SignIn
Kerala Kaumudi Online
Thursday, 20 June 2024 1.28 PM IST

ഗവർണർ തുടരും, സർക്കാരിന്റെ തലവേദനയും...

governor

ഗവർണറും സർക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിന് ഉടനൊന്നും അറുതിയുണ്ടാകില്ല. സെപ്തംബറിൽ അവസാനിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്റെ കാലാവധി നീട്ടി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം സംസ്ഥാന സർക്കാരിന്റെ ഉറക്കം കെടുത്തുമെന്ന് വേണം കരുതാൻ. ഇന്ത്യയുടെ ചരിത്രത്തിൽ മറ്റു ഗവ‌ർണർമാരൊന്നും കാട്ടാത്തത്ര ചങ്കുറപ്പോടെയും കൗശലബുദ്ധിയോടെയും പെരുമാറി വിവാദ വിഷയങ്ങളിൽ സർക്കാരുമായും മുഖ്യമന്ത്രിയുമായും നേരിട്ട് ഏറ്റുമുട്ടി നിരന്തരം തലവേദനയും പ്രതിസന്ധിയും സൃഷ്ടിച്ചുവെന്നതാണ് ആരിഫ് മുഹമ്മദ്ഖാനെ വിവാദ നായകനാക്കിയത്. ഇടത് സർക്കാരിന്റെ പല വിവാദ നടപടികൾക്കും മുഖ്യമന്ത്രിക്കെതിരെയും പരസ്യമായി പോരടിക്കുന്ന അദ്ദേഹം പലപ്പോഴും പ്രതിപക്ഷത്തെപ്പോലും പിന്നിലാക്കി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, നിയമസഭയിൽ പാസ്സാക്കുന്ന സുപ്രധാനമായ പല ബില്ലുകൾക്കും അനുമതി നൽകാതെ പിടിച്ചുവയ്ക്കുന്ന അദ്ദേഹത്തിന്റെ നടപടികൾ വിമർശനത്തിനൊപ്പം കൈയ്യടിയും നേടി. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ വിവാദ ബില്ലുകൾ രാഷ്ട്രപതിക്കയച്ചുകൊടുത്താണ് സർക്കാരിന് തിരിച്ചടി നൽകിയത്.

ശക്തമായ ഇടപെടൽ

പിണറായി സർക്കാരിന്റെ വിവാദപരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്നതുമായ പല നീക്കങ്ങൾക്കും തടയിട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സന്ദർഭങ്ങളിൽ പ്രതിപക്ഷം പോലും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. പല വിവാദ വിഷയങ്ങളിലും ശക്തമായി ഇടപെട്ട് കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം ഗവർണറാണെന്ന പ്രതീതി സൃഷ്ടിക്കാനായ അദ്ദേഹത്തിന് പൊതുസമൂഹത്തിൽ നിന്നും കാര്യമായ പിന്തുണയും സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ഗവർണർ സ്വീകരിക്കുന്ന പല നിലപാടുകളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നയങ്ങളുമായി ഒത്തുപോകുന്നതാകയാൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. ഇതാണിപ്പോൾ ഗവർണർ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ വഴിതുറന്നിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ചായ്‌വോടെയുള്ള പല നടപടികളെയും ആരിഫ്ഖാൻ തുറന്നെതിർക്കുകയും തടയിടുകയും ചെയ്തു. ജനവിരുദ്ധമായ പല സർക്കാർ നടപടികളിലും മുഖ്യമന്ത്രിയുമായുണ്ടായ തുറന്ന പോര് സംസ്ഥാനത്ത് വോട്ടർമാരെ സ്വാധീനിച്ചുവെന്നും അത് ബി.ജെ.പിയുടെ മുന്നേറ്റത്തിന് സഹായകമായെന്നും വിലയിരുത്തലുണ്ട്. ഗവർണർ നിയമനം അഞ്ചുവർഷത്തേക്കാണെങ്കിലും കാലാവധി നീട്ടിനൽകാൻ രാഷ്ട്രപതിക്കാകും.

വിവാദബില്ലുകൾ പിടിച്ചുവച്ചു

നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നത് സർക്കാരിന് സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ലോകായുക്ത ഭേദഗതി, ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബിൽ, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ല് തുടങ്ങിയവ മാസങ്ങളോളം രാജ്ഭവനിൽ പൊടിയടിച്ച് കിടന്നു. തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്ന തന്ത്രമാണ് ഗവർണർ സ്വീകരിച്ചത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ബില്ലുകൾ കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രപതിയുടെയും പരിഗണനയ്ക്ക് അയയ്ക്കാനാണ് രാജ്ഭവൻ തീരുമാനിച്ചത്. ഒടുവിൽ ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും ലോകായുക്ത എന്ന സംവിധാനത്തിന്റെ പല്ലുംനഖവും പറിച്ചുകളഞ്ഞ പ്രതീതിയാണുണ്ടായത്. സർവ്വകലാശാലകളിലെ വൈസ്ചാൻസലർമാരുടെ നിയമനം സംബന്ധിച്ചാണ് ഗവർണർ സർക്കാരിന് ഏറ്റവുമധികം തലവേദനയായത്. നിയമനാധികാരി ചാൻസലറായതിനാൽ ഇഷ്ടക്കാരെ നിയമിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഗവർണറുടെ ശക്തമായ ഇടപെടലിൽ പൊളിഞ്ഞത്. വൈസ്ചാൻസലർ നിയമനം ഇപ്പോഴും ഗവർണറുടെ കോർട്ടിൽ തന്നെയാണ്.

എസ്.എഫ്.ഐ പ്രതിഷേധം

ഗവർണർക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ നടത്തിയ രൂക്ഷമായ സമരവും അതിനെ തെരുവിലിറങ്ങി നേരിടുകയും ചെയ്തതാണ് ഗവർണർക്ക് പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യതയുണ്ടാക്കിയത്. വിദ്യാ‌ർത്ഥി പ്രശ്നങ്ങളിലൊന്നും കാര്യമായി ഇടപെടാത്ത എസ്.എഫ്.ഐ ഗവ‌ർണർക്കെതിരെ പോർമുഖം തുറന്നത് സർക്കാരിന്റെയും സി.പി.എമ്മിന്റെയും ആശീർവാദത്തോടെ ആയിരുന്നുവെന്ന് ഗവർണർ തുറന്നടിച്ചു. യാത്രയ്ക്കിടെ തന്റെ കാറിനു മുന്നിൽ ചാടിവീണ് അക്രമത്തിനു മുതിർന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കാറിൽ നിന്നിറങ്ങി തെരുവിൽ പ്രതിഷേധിച്ച ഗവർണർ, രാജ്യത്തിന് പുത്തൻ കാഴ്ചയാണ് സമ്മാനിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ തീട്ടൂരത്തിനെതിരെ അവിടെപ്പോയി രണ്ട്ദിവസം താമസിച്ചാണ് മറുപടി നൽകിയത്. കോഴിക്കോട് മിഠായിത്തെരുവിൽ സാധാരണക്കാരനെപ്പോലെ ഇറങ്ങിനടന്ന ഗവർണർക്ക് നാട്ടുകാരിൽ നിന്ന് ലഭിച്ച സ്വീകാര്യതയിൽ സർക്കാരും എസ്.എഫ്.ഐ യും പകച്ചുനിന്നു. നിലമേലിൽ തടയാൻ ശ്രമിച്ചപ്പോൾ കാറിൽ നിന്നിറങ്ങി റോഡ് വക്കിൽ കസേരയിട്ടിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ച അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് വിളിച്ച് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പാടാക്കിയതും കേരളം ആശ്ചര്യത്തോടെയാണ് കണ്ടത്. എസ്.എഫ്.ഐ യെ ക്രിമിനൽ സംഘമെന്നും പോപ്പുലർഫ്രണ്ടിന്റെ ബി ടീമെന്നും വിശേഷിപ്പിക്കാനും അദ്ദേഹം മടികാട്ടിയില്ല. എസ്.എഫ്.ഐ അക്രമം നിയന്ത്രിക്കാനോ അതിനെതിരെ ഒന്നുരിയാടാനോ പോലും മുതിരാതിരുന്നതാണ് മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ തുറന്ന പോരിന് പ്രധാനകാരണം. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥനെന്ന വിദ്യാർത്ഥി എസ്.എഫ്.ഐ ക്രൂരതയിൽ കൊല്ലപ്പെട്ടത് തുറന്നുകാട്ടാനും അക്രമികൾക്കെതിരെ നടപടി കടുപ്പിക്കാനും ഗവർണറാണ് മുന്നിൽ നിന്നത്. സർക്കാർ നടപടി ഇഴഞ്ഞപ്പോൾ വെറ്ററിനറി സർവ്വകലാശാല വൈസ്ചാൻസലറെ തന്റെ അധികാരം ഉപയോഗിച്ച് സസ്പെന്റ് ചെയ്തതും പൊതുസമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നതായി. സിദ്ധാർത്ഥന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു. ഗവർണർക്കെതിരായ സമരത്തിൽ നിന്ന് എസ്.എഫ്.ഐ നേതൃത്വം തോറ്റ് പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സർക്കാരുമായും നിരന്തരം തുടരുന്ന പോരിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ നിയമസഭാ നയപ്രഖ്യാപനം ഒറ്റമിനിറ്റിൽ ഒതുക്കിയും അദ്ദേഹം റിക്കാർഡിട്ടു. പലവേദികളിലും മുഖ്യമന്ത്രിയും ഗവർണറും അടുത്ത സീറ്റുകളിൽ ഇരുന്നിട്ടും കണ്ടഭാവം നടിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതും വാർത്തയായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം നടന്ന ലോകകേരള സഭ ഉദ്ഘാടനം ചെയ്യാനുള്ള സർക്കാരിന്റെ ക്ഷണം അദ്ദേഹം നിരസിച്ചതും ശ്രദ്ധേയമായി. ഗവർണറായി തുടരാൻ അനുമതി ലഭിക്കുന്നതോടെ സർക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടൽ തുടരുമെന്ന് തന്നെ വേണം കരുതാൻ.

സർക്കാർ- ഗവർണർ

ഏറ്റുമുട്ടൽ ചരിത്രം

ഗവർണർ- സർക്കാർ ഏറ്റുമുട്ടൽ ഐക്യകേരള ചരിത്രത്തിൽ പുതിയതല്ലെങ്കിലും അതൊന്നും ഇപ്പോഴത്തെപ്പോലെ പൊട്ടിത്തെറിയിലെത്തിയിട്ടില്ല. ആദ്യ ഇ.എം.എസ് സർക്കാരിനെ 1959 ൽ പിരിച്ചുവിട്ടതു മുതൽ തുടങ്ങുന്നതാണ് ഗവർണർ- സർക്കാർ സംഘർഷം. സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധം വിമോചന സമരമായി രൂപം മാറിയപ്പോൾ കേന്ദ്രം അന്നത്തെ ഗവർണറായിരുന്ന ബി.രാമകൃഷ്ണ റാവുവിനോട് റിപ്പോർട്ട് തേടി. ജവഹർലാൽ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. ഭരണനിർവഹണം താറുമാറായെന്നും ക്രമസമാധാനം തകർന്നെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. 1987- 91 കാലത്തെ നായനാർ സർക്കാരിന്റെ കാലത്ത് രാംദുലാരി സിൻഹ കേരള, കാലിക്കറ്റ് സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ തിരിഞ്ഞു. ഗവർണർക്കെതിരായ നിയമസഭയിലെ പ്രമേയത്തെ പ്രതിപക്ഷം എതിർത്ത് സഭ ബഹിഷ്ക്കരിച്ചു. 2003 ൽ എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ഗവർണറായിരുന്ന മുൻ ചീഫ് ജസ്റ്റിസ് സുഖ്ദേവ് സിംഗ് കാംഗ് നയപ്രഖ്യാപന പ്രസംഗത്തിൽ തനിക്ക് ബോദ്ധ്യപ്പെടാത്ത ഭാഗം വായിക്കാതിരുന്നത് വിവാദമായി. വാജ്പേയി സർക്കാരിന്റെ കാലത്ത് ഗവർണറായെത്തിയ സിക്കന്ദർ ബക്തിൽ നിന്നും കടുത്ത നടപടികളുണ്ടായി. വിവാദ വനം ബില്ല് തിരിച്ചയച്ചും ഏകീകൃത സർവകലാശാല ബില്ല് വിശദ പരിശോധനയ്ക്കായി പിടിച്ചുവച്ചും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിലിലേക്ക് സർക്കാർ നൽകിയ പാനലിൽ തന്റെ നോമിനികളെ ഉൾപ്പെടുത്തിയും ഗവർണർ സർക്കാരുമായി ഉരസി. വി.എസ് സർക്കാരിന്റെ കാലത്ത് ഗവർണറായിരുന്ന ആർ.എസ് ഗവായ് മുഖ്യമന്ത്രിക്ക് തലവേദന സൃഷ്ടിച്ചില്ലെങ്കിലും സർക്കാരിനും പാർട്ടിക്കും തലവേദനയായി. ലാവ്‌ലിൻ കേസിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർക്കെതിരെ സി.പി.എം തെരുവിലിറങ്ങി. 2014 ൽ കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ 6 മാസം പോലും തികയാതെ ഷീല ദീക്ഷിത്തിന് ഗവർണർ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് ഗവർണറായെത്തിയ ജസ്റ്റിസ് സദാശിവം പൊതുവെ സൗമ്യനെങ്കിലും ഒന്നാം പിണറായി സർക്കാരിനെ പലഘട്ടങ്ങളിലും തുറന്നെതിർത്തു. രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയോട് രേഖാമൂലവും മറ്റൊരിയ്ക്കൽ വിളിച്ചു വരുത്തിയും വിശദീകരണം തേടി. ശിക്ഷാകാലാവധി പൂർത്തിയാക്കാത്ത തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തിലും ഉടക്കിട്ടു. ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ ക്രമവിരുദ്ധ എം.ബി.ബി.എസ് പ്രവേശനം അംഗീകരിക്കാൻ നിയമസഭ പാസാക്കിയ വിവാദ ബില്ല് തടഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശം ഒഴിവാക്കിയതും വിവാദത്തിലായി. 2019 സെപ്തംബർ 1 ന് ഗവർണറായെത്തിയ ആരിഫ് മുഹമ്മദ്ഖാൻ ആദ്യകാലത്ത് പിണറായി വിജയനുമായി നല്ല സൗഹൃദത്തിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.