SignIn
Kerala Kaumudi Online
Wednesday, 19 June 2024 9.09 AM IST

വിദ്യാർത്ഥി സമരത്തിന് 33 ലക്ഷം പിഴശിക്ഷയോ?​

students

കലാലയങ്ങളിൽ,​ ക്യാമ്പസിനുള്ളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടും പുറത്തെ വിഷയങ്ങളുമായി ബന്ധപ്പെട്ടും വിദ്യാർത്ഥി സമരങ്ങൾ സ്വാഭാവികം. അധികൃതർക്ക് വിയോജിപ്പുള്ള വിഷയങ്ങളിലോ,​ അവർക്കു ബോദ്ധ്യപ്പെടാത്ത വിഷയങ്ങളിലോ ആണ് സമരമെങ്കിൽ സമരക്കാരായ വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുന്നതും സാധാരണം. സമരം അക്രമാസക്തമോ മറ്രോ ആകുന്ന ഘട്ടങ്ങളിൽ കുറേക്കൂടി കടുത്ത അച്ചടക്ക നടപടികളും സസ്പെൻഷനുമൊക്കെ മനസിലാക്കാം. പക്ഷേ,​ കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിന് എതിരെ സമാധാനപരമായി സമരം ചെയ്ത അവിടത്തെ വിദ്യാർത്ഥികളിൽ അഞ്ചുപേർക്ക് 6,61,155 രൂപ വീതം പിഴ ചുമത്തി നോട്ടീസ് നൽകിയതിനു പിന്നിലെ ചേതോവികാരം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. അതായത്,​ അഞ്ചുപേർക്കുമായി 33 ലക്ഷത്തിലധികം രൂപ പിഴ! പിഴയടയ്ക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ കാരണം കാണിച്ച് വിശദീകരണം നല്കണമെന്നും ഇണ്ടാസിൽ കല്പനയുണ്ട്.

ഉന്നത സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ എൻ.ഐ.ടിയിൽ പഠിക്കുന്നത് മാനസികമായും ബൗദ്ധികമായും ഉന്നത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളാണ്. വിവിധ പഠന വകുപ്പുകളിലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ രാത്രി വൈകിയും ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതുമൊക്കെ അവിടെ പതിവായിരുന്നു. മുതിർന്ന വിദ്യാർത്ഥികളുടെ ഇത്തരം കൂട്ടായ്മകൾക്ക് എന്തെങ്കിലും തരക്കേടുണ്ടെന്ന് ഇതുവരെ ആർക്കും തോന്നിയിരുന്നുമില്ല. അതിനിടെയാണ്,​ ഇങ്ങനെ 'രാത്രിയുറക്കം വൈകുന്നത് വിദ്യാർത്ഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തെ ബാധിക്കു"മെന്ന് കലാലയ അധികൃതർക്ക് വെളിപാടുണ്ടായത്. രാത്രി വൈകി ക്യാമ്പസിൽ സഞ്ചാരനിയന്ത്രണം ഏ‍ർപ്പെടുത്തിക്കൊണ്ട് ഉത്തരവും ഇറങ്ങി. ഇതിനെതിരെയാണ് വിവിധ വകുപ്പുകളിലെ ഒരുസംഘം വിദ്യാർത്ഥികൾ കഴിഞ്ഞ മാർച്ച് 22-ന് പകൽസമയത്ത് സമരം നടത്തിയത്. അക്കൂട്ടത്തിലെ അഞ്ചുപേർക്കാണ്,​ സമരം നടന്ന് രണ്ടരമാസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം പിഴ ശിക്ഷ വിധിക്കപ്പെട്ടത്!

രാവിലെ കലാലയത്തിലേക്ക് എത്തിയ ജീവനക്കാരെ അകത്തു കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയായിരുന്നു വിദ്യാർത്ഥിസമരം. ജീവനക്കാർക്ക് ഒരുദിവസം തങ്ങളുടെ കർത്തവ്യ നിർവഹണം തടസപ്പെട്ടെന്നും,​ അതുമൂലം എൻ.ഐ.ടിക്ക് ഉണ്ടായ 'മനുഷ്യവിഭവശേഷി നഷ്ടം" വിലയിരുത്തിയാണ് ഓരോരുത്തർക്കും ആറുലക്ഷത്തിലധികം രൂപ പിഴത്തുക നിശ്ചയിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. വിചിത്രമായ ഈ ശിക്ഷാനടപടിയെ പ്രാകൃതവും പരമദയനീയവും അധികൃതമുഷ്കിന്റെ അങ്ങേയറ്റമെന്നുമല്ലാതെ വിശേഷിപ്പിക്കാനാകുമോ?​ അതേസമയം,​ രാത്രികാല നിയന്ത്രണത്തിന് എതിരെയല്ല,​ വിദ്യാർത്ഥികളുടെയോ കലാലയ വിദ്യാർത്ഥിസംഘടനകളുടെയോ അഭിപ്രായം തേടാതെ തങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ച ഏകാധിപക്യത്തിനെതിരെ ആയിരുന്നു സമരമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സമരം ചെയ്ത കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി വരാനിരിക്കുന്നുണ്ടെന്നും കേൾക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ അധികാരികളുടെ ഏകാധിപത്യശാലകളോ,​ വിദ്യാർത്ഥികൾക്കുള്ള ശിക്ഷാകേന്ദ്രങ്ങളോ അകുന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട് എൻ.ഐ.ടിയിൽ നടപ്പാക്കിയ നീതികെട്ട പിഴശിക്ഷ. അകാരണമായ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കുകയോ,​ വിലക്കുകൾ ഏകപക്ഷീയമായി വിധിക്കുകയയോ ചെയ്യേണ്ടുന്ന ഇടങ്ങളല്ല എൻ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല,​ വിദേശരാജ്യങ്ങളിൽ നിന്നു പോലുമുള്ള കുട്ടികൾ അവിടെ പല പഠനവകുപ്പുകളിലായുണ്ട്. അധികൃതരുടെ ഇത്തരം കാടത്തങ്ങൾ ഉന്നതവിദ്യാ രംഗത്ത് വിദ്യാർത്ഥികൾക്കിടയിൽ എൻ.ഐ.ടിക്കുള്ള സ്വീകാര്യതയും പ്രിയവും കുറയ്ക്കുകയേയുള്ളൂ. കലാലയങ്ങൾ കാരാഗൃഹങ്ങളായല്ല,​ ചിന്താ സ്വാതന്ത്ര്യത്തിന്റെയും ഉന്നത സംസ്കാരത്തിന്റെയും ക്രിയാത്മക പ്രയോഗശാലകളായാണ് പരിണമിക്കേണ്ടത്. വിദ്യാർത്ഥികൾക്കു വിധിച്ച പിഴശിക്ഷ എത്രയും വേഗം പിൻവലിക്കുകയും,​ നിയന്ത്രണം നിർബന്ധമെങ്കിൽ അത് അവ‌ർക്കു കൂടി ബോദ്ധ്യമായ വിധത്തിൽ നിശ്ചയിക്കുകയും ചെയ്യാൻ അധികൃത‌ർ തയ്യാറാവുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.