കൊൽക്കത്ത: ഇന്നലെ രാവിലെ നടന്ന ഡാർജിലിംഗ് ട്രെയിൻ അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ചരക്ക് ട്രെയിനിലെ ലോകോ പെെലറ്റിന് പിഴവ് സംഭവിച്ചതായി ഇന്നലെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാതെ ലോക്കോ പെെലറ്റിനെ കുറ്റക്കാരൻ ആക്കുന്നത് അനുവദിക്കില്ലെന്നാണ് ലോക്കോ പെെലറ്റുമാരുടെ സംഘടന വ്യക്തമാക്കുന്നത്.
അപകടസമയത്ത് ചരക്ക് ട്രെയിൻ അനുവദിച്ചിരുന്ന പരിധിയേക്കാൾ വേഗത്തിലാണ് മുന്നോട്ട് പോയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സിഗ്നൽ തകരാറിലായാൽ പ്രോട്ടോക്കോൾ അനുസരിച്ച് ടിഎ912 പ്രകാരം ലോകോ പെെലറ്റ്മാർ തകരാറുള്ള സിഗ്നലിൽ ഒരു മിനിട്ട് നിർത്തി പരമാവധി 10 കിലോമീറ്റർ വേഗതയിൽ മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ.
എന്നാൽ അപകടസമയത്ത് ചരക്ക് ട്രെയിൻ ഈ വ്യവസ്ഥ പാലിച്ചിരുന്നില്ല. കാഞ്ചൻജംഗ എക്‌സ്പ്രസ് നിയമവ്യവസ്ഥകൾ പാലിച്ചതായും റിപ്പോർട്ട് ഉണ്ട്. യഥാർത്ഥ അപകടകാരണം കണ്ടെത്താൻ പ്രയാസമാണെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചരക്ക് ട്രെയിനിന് ടിഎ912 മുന്നറിയിപ്പ് രംഗപാണിയിലെ സ്റ്റേഷൻ മാസ്റ്റർ നൽകിയിരുന്നു.
അപകടത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ചൻജംഗ എക്‌സ്പ്രസിൽ ചരക്ക് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും 41പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |