SignIn
Kerala Kaumudi Online
Tuesday, 02 July 2024 3.56 AM IST

പുതിയ സർക്കാരിനു വേണ്ടത് സമവായത്തിന്റെ സാമ്പത്തികം

indian-economy

രാജ്യത്ത്,​ സഖ്യസർക്കാരുകളുടെ തുടർക്കഥയിൽ പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം സമ്മതിദായകർ ഇത്തവണ വീണ്ടും അധികാരത്തിലേറ്റിയിരിക്കുന്നത് ഒരു സഖ്യ സർക്കാരിനെത്തന്നെയാണ്. സമന്വയത്തിന്റെ ഭരണക്രമത്തിനാണ് ഈ വിധിയെഴുത്തെന്ന് അർത്ഥം. ഇതിന് അനുസരണമായി, അനുരഞ്ജനത്തിന്റെയും ഉൾക്കൊള്ളലിന്റെയും പ്രയോഗരീതി മറ്റു രംഗങ്ങളിലെന്നപോലെ സാമ്പത്തിക കാര്യനിർവഹണ തുറകളിലും ഈ സഖ്യസർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

ഭാഗ്യവശാൽ സമവായത്തിന്റെ സാമ്പത്തികശാസ്ത്രം പ്രാവർത്തികമാക്കാനുതകുന്ന അനുകൂല ഘടകങ്ങൾ ഉരുത്തിരിഞ്ഞുവരുന്ന അവസരത്തിലാണ് മുന്നണി സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. ഒന്നാമത്തെ ഹിതകരമായ കാര്യം, സാമ്പത്തിക വളർച്ചയിലെ സമ്പന്നത തന്നെയാണ്. ഇക്കഴിഞ്ഞ മൂന്നു വർഷമായി സാമ്പത്തിക വളർച്ചാ നിരക്ക് ഏഴ് ശതമാനമോ അതിലധികമോ ആയിരുന്നു. നടപ്പ് വർഷവും (2024-25) വളർച്ചാനിരക്ക് 7.2 ശതമാനം ആയിരിക്കുമെന്നാണ് അനുമാനം.

കേന്ദ്ര ഖജനാവും സമ്പന്നതയുടെ നിറവിലാണ്. പ്രത്യക്ഷ നികുതി ഇനത്തിൽ 2023-24 ബഡ്‌ജറ്റിൽ കണക്കുകൂട്ടിയിരുന്നതിനേക്കാൾ1.5 ലക്ഷം കോടി രൂപയുടെ അധികവരുമാനം വന്നുചേർന്നിരിക്കുന്നു. പരോക്ഷ നികുതിയിലെ പ്രധാന ഇനമായ ജി.എസ്.ടി വഴിയുള്ള വരുമാന വളർച്ചയും റെക്കാർഡ് നിലയിലാണ്. പുതിയ സാമ്പത്തിക വർഷത്തെ ആദ്യമാസമായ ഏപ്രിലിൽ ജി.എസ്.ടി വഴി വന്നുചേർന്നിരിക്കുന്നത് 2.1 ലക്ഷം കോടി രൂപയാണ്. ഇതിനു പുറമേ, റിസർവ് ബാങ്ക് തങ്ങളുടെ ലാഭവിഹിതത്തിൽ നിന്ന് കേന്ദ്രത്തിന് നൽകാൻ പോകുന്ന 2.11 ലക്ഷം കോടി രൂപ എന്നത് കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടി തുകയാണ്.

സമ്പത്തുണ്ട്,​

തൊഴിലില്ല!

ഇപ്രകാരം ധനസൗഭാഗ്യങ്ങൾ കൈമുതലായുള്ള ഒരു മുന്നണി സർക്കാരിന് സമവായ സാമ്പത്തികത്തിന്റെ പ്രയോഗത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. സാമ്പത്തിക രംഗത്ത് സമരസപ്പെടലിന് വിധേയമാക്കേണ്ട രണ്ടു കാര്യങ്ങൾ മാത്രം പറയാം. ആദ്യത്തേത്,​ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ വളർച്ചയുടെയും രമ്യതപ്പെടലാണ്. രാജ്യത്ത് നല്ല സാമ്പത്തിക വളർച്ചയുണ്ടായെങ്കിലും അത് നല്ല തൊഴിലവസരങ്ങളുടെ ലഭ്യതയിലേക്ക് നയിക്കപ്പെട്ടിട്ടില്ല. തൊഴലുള്ളവരിൽ 90ശതമാനവും പണിയെടുക്കുന്നത് ജോലി സ്ഥിരതയും മെച്ചപ്പെട്ട കൂലിയുമില്ലാത്ത അസംഘടിത മേഖലകളിലാണ്. ഉത്പാദനക്ഷമത കുറഞ്ഞ കാർഷികവൃത്തിയിലും സ്വയം തൊഴിൽ രംഗങ്ങളിലുമാണ് ഭൂരിപക്ഷവും ഏർപ്പെട്ടിരിക്കുന്നത്.

മനുഷ്യർ സാമ്പത്തിക വളർച്ചയുടെ ലക്ഷ്യവും മാർഗവുമാകുന്ന സമന്വയം കൈവരിക്കാൻ നമുക്കായിട്ടില്ല. അതുകൊണ്ടുതന്നെ,​ ജോലി സ്ഥിരതയും വരുമാന സ്ഥിരതയും നൽകുന്ന 'ഡീസന്റ്" തൊഴിൽ വർദ്ധിപ്പിക്കാനുള്ള യത്നങ്ങൾക്ക് പുതിയ സർക്കാർ മുൻഗണന നൽകണം. അടിയന്തരമായി ചെയ്യാവുന്ന ഒരു കാര്യം കേന്ദ്ര സർവീസിൽ നിന്ന് വർഷംപ്രതി വിരമിക്കുന്നവരുടെ ഒഴിവുകളിലെ മൂന്നിലൊന്നിൽ പുതിയ നിയമനം നടത്തേണ്ടതില്ലെന്ന നയത്തിന്റെ തിരുത്തലാണ്. കേന്ദ്ര സർവീസിൽ ഇപ്പോഴുള്ള 10 ലക്ഷം വരുന്ന ഒഴിവുകൾ നികത്താനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാവുന്നതാണ്.

ഉത്പാദനത്തിലെ

ഊഷര കാലം

അതുപോലെതന്നെ,​ ബീഹാറിലും മറ്റും ചെറുപ്പക്കാരുടെ കടുത്ത പ്രതിഷേധത്തിനു വിഷയമായ 'അഗ്നിവീർ" എന്ന,​സേനയിലെ ഹ്രസ്വകാല തൊഴിൽ പദ്ധതി പിൻവലിക്കുകയും പഴയ റിക്രൂട്ട്മെന്റ് രീതിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നത് ഒരുകോടി യുവജനങ്ങൾ ഓരോ വർഷവും തൊഴിൽ പ്രായത്തിലെത്തുന്ന ഇന്ത്യയ്ക്ക് ഗുണകരമാകും. സംഘടിത മേഖലയായ വ്യവസായരംഗത്തെ ചരക്കുത്പാദന വിഭാഗം വളരാതെ നിൽക്കുന്നതാണ് സ്വകാര്യ മേഖലയിലെ തൊഴിൽ വരൾച്ചയിലേക്ക് നയിക്കപ്പെടുന്നത്. ചരക്കുത്പാദന രംഗത്തെ നിക്ഷേപം ഉയരാത്തതിന്റെ മുഖ്യകാരണം വ്യക്തികളുടെ ഉപഭോഗ ചെലവ് മന്ദീഭവിച്ചു നിൽക്കുന്നതാണ്. തൊഴിൽക്ഷാമവും കൂലിക്കുറവും ഗ്രാമീണ മുരടിപ്പും വിലക്കയറ്റവുമാണ് വ്യക്തിഗത ഡിമാന്റിനെ താഴ്‌ത്തിനിറുത്തുന്ന ഘടകങ്ങൾ. ഇത്തരം ദുർഘടങ്ങൾ മറികടക്കാനുള്ള നയങ്ങളും നടപടികളും അനിവാര്യമാകുന്നു.

സഖ്യ സർക്കാരിനുള്ള വിധിയെഴുത്തിൽ ആവശ്യപ്പെടുന്ന മറ്റൊരു അനുരഞ്ജന തലം,​ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സമരസപ്പെടലാണ്. കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ കുറേക്കൂടി ഉദാരമായ സമീപനം സ്വീകരിക്കാവുന്ന ധനസ്ഥിതിയിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. കേന്ദ്ര നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുമായി പങ്കിടാത്ത സെസിന്റെയും സർചാർജിന്റെയും അനുപാതം ഉയർന്നുവരുന്നത് നല്ല പ്രവണതയല്ല. 2014-15ൽ മൊത്തം നികുതി വരുമാനത്തിൽ ഇവയുടെ പങ്ക് 9.5 ശതമാനം ആയിരുന്നത് ഇപ്പോൾ 23 ശതമാനമായി ഉയർന്നിരിക്കുന്നു. ഒന്നുകിൽ ഈ അനുപാതം കുറയ്ക്കണം; അല്ലെങ്കിൽ ഇവയും സംസ്ഥാനങ്ങളുമായി പങ്കിടാനുള്ള നിയമനിർമ്മാണം ആലോചിക്കണം.

കഴിഞ്ഞ ധനകാര്യ കമ്മിഷൻ കേന്ദ്ര വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്ന് ശുപാർശ ചെയ്തെങ്കിലും യഥാർത്ഥത്തിൽ ലഭ്യമായത് 32 ശതമാനമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ അവതരിപ്പിക്കാനും കൂടിയാലോചനകളിലൂടെ പരിഹരിക്കാനുമുള്ള ഒരു വേദിയില്ലെന്നത് സമവായ സമീപനത്തിനുള്ള പ്രതിബന്ധമാകുന്നു. പണ്ടൊക്കെ ആസൂത്രണ കമ്മിഷനെന്ന നിയമപരമായ തട്ടകമുണ്ടായിരുന്നു. അതിനുപകരം വന്ന നീതി ആയോഗിന് കൂടുതൽ അധികാരങ്ങൾ നൽകുകയും,​ അതിനെ കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകൾക്കും തുടർനടപടികൾ സമർപ്പിക്കാനുമുള്ള വേദിയായും സജ്ജമാക്കാവുന്നതാണ്. ചുരുക്കത്തിൽ,​ മുന്നണി സർക്കാരിന്റെ തത്വശാസ്ത്രത്തിന് അനുസരണമായ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.