കോട്ടയം: ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയ വിവരദോഷി പരാമര്‍ശത്തിന് വിമര്‍ശനവുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി). ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണ്. പണ്ട് നികൃഷ്ടജീവി എന്ന് പുരോഹിതനെ വിളിച്ചയാളുടെ സ്വഭാവം മാറിയിട്ടില്ല. ക്രൈസ്തവരോട് സര്‍ക്കാരിനുള്ള വിവേചനം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും വിമര്‍ശനം.
ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അതുള്‍ക്കൊണ്ട് തിരുത്തുന്നതിനു പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും കെസിസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേരളത്തില്‍ സാധാരണക്കാരന് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യ മേഖലയിലേതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കെസിസി ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്ക് ക്രൈസ്തവ സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളുള്‍പ്പെടെ കാരണമായിട്ടുണ്ട്. ക്രെസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയായിട്ടില്ല. അതിനാല്‍ തെറ്റ് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്‌കോപ്പല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെസിസി ആവശ്യപ്പെടുന്നു. യാക്കോബായ , ഓര്‍ത്തഡോക്‌സ്, സിഎസ്‌ഐ, മാര്‍ത്തോമ്മ, ബിലീവേഴ്‌സ്, തൊഴിയൂര്‍ സഭകളാണ് കെസിസിയിലുള്ളത്.
സർക്കാരിനെ രൂക്ഷമായി വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിന് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മറുപടി നൽകിയത്. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ മൂന്നുവർഷ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഒരു മാദ്ധ്യമത്തിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികളുണ്ടാകുമെന്ന് വ്യക്തമായി. നമ്മളാരും വീണ്ടും പ്രളയമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരന്തം അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. ഇത് കേരളത്തിനു മാത്രം കഴിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയമാണ് രണ്ടാം പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചത്. ഇനിയുമൊന്ന് ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നുമായിരുന്നു കുറിലോസിന്റെ പ്രസ്താവന. ജനങ്ങൾ നൽകുന്ന ആഘാത ചികിത്സയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും ഇതിലും വലിയ തിരിച്ചടി കാത്തിരിക്കുന്നുണ്ടെന്നും കുറിലോസ് പറഞ്ഞിരുന്നു.
സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഇന്ന് പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാർ കൂറിലോസ് പറഞ്ഞു. വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ല. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും മാർ കൂറിലോസ് മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |