അബുദാബി: ദുബായ് വിമാനത്താവളം അതിന്റെ യാത്രക്കാരുടെ ശേഷി ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ ഏറ്റവും നല്ല പരിഹാരമായി പ്രവർത്തിക്കാൻ അബുദാബിയിലെ സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിന് സാധിക്കുമെന്ന് സിഇഒ എലിന സോർലിനി പറഞ്ഞു. ദുബായ് വിമാനത്താവളം അതിന്റെ ശേഷി തൊട്ടുകഴിഞ്ഞു. അവ ഇനിയും വർദ്ധിക്കും. അതുകൊണ്ട് ദുബായ് വിമാനത്താവളത്തിന് വിപുലീകരണം ആവശ്യമാണ്. എന്നാൽ അധികം വരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ ഇപ്പോൾ ഞങ്ങൾ ഇവിടെയുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നത് വരെ പരിഹാരമാകാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് എലിന സോർലിനി ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അബുദാബി വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് ഇന്ത്യക്കാർ നൽകിയ സംഭാവനയെക്കുറിച്ചും എലീന തുറന്നുപറഞ്ഞു. പ്രതിവർഷം 4.78 ദശലക്ഷം യാത്രക്കാരുമായി വിഹിതത്തിന്റെ 21 ശതമാനവുമായി അബുദാബിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്ന് എലീന പറഞ്ഞു. ദുബായിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യക്കാർക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച വിമാനത്താവളം സായിദ് ഇന്റർനാഷണൽ വിമാനത്താവളമാണെന്ന് അവർ വ്യക്തമാക്കി.
'മെയ് മാസത്തിൽ, മൊത്തം ഫ്‌ളൈറ്റ് യാത്രയുടെ 28 ശതമാനം (വരവും പുറപ്പെടലും) ഇന്ത്യയിലേക്കും തിരിച്ചുമുള്ളതായിരുന്നു. സായിദ് ഇന്റർനാഷണൽ എയർപോർട്ട് അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം 22.5 ദശലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം വഹിച്ചത്. 2024 അവസാനത്തോടെ ഇത് 27 ദശലക്ഷമായി വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നിലവിൽ 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ട്. ഇത് 65 ദശലക്ഷം യാത്രക്കാരിലേക്ക് വികസിപ്പിക്കാനും കഴിയും'- എലിന സോർലിനി പറഞ്ഞു.
'2023 നവംബറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ടെർമിനൽ യാത്രക്കാർക്ക് പുതിയ അനുഭവം സമ്മാനിക്കും. ഉയർന്ന തലത്തിലുള്ള സേവനമാണ് വിമാനത്താവളം വാഗ്ദാനം ചെയ്യുന്നത്. 7,42,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ടെർമിനലിന് മണിക്കൂറിൽ 11,000 യാത്രക്കാരെ വഹിക്കാൻ സാധിക്കും. ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. കൂടാതെ 160ഓളം റീട്ടെയിൽ സ്‌റ്റോറുകളും ഭക്ഷണവും മറ്റ് ബീവറേജുകളും യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു'- അവർ പറഞ്ഞു.
'ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനം ലഭ്യമാണ്. ചില്ലറ വിൽപ്പന, ഭക്ഷണ പാനീയങ്ങൾ, ബയോമെട്രിക് സേവനങ്ങൾ കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരെ അവരുടെ ബോർഡിംഗ് ഗേറ്റുകൾ കണ്ടെത്താൻ പ്രാപ്തരാക്കുന്നതിന് വേണ്ട സൗകര്യങ്ങൾ കൃത്യമായി ഏർപ്പെടുത്തിയിട്ടുണ്ട്'- എലിന സോർലിനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |