ന്യൂഡൽഹി: കൊല്ലത്തെ ആഴക്കടലിലുള്ള ക്രൂഡ് ഓയിൽ സാദ്ധ്യതകൾ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇന്ധന പര്യവേഷണത്തിൽ കൊല്ലം ജില്ലയുടെ സാദ്ധ്യതയെ കുറിച്ച് പ്രതിപാദിച്ചത്.
പെട്രോളിയം വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. വകുപ്പുമായി ബന്ധപ്പെട്ട് എന്നിൽ നിന്ന് എന്താണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിലവിൽ രാജ്യത്തെ പെട്രോളിയം സെക്‌ടറിന്റെ തലം എന്താണെന്ന് അറിയേണ്ടിയിക്കുന്നു. അതിന് ശേഷം മാത്രമേ എന്റെ പങ്കാളിത്തം സാദ്ധ്യമാക്കാൻ കഴിയൂ. ഇന്ധന പര്യവേക്ഷണത്തിൽ കൊല്ലം ജില്ലയുടെ സാദ്ധ്യതയെ കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്. എന്റെ നാടു കൂടിയാണ് കൊല്ലം. അതുമായി ബന്ധപ്പെട്ട എല്ലാ അവസരവും വിനിയോഗിക്കും. - സുരേഷ് ഗോപി പറഞ്ഞു.
കൊല്ലത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ സാദ്ധ്യത 18 ബ്ലോക്കുകളിൽ
കൊല്ലത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന. കടലിന് നടുവിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റൻ പൈപ്പ്ലൈനുകൾ കടത്തിവിടും. പര്യവേഷണത്തിനുള്ള ടെൻഡറും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചിരുന്നു.
ഡയറക്ടർ ജനറൽ ഒഫ് ഹൈഡ്രോ കാർബണിൽ നിന്നാണ് കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണത്തിന് ഓയിൽ ഇന്ത്യ ലിമിറ്റഡ് കരാറെടുത്തത്. ഇവർ വിവിധ ജോലികൾ പ്രത്യേക കരാർ നൽകുകയാണ്. കിണർ നിർമ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കാൻ നേരത്തെ കരാറായിരുന്നു.
കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള ഭാഗങ്ങളിൽ ഇന്ധന സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. ചെറിയ പോർട്ട് എന്ന നിലയിൽ വിവിധ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നതിനാലാണ് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് പര്യവേക്ഷണത്തിന് സാദ്ധ്യതയൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |