വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർക്കെതിരേ റോഡ് സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണം. ശബ്ദ, വായു മലിനീകരണം നടത്തുന്ന കോൺട്രാക്ട് കാര്യേജുകൾക്കും മറ്റുമെതിരെ ഗതാഗത കമ്മിഷണർ നടപടിയെടുക്കണമെന്നും വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് 5000 രൂപ പിഴ ചുമത്തണം. രൂപമാറ്റം നടത്തി സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ആർ.സി സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം.

ഇത്തരം വാഹനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തുടർനടപടിയെടുക്കണം. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായ കാര്യങ്ങൾ വ്ലോഗർമാർ യുട്യൂബിലും മറ്റും അപ്‌ലോഡ് ചെയ്യുന്നത് നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശമുണ്ട്. കർശനമായ വ്യവസ്ഥകൾ അടങ്ങിയതാണ് മോട്ടോർ വാഹന നിയമത്തിലെ 190(2) വകുപ്പ്. തടവും വൻതുക പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. കോടതി ഉത്തരവിലെ ഒരു പരാമർശം ശ്രദ്ധേയമാണ്. പല ഉത്തരവുകളുണ്ടായിട്ടും റോഡ് സുരക്ഷയ്ക്ക് ഭീഷണിയായ പ്രവണതകൾ തുടരുകയാണെന്നാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.

പ്രശ്നങ്ങൾ മുമ്പും

2021ലായിരുന്നു വാഹനം രൂപമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് യുട്യൂബർ 'ഇ ബുൾജെറ്റിനെതിരെ കേസെടുത്തത്. ആൾട്ടറേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതാണ് തുടക്കം. സംഭവത്തിൽ സഹോദരങ്ങളായ എബിൻ, ലിബിനുമാണ് പ്രതികളായത്. വാഹനം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ആർ.ടി.ഒ ഓഫീസിൽ വച്ച് ഇ ബുൾ ജെറ്റ് സഹോദരന്മാർ ഫേസ്ബുക്കിൽ ലൈവ് ഇട്ടു. ഇതുകണ്ട് ഇവരുടെ ഫോളോവേഴ്സും എത്തിയതോടെ വാഹനം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ആർ.ടി ഓഫീസിൽ സംഘ‌ർഷമുണ്ടായി. ഓഫീസിലെ ചില സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതോടെ പൊലീസ് കേസുമായി. ഈ വിഷയത്തിലും ഹൈക്കോടതി ഇടപെട്ടിരുന്നു. ഇ ബുൾജെറ്റ് സഹോദരന്മാർ നിയമലംഘനം നടത്തിയെന്ന തലശ്ശേരി കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിന് പുറമേ രൂപമാറ്റം വരുത്തിയ വാൻ പഴയപടി ആക്കാനും കോടതി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനം റോഡിൽ ഇറക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദ്യാലയത്തിൽ നിന്ന് വിനോദയാത്ര പോകുന്ന ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം മുമ്പ് ജനരോഷത്തിനിടയാക്കിയിരുന്നു. ബസിന് മുകളിൽ ആളുകളെ കയറ്റുക, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോണടിക്കുക, ഓടുന്ന ബസിൽ നിന്ന് ഡ്രൈവ‌ർ ചാടിയിറങ്ങുക, കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ലേ ലൈറ്റുകൾ മിന്നിക്കുക തുടങ്ങിയ കലാപരിപാടികൾ... ഏറെ ആരാധകരുണ്ടായിരുന്ന കൊമ്പൻ ബസ് ഒരു ഗ്രേഡ് കൂടി കൂട്ടി. ബസിന് മുകളിൽ പൂത്തിരി കത്തിച്ചു. എന്നാൽ പ്രശ്നം കൈവിട്ടുപോയതോടെ തീപടർന്നു. കർശനനടപടിയുണ്ടായപ്പോൾ കൊമ്പന്മാർ കൊമ്പുകുത്തുമെന്നു കരുതി. എന്നാൽ നിയമലംഘനങ്ങൾക്ക് കുടപിടിക്കാൻ പുതിയ ബസുകൾ ക‌ർണാടകയിൽപ്പോയി രജിസ്റ്റർ ചെയ്യുകയാണ് പല ട്രാവൽ ഏജൻസികളും ചെയ്തത്. ഡിസ്പ്ലേലൈറ്റുകളും ആട്ടവും പാട്ടുമായി കോളേജ് വിദ്യാർത്ഥികൾ ആനയിച്ചുകൊണ്ടുവന്ന ഒരു കൊമ്പൻ ബസിനെ ബെംഗളൂരുവിൽ നാട്ടുകാർ തടഞ്ഞസംഭവവും അക്കാലത്തുണ്ടായി.

നിയമം അനുസരിക്കുക

പണക്കൊഴുപ്പും അഹങ്കാരവും കയ്യിൽ വച്ചാൽ മതിയെന്നാണ് സഞ്‌ജു ടെക്കി സംഭവത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചത്. ശിക്ഷാ നടപടികളുടെ ഭാഗമായി സഞ്ജു ഇപ്പോൾ മലപ്പുറത്തെ ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്ട്യൂട്ടിൽ പരിശീലനത്തിലാണ്. വിവാദമായ നീന്തൽക്കുളയാത്രയിൽ കാർ ഓടിച്ച സൂര്യനാരായണൻ, ഒപ്പമുണ്ടായിരുന്ന സ്റ്റാൻലി ക്രിസ്റ്റഫർ, അഭിലാഷ് ഗോപി എന്നിവർക്കെതിരേയും മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കാൻ ശുപാർശയും ചെയ്തു. പരാതിയാകുന്ന സംഭവങ്ങളിൽ അധികൃതർ കർശന നടപടിയെടുക്കുന്നുണ്ട്. എന്നാൽ തങ്ങൾ നടത്തുന്നത് നിയമലംഘനമാണെന്ന് തിരിച്ചറിഞ്ഞ് 'വണ്ടിപ്രാന്ത'ന്മാരും വ്ലോഗർമാരും സ്വയം കടിഞ്ഞാണിടുകയാകും ഇക്കാര്യത്തിൽ ഏറ്റവും പലപ്രദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.