SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.20 AM IST

ഒരു തരി കനൽ; ജയ് ജഗന്നാഥനും

virudhar

കനൽ ഒരു തരി മതി! സി.പി.എം സഖാക്കളുടെ വീരവാദം അങ്ങനെ അറം പറ്റി. പാർലമെന്റ് തിരഞ്ഞടുപ്പിനു ശേഷം അവശേഷിച്ചത് ആകെ ഒരു തരി കനൽ. കൈയിലിരുന്ന തരി (ആലപ്പുഴ) അണഞ്ഞപ്പോൾ മറ്റൊരു തരി (ആലത്തൂർ) കത്തി. യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ഒരു തരിയല്ല- പത്തു പന്ത്രണ്ട് തരികളാണ്. കുറഞ്ഞത് അഞ്ചെണ്ണം. കൈയിലിരുന്ന തരി ആളിക്കത്തിക്കാമെന്നാണ് കരുതിയത്. പക്ഷേ, വിഘടനവാദികളും കൊളൊണിയലിസ്റ്റ് ചിന്താ സരണികളും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അല്ലാതെ, മറ്റു തരികൾ കെട്ടുപോകാൻ വേറെ കാരണങ്ങൾ കാണുന്നില്ല!

ഇനി, വലതുപക്ഷ ചാനലുകളുടെയും സാമൂഹ്യ മാദ്ധ്യമങ്ങളുടെയും ദു:സ്വാധീനത്തിൽപ്പെട്ട് ജനങ്ങൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടൂതൽ 'പ്രബുദ്ധത" കൈവരിച്ചതാവുമോ?ഒന്നും പിടികിട്ടുന്നില്ല.

പെൻഷനുകൾ കുറെയൊക്കെ മുടങ്ങിപ്പോയെന്നത് ശരി. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ കാലിയുമായി. കെ.എസ്.ആർ.ടി.സിയിലാണെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് പുതിയ കാര്യമല്ലല്ലോ. മറ്റവന്മാരുടെ കാലത്തേ തുടങ്ങിയതല്ലേ?​ സഹിച്ചുസഹിച്ച് ഇപ്പോൾ അവർക്ക് അതൊരു ശീലമായിക്കാണും.

പിന്നെ, തൊഴിലിന്റെ കാര്യം. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിലെയോ കോർപ്പറേഷനിലെയോ നക്കാപ്പിച്ച താത്കാലിക ജോലികൾ ചില സഖാക്കൾക്ക് കൊടുത്തുവെന്നത് ശരി. നമ്മുടെ സർക്കാർ ഭരിക്കുമ്പോഴല്ലേ പറ്റൂ. മറ്റവന്മാർ വന്നാൽ കയറ്റുന്നത് അവന്മാരുടെ ആളുകളെയാവില്ലേ?​ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ കത്തും സിഗരറ്റ് കവറിലെ കുറിപ്പും വാങ്ങി മുമ്പും നടത്തിയിട്ടില്ലേ,​ നിയമനങ്ങൾ?​ ഇപ്പോൾ നമ്മുടെ മേയർ കുട്ടിയെ വെട്ടിലാക്കാൻ ഒരു കത്തിന്റ വിവരം ചോർത്തിയതല്ലേ പുകിലായത്. ഇനി ചോരാതെ നോക്കാം. പെൻഷനുകൾ സർക്കാർ മന:പൂർവം മുടക്കിയതു പോലെയാണ് സംസാരം. മനസില്ലാഞ്ഞിട്ടാണോ?കൈയിൽ ചിക്കിലി വേണ്ടേ?എല്ലാത്തിനും കാരണം 'ലവന്മാർ" (കേന്ദ്രം) പണം തരാത്തതാണെന്ന് എത്ര തവണ പറഞ്ഞതാണ്. കടം വാങ്ങാൻ പോലും വിടുന്നില്ലല്ലോ. ഇനി പറഞ്ഞിട്ടെന്തു കാര്യം.

തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റടിഞ്ഞതിനെപ്പറ്റി എം.വി. ഗോവിന്ദൻ മാഷ് ഒരു താത്വിക അവലോകനം നടത്തിക്കഴിഞ്ഞു. മൂർത്തമായ കാര്യങ്ങളെ ജനങ്ങൾ അമൂർത്തമായി കണ്ടതാണ് പ്രശ്നം.'പ്രതിക്രിയാ വാതകവും" കൊളോണിയലിസവും പറയാതെ, എന്തുകൊണ്ട് തോറ്റെന്ന് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയണമെന്നോ, മുഖ്യമന്തിയുടെയും സർക്കാരിന്റെയും ശൈലി മാറ്റണമെന്നോ ആവശ്യപ്പെടാൻ പാർട്ടിയിൽ ആർക്കുണ്ട് ധൈര്യം? സ്തുതിപാടലാണ് നടക്കുന്നതത്രെ. താത്വികാചാര്യന്മാരെയും നേതാക്കളെയും ചോദ്യം ചെയ്യരുത്. ആദ്യം അനുസരണ. പിന്നെ ചോദ്യം. അതാണ് പാർട്ടി ശൈലി. പോരെങ്കിൽ, തിരിച്ചടി സംബന്ധിച്ച അഞ്ചു ദിവസത്തെ താത്വിക അവലോകനമാണ് നടക്കാൻ പോകുന്നത്. അതോടെ എല്ലാം ശരിയാവും. ബാക്കി സംശയങ്ങൾ അപ്പോൾ തീർക്കാം.

 

'എല്ലാം എന്റെ പിഴ,​ എന്റെ വലിയ പിഴ." തൃശൂരിലെ കനത്ത തോൽവിയെത്തുടർന്ന് കോഴിക്കോട് ബിലാത്തിക്കുളത്തെ വസതിയായ 'ജ്യോതിസി"ലെത്തി ഗേറ്റും കതകും പൂട്ടി ഫോണും ഓഫാക്കി അടച്ചിട്ട മുറിയിൽ മൂന്നു നാൾ തപസിരുന്നു,​ കെ. മുരളീധരൻ. അടുത്തുള്ള ഭാര്യാഗൃഹമായ 'ശ്രേയസി"ന്റെ ഗേറ്റ് കടന്നും നുഴഞ്ഞു കയറ്റക്കാർ വരാൻ ശ്രമിച്ചതോടെ അവിടത്തെ ഗേറ്റും പൂട്ടി. തനിച്ചിരിക്കാമെന്നു വച്ചാൽ സ്വസ്ഥത തരില്ല. ചിന്തകൾ കാടു കയറിയപ്പോൾ മൗനം ഭഞ്ജിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങി.

വടകരയിൽ മത്സരിച്ചാൽ മതിയായിരുന്നുവെന്നും, തൃശൂരിൽ വരേണ്ടിയിരുന്നില്ലെന്നും കാത്തുനിന്ന പത്രക്കാരോട് പറഞ്ഞു. സിറ്റിംഗ് സീറ്റായ വടകരയിൽ ഇത്തവണ പ്രചാരണം കാൽഭാഗം എത്തിയതല്ലേ?അപ്പോഴല്ലേ ചതിപ്രയോഗം! വടകരയിൽ പ്രവർത്തിച്ചത് മതിയെന്നും, പെട്ടിയും തൂക്കി തൃശൂരിലേക്ക് വണ്ടി കയറാനും ആ വി.ഡി. സതീശനും മറ്റും ഹൈക്കമാൻഡിനെക്കൊണ്ട് പറയിച്ചതല്ലേ. വിനീത വിധേയനെപ്പോലെ അനുസരിച്ചു. അപ്പോൾ എതിർത്താൽ മതിയായിരുന്നു. പാർട്ടിയിലെ മറ്റൊരു സിറ്റിംഗ് എം.പിയോടും ഇങ്ങനെ ആവശ്യപ്പെട്ടില്ലല്ലോ. എല്ലാം തന്റെ തലവിധി. അല്ലെങ്കിലും സ്വന്തം നാടായ തൃശൂരിൽ തനിക്ക് രാശിയില്ല. ഇനി ഉടനെ തിരഞ്ഞെടുപ്പിനൊന്നും നിൽക്കാനില്ല- മുരളീധരൻ നിരാശ മറച്ചുവച്ചില്ല.

മൗനവ്രതം വെടിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. തന്റെ തോൽവിയുടെ പേരിൽ ഡി.സി.സി ഓഫീസിൽ കൈയാങ്കളി വരെ നടന്നു. ഇനി കത്തിക്കുത്തിൽ കലാശിക്കരുത്. 'എങ്കിലും ഇങ്ങനെയൊരു തോൽവിയുണ്ടോ" എന്നാണ് ബി.ജെ.പി പാളയത്തിലിരുന്ന് സഹോദരി പദ്മജയുടെ കളിയാക്കൽ. 'കൂടെ നടക്കുന്ന ചിലരെ സൂക്ഷിക്കണമെന്നും അവർ പാലം വലിക്കുമെന്നും മുരളിയേട്ടനോട് താൻ അന്നേ പറഞ്ഞതാണ്. താനുമായി ഇനി ഒരു ബന്ധവുമല്ലെന്നാണ് അന്ന് ചേട്ടൻ അറുത്തു മുറിച്ച് പറഞ്ഞത്. എങ്കിലും രക്തബന്ധമല്ലേ? ചെന്നു കണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചാൽ ഗെറ്റൗട്ട് അടിച്ചാലോ?വേണ്ട; നാണക്കേടാവും."

 

ഭഗവാൻ ശ്രീരാമനെ ബി.ജെ.പിക്കാർ ഇത്ര വേഗം കൈവിട്ടോ?അതോ, ഭഗവാൻ അവരെ കൈവിട്ടതോ? വെള്ളിയാഴ്ച

ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്റി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി എം.പിമാരും വിളിച്ചത് 'ജയ് ജഗന്നാഥ്" എന്നാണ്. ലോക്‌സഭയിൽ കഴിഞ്ഞ അഞ്ചു വർഷമായി സ്പീക്കറെ ബി.ജെ.പി അംഗങ്ങൾ സ്വാഗതം ചെയ്തിരുന്നത് 'ജയ് ശ്രീറാം" വിളികളോടെയായിരുന്നു. ഈ മാറ്റത്തിന് കോൺഗ്രസ് എം.പിമാർ പറയുന്ന കാരണം ഇതാണ്- പാർലമെന്റ് തിരഞ്ഞെടുപ്പ് ലാക്കാക്കിയായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പരികർമ്മിയുടെ റോളെടുത്തതും മോദി തന്നെ.

പക്ഷേ, ആഗ്രഹിച്ച ഫലത്തിന് ഭഗവാൻ കനിഞ്ഞില്ല. സീറ്റുകൾ തൂത്തുവാരാമെന്നു കരുതിയ യു.പിയിൽ പകുതിയിലേറെയും കിട്ടിയത് പ്രതിപക്ഷത്തിന്. അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽപ്പോലും തോറ്റു. ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതായി. അതേസമയം, ഒഡിഷയെ നോക്കൂ. അവിടെ 24 വർഷം തുടരെ ഭരണത്തിലിരുന്ന ബി.ജെ.ഡി സർക്കാർ തെറിച്ചു. ബി.ജെ.പി,​ ഭരണവും കൂടുതൽ ലോക്‌സഭാ സീറ്റും പിടിച്ചു. എല്ലാം സാക്ഷാൽ പുരി ജഗന്നാഥന്റെ കാരുണ്യം! പിന്നെങ്ങനെ ജഗന്നാഥന് ജയ് വിളിക്കാതിരിക്കും. പ്രതിഫലം നോക്കിയാണോ ഓരോ ഭഗവാനും ബി.ജെ.പിക്കാർ ജയ് വിളിക്കുന്നതെന്ന് കോൺഗ്രസുകാരുടെ പരിഹാസം!

നുറുങ്ങ്:

വടകര എം.പി ഷാഫി പറമ്പിലിന്റെ കൂത്തുപറമ്പിലെ ആഘോഷ പ്രകടനത്തിൽ മുസ്ലീം ലീഗ് വനിതാ പ്രവർത്തകർക്ക്

വിലക്ക്.

# പാട്ടും നൃത്തവും വേണ്ട; വോട്ട് മതി!

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRUDHAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.