കൽപ്പറ്റ: രണ്ടായിരത്തിലാണ് ഒ.ആർ.കേളു തിരുനെല്ലി പഞ്ചായത്തിലെ പതിനാലാം വാർഡിൽ മത്സരിക്കുന്നത്. സംഘാടന മികവുകൊണ്ടും പെരുമാറ്റം കൊണ്ടും ശ്രദ്ധനേടിയ കേളുവിൽ അന്നേ ഒരു നേതാവിനെ നാട്ടുകാർ കണ്ടു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പുത്തംമിറ്റത്തെ രാമൻ -അമ്മു ദമ്പതികളുടെ മകനാണ് ഒ.ആർ.കേളു.
സി.പി.എം പ്രവർത്തകനായ കേളു ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ചു. അഞ്ചുവർഷം വാർഡ് അംഗം എന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെ മികച്ച ജനപ്രതിനിധിയാണെന്ന് തെളിയിച്ചു. പിന്നീട് ഇതേ ഗ്രാമപഞ്ചായത്തിൽ 8, 7 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2015 വരെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോൺഗ്രസിനുകൂടി സാദ്ധ്യതയുള്ള മാനന്തവാടി നിയോജക മണ്ഡലത്തിൽ മന്ത്രിയായി തിളങ്ങിയ പി.കെ. ജയലക്ഷ്മിയുടെ എതിർ സ്ഥാനാർത്ഥിയായാണ് കേളുവിനെ 2016 ൽ പരീക്ഷിക്കുന്നത്. മന്ത്രി പ്രൗഢിയിൽ മത്സരിക്കുന്ന ജയലക്ഷ്മിയോട് ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമോ എന്ന് ആശങ്ക ഇടതു ക്യാമ്പിലുണ്ടായിരുന്നു. കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.കെ ജയലക്ഷ്മി വീണ്ടും വിജയിക്കും എന്നായിരുന്നു യു.ഡി.എഫിന്റെ അവകാശവാദം. വോട്ടെണ്ണിയപ്പോൾ 1087 വോട്ടിന് കേളു വിജയിച്ചു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ച കേളു വോട്ടർമാരുടെ സ്വീകാര്യത ഏറ്റുവാങ്ങി. 2021ലും എതിരാളി കോൺഗ്രസിലെ പി.കെ. ജയലക്ഷ്മി തന്നെ. ഫലം വന്നപ്പോൾ 9,300 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേളു വീണ്ടും ജയിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ വയനാടിന്റെ പ്രതിനിധിയായി കേളുവിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് മത്സരിക്കുന്നുവെന്ന തീരുമാനം വന്നപ്പോൾ കേളുവിന്റെ മന്ത്രി സാദ്ധ്യത തെളിഞ്ഞുവന്നു. ആലത്തൂരിൽ നിന്ന് രാധാകൃഷ്ണൻ ലോക്സഭയിലേക്ക് എത്തിയപ്പോൾ അടുത്ത മന്ത്രിയാരെന്ന് സി.പി.എമ്മിന് അധികം ആലോചിക്കേണ്ടിവന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |