കൊച്ചി: സി.പി.ഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിനിടെ മൂവാറ്റുപുഴ എം.എൽ.എ എൽദോസ് എബ്രഹാമിനെ മർദ്ദിച്ചത് കൊച്ചി സെൻട്രൽ എസ്.ഐ വിപിൻദാസാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ നടന്ന മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എം.എൽ.എയെ വിപിൻദാസ് മർദ്ദിക്കുന്ന ചിത്രമാണ് പുറത്തായത്. നേരത്തെ നിരവധി പേരെ മർദ്ദിച്ച കേസിൽ ആരോപണ വിധേയനായ എസ്.ഐ ആരുടെയോ നിർദ്ദേശ പ്രകാരം എം.എൽ.എയെ മർദ്ദിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതിനിടെ കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്‌ക്കല്ല പ്രവർത്തിക്കുന്നതെന്ന് മർദ്ദനത്തിൽ കൈയൊടിഞ്ഞ എൽദോ എബ്രഹാം എം.എൽ.എ പ്രതികരിച്ചു. തിരുത്തൽ ശക്തിയായി തന്നെ സി.പി.ഐ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽദോ എബ്രഹാം എം.എൽ.എയും പരിക്കേറ്റ സി.പി.ഐ ജില്ലാ നേതാക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അടിയേറ്റ് എം.എൽ.എയുടെ കൈ ഒടിഞ്ഞിരുന്നു. സംഘർഷത്തിനിടെ എൽദോയെ തല്ലുന്നത് തടയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി പി. രാജുവിന്റെ തലയ്ക്ക് പരിക്കേറ്റത്. ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. കെ.എൻ. സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ അസ്‌ലഫ് പാറേക്കാടന് കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ ഇന്ന് ആശുപത്രി വിടുമെന്നാണ് സി.പി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം, മാർച്ചിനിടെ പരിക്കേറ്റ എറണാകുളം അസി. കമ്മിഷണർ കെ.ലാൽജി, എം.എൽ.എയെ മർദ്ദിച്ചുവെന്ന് ആരോപണം ഉയർന്ന സെൻട്രൽ എസ്.ഐ വിബിൻദാസ്, സിവിൽ പൊലീസ് ഓഫീസർ സുബൈർ എന്നിവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെയെല്ലാം കൈയ്ക്ക് പൊട്ടലുണ്ട്. ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സി.പി.ഐ പ്രവർത്തകർ ഇന്നലെ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. പിന്നീട് പ്രവർത്തകരും പൊലീസും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |