SignIn
Kerala Kaumudi Online
Thursday, 20 June 2024 1.36 PM IST

ഇന്ന് ദേശീയ വായനാ ദിനം വായനയുടെ അതിജീവനം

pn-panikker

വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്ത പി.എൻ. പണിക്കരുടെ ഓർമ്മദിനമായ ഈ ദിവസം (ജൂൺ 19)​ വായനാദിനമായി ആചരിച്ചു തുടങ്ങിയിട്ട് 21 വർഷമാകുന്നു. 1996 ജൂൺ 19 മുതൽ കേരളം അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ വായനാദിനത്തിലൂടെ പുതുക്കുന്നെങ്കിൽ,​ 2017 ജൂൺ 19 മുതൽ ദേശീയ വായനാ ദിനാചരണത്തിലൂടെ രാജ്യം മുഴുവൻ അദ്ദേഹത്തെ ആദരിച്ചു തുടങ്ങിയിരിക്കുന്നു. വായനയുടെ ഘടനയ്ക്കും സ്വഭാവത്തിനും വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. അതുകൊണ്ടു തന്നെ ഈ വായനാദിനം വായനയുടെ അതിജീവനകാലം കൂടിയാണ്.

പി.എൻ. പണിക്കർ പതിനേഴാം വയസിലാണ് സനാതനധർമ്മം (1926) എന്ന പേരിൽ വായനശാല രൂപീകരിച്ചുകൊണ്ട് ഗ്രന്ഥശാലാ പ്രവർത്തനത്തിലേക്കു വരുന്നത്. 1945 സെപ്തംബർ 16-ന് തിരുവിതാംകൂറിലെ ഗ്രന്ഥശാലകളെ വിളിച്ചുചേർത്ത്,​ അമ്പലപ്പുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിക്കുന്നതിലൂടെയാണ് കേരളത്തിൽ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനം രൂപംകൊള്ളുന്നത്. അതിനുമുമ്പ് 1926-ൽ തിരുവിതാംകൂറിലെ നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വച്ചു നടന്ന,​ ഗ്രന്ഥശാലാ പ്രവർത്തകരുടെ കൂട്ടായ്മയും 1937-ൽ കെ. ദാമോദരന്റെ നേതൃത്വത്തിൽ മലബാർ വായനശാലാ സംഘവും, പിന്നീട് മലബാർ വായനശാലാ സംഘം 1943-ൽ കേരള ഗ്രന്ഥാലയാ സംഘവും യാഥാർത്ഥ്യമായി. ഇവയെല്ലാം സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു.

പണിക്കരും

പ്രസ്ഥാനവും

1945ലെ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘമാണ് 1949-ൽ തിരു. കൊച്ചി ഗ്രന്ഥശാല സംഘമായും,​ കേരളപ്പിറവിയെ തുടർന്ന് കേരള ഗ്രന്ഥശാലാ സംഘമായും മാറുന്നത്. കേരളത്തിൽ വിവിധ ദേശങ്ങളിലായി വ്യത്യസ്ത പേരുകളിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലാ കൂട്ടായ്മകളെയും ഗ്രന്ഥശാലകളെയും കൂട്ടിച്ചേർത്ത് സംഘബലം സൃഷ്ടിച്ചത് പി.എൻ. പണിക്കരാണ്. അതുകൊണ്ടാണ് കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി പി.എൻ. പണിക്കർ മാറിയത്. 1989 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭ ചേർന്ന് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് പാസാക്കിയതിലൂടെയാണ് ഇന്നു കാണുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വരുന്നത്. പതിനായിരത്തോടടുത്ത് ഗ്രന്ഥശാലകൾ ഉൾക്കൊള്ളുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനം കൂടിയാണ്.

1945 മുതൽ 1977 വരെയുള്ള കാൽ നൂറ്റാണ്ടിലധികം കാലം സെക്രട്ടറി എന്ന നിലയ്‌ക്ക് ഗ്രന്ഥശാലാ സംഘത്തെ നയിച്ചത് പി.എൻ. പണിക്കരായിരുന്നു. ടി.കെ. നാരായണപിള്ളയും പനമ്പിള്ളി ഗോവിന്ദമേനോനും ആർ. ശങ്കറും പി.ടി. ഭാസ്‌കര പണിക്കരും അടങ്ങിയ പ്രഗത്ഭരുടെ വലിയ നിരതന്നെ പ്രസിഡന്റുമാരായി ഗ്രന്ഥശാലാ സംഘത്തിനുണ്ടായിരുന്നു. 1973-ൽ തായാട്ട് ശങ്കരൻ പ്രസിഡന്റായിരുന്ന കാലത്ത് ഗ്രന്ഥശാലാ സംഘം ഭാരവാഹികൾ തമ്മിൽ ഒരു സ്വരചേർച്ചയില്ലായ്മയ്ക്ക് വഴിയൊരുങ്ങുകയും,​ ഒടുവിൽ ഗ്രന്ഥശാലാ സംഘം പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. അന്നു മുതൽ വിവാദങ്ങളും പണിക്കരെ പിൻതുടരുന്നുണ്ടായിരുന്നു.

അർത്ഥമില്ലാത്ത

വിവാദങ്ങൾ


1989- ൽ കേരള പബ്ളിക് ലൈബ്രറി ആക്ട് നിലവിൽ വരുന്നതിനു മുമ്പായി പി.എൻ. പണിക്കർ നടത്തിയ ഒരു പത്രപ്രസ്താവനയായിരുന്നു അതിനു പിന്നിൽ. പബ്ളിക് ലൈബ്രറി ആക്ട് പാസാകുന്നതോടെ ഗ്രന്ഥശാലാ സംഘം എന്ന പേര് ഇല്ലാതാകുമെന്ന പണിക്കരുടെ ആശങ്കയായിരുന്നു കാരണം. ഇത് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ പണിക്കർക്കെതിരെ കലാപക്കൊടി ഉയർത്തിയവർ തന്നെ ഗ്രന്ഥശാലാ സംഘം എന്ന പേരുകൂടി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന പേരിനു താഴെ ബ്രായ്‌ക്കറ്റിൽ ചേർക്കുവാൻ നിർബന്ധിതമായി.
പി.എൻ. പണിക്കർ മരണമടഞ്ഞ് മൂന്നു പതിറ്റാണ്ടോളം ആടുക്കുമ്പോഴാണ് പുതിയൊരു വിവാദം തലപൊക്കിയത്.

1945- ലെ 'അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം,​ സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന്റെ മാനസപുത്രി"യാണെന്നായിരുന്നു ആ വിവാദം! മാത്രമല്ല,​ അമ്പലപ്പുഴ സമ്മേളനത്തിൽ പി.എൻ. പണിക്കർക്ക് യാതൊരു ബന്ധവുമില്ലായിരുന്നെന്നും,​ പണിക്കരുടെ കടന്നുവരവ് യാദൃച്ഛികം മാത്രമാമായിരുന്നും അനുബന്ധം! ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുന്നൊരുക്കം തുടങ്ങിയപ്പോഴാണ് സർ സി.പിയുടെ പിന്തുണയോടെ തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. ഇത്തരം രാഷ്ട്രീയ സംഭവ വികാസങ്ങളുടെ മാതാവാണ് 1945-ലെ അമ്പലപ്പുഴ സമ്മേളനവും പി.എൻ. പണിക്കരുമാണെന്ന വാദം യുക്തിക്കു നിരക്കുന്നതല്ല.

അവർ തന്നെ

പറഞ്ഞത്

അമ്പലപ്പുഴ സമ്മേളനത്തിലെ പി.എൻ. പണിക്കരുടെ പങ്കിനെ ചോദ്യം ചെയ്തവർ തന്നെ 2009-ൽ കെ.പി. വിജയൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച,​ 'പി.എൻ. പണിക്കർ: ഗ്രന്ഥപ്പുരയുടെ പെരുന്തച്ചൻ" എന്ന പുസ്തകത്തിൽ ഒരു ലേഖനമെഴുതി- 'നമ്മുടെ സാംസ്കാരിക തറവാട്ടിലെ കർമ്മയോഗി." ആ ലേഖനത്തി​ൽ പി​.എൻ. പണി​ക്കരെക്കുറി​ച്ച് പറയുന്നത് ഇങ്ങനെയാണ്: 'പി​.കെ. മെമ്മോറി​യൽ ലൈബ്രറി​യെ ചവി​ട്ടുപടി​യാക്കി​ക്കൊണ്ട് അഖി​ല തി​രുവി​താംകൂർ ഗ്രന്ഥശാലാ സമ്മേളനം വി​ളി​ച്ചുചേർക്കാനുള്ള തീരുമാനവും,​ തുടർന്ന് തി​രുവി​താംകൂർ ഗ്രന്ഥശാലാ സംഘത്തി​ന്റെ രൂപീകരണവും, ഇന്ന് കേരളം മുഴുവൻ നി​റഞ്ഞുനി​ൽക്കുന്ന സംഘടി​ത ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തി​ന്റെ രൂപീകരണവും ഇന്ന് കേരളം മുഴുവൻ നി​റഞ്ഞുനി​ല്ക്കുന്ന സംഘടി​ത ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തി​ന്റെ സംഘാടനത്തി​നു പി​ന്നി​ലുള്ള ശി​ല്പതന്ത്രം പി.എൻ. പണിക്കരുടേതായിരുന്നു എന്നത് ഒരു ചരിത്ര സത്യം മാത്രമാണ്." ഇത്തരത്തിൽ പി.എൻ. പണിക്കരെ അടയാളപ്പെടുത്തിയവരാണ് പിൽക്കാലത്ത് തള്ളിപ്പറഞ്ഞത്. ഇത്തരം എതിർവാദങ്ങളെയൊക്കെ നിരാകരിച്ചുകൊണ്ടാണ്,​ പാലക്കീഴ് നാരായണൻ എഡിറ്റ് ചെയ്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2017-ൽ പ്രസിദ്ധീകരിച്ച 'ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ" എന്ന ചരിത്രഗ്രന്ഥം പി.എൻ. പണിക്കരെ സ്മരിക്കുന്നത്.

ആശങ്കകളുടെ
വായനാദിനം

ഇന്ത്യയിലെ ഗ്രന്ഥശാലകളുടെ ഭരണസംവിധാനം പരിശോധിച്ചാൽ,​ ജനകീയ ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനങ്ങൾ നൽകുന്ന കെട്ടിട നികുതിയുടെ ഒരു ശതമാനം കൊണ്ടാണ് കേരളത്തിലെ ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്നത്. ഈ ജനകീയ കൂട്ടായ്മയ്ക്കു മുകളിലാണ് ആശങ്കയുടെ കരിനിഴൽ പരക്കുന്നത്. ഈ വായനാദിനത്തിൽ കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനം അഭിമുഖീകരിക്കുന്നതും ഈ ആശങ്കയെയാണ്. കേരളത്തിലെ നിലവിലെ ഗ്രന്ഥശാല നിയമത്തെയും ഭരണ സംവിധാനത്തെയും പാടെ അട്ടിമറിക്കാൻ കഴിയുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ ചില ചർച്ചകൾക്ക് തുടക്കം കുറിച്ചത്.


2023-ൽ രാജ്യത്തെ ഗ്രന്ഥശാലാ പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഡൽഹിയിൽ നടത്തിയ ലൈബ്രറി ഫെസ്റ്റിവലിൽ,​ ലൈബ്രറി രംഗത്ത് കേന്ദ്രം നടപ്പിലാക്കാൻ പോകുന്ന നൂതന പരിഷ്കാരങ്ങളെ കുറിച്ചായിരുന്നു ചർച്ച. നവീകരണങ്ങളുടെ ഭാഗമായി ഗ്രന്ഥശാലകളെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്. 'ഒരു രാഷ്ട്രം ഒരു ഗ്രന്ഥശാല നിയമം, ഒരു രാഷ്ട്രം ഒരു ഡിജിറ്റൽ ലൈബ്രറി" എന്ന ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത്. ഇത് ഗ്രന്ഥശാലകളെ സംഘപരിവാർ ആശയ പ്രചാരണ വേദികളാക്കി മാറ്റിയേക്കാം എന്ന ചിന്തയാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കുവച്ചത്.

രാജ്യത്ത് പകുതിയിൽ താഴെ സംസ്ഥാനങ്ങൾക്കു മാത്രമേ തനത് ഗ്രന്ഥശാലാ നിയമങ്ങളുള്ളൂ. രാജ്യത്തെ അൻപതിനായിരത്തോളം ഗ്രന്ഥശാലകളിൽ ഭൂരിഭാഗമുള്ള കേരളത്തിന്റെ ആശങ്ക സ്വാഭാവികമാണ്. കേന്ദ്ര സർക്കാർ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത നിയമം നടപ്പിലാക്കുകയാണെങ്കിൽ അതോടെ സംസ്ഥാനാടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങൾ അസാധുവാകുകയും,​ നാം കേന്ദ്ര നി യമത്തിന്റെ പരിധിയിൽ വരികയും ചെയ്തേക്കാം. ഇതാണ് ജനാധിപത്യാധിഷ്ഠിതമായ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം നേരിടാൻ പോകുന്ന പ്രതിസന്ധി. ഇതൊക്കെയാണെങ്കിലും വായനാദിനം പകർന്നുനല്കുന്ന ഊർജ്ജം വലുതാണ്. വായനയുടെ പ്രാധാന്യം ഏതു തരത്തിലുള്ളതായാലും തിരിച്ചറിയുവാനും,​ പുസ്തകങ്ങൾക്കും വായനയ്ക്കും അതിജീവനം ഒരുക്കുവാനും വായനാദിനത്തിനു കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PN PANIKKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.