SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.29 AM IST

അധികം കാലമൊന്നും വേണ്ട, ലോകം ഭരിക്കാൻ പോകുന്നത് ഒരു തായ്‌വാൻകാരനായിരിക്കും

Increase Font Size Decrease Font Size Print Page
nvidia

നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ (എ.ഐ) സാങ്കേതികവിദ്യയ്ക്ക് പ്രിയമേറിയതോടെ അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ കോർപ്പറേഷൻ സൃഷ്ടിച്ചത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പുതിയ ചരിത്രം! മികച്ച പ്രവർത്തനഫലത്തിന്റെയും നിക്ഷേപകരുടെ ആവേശത്തിന്റെയും കരുത്തിൽ കമ്പനിയുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോള മേഖലയിലെ വമ്പന്മാരായ മൈക്രോസോഫ്ടിനെയും ആപ്പിളിനെയും പിന്തള്ളി ഈ നേട്ടം കൈവരിക്കാൻ എൻവിഡിയയ്ക്കു കഴിഞ്ഞത്. കമ്പനിയുടെ ഓഹരി വില 136 ഡോളറിലേക്ക് ഉയർന്നതോടെ വിപണി മൂല്യം 3.35 ലക്ഷം കോടി ഡോളറിലെത്തി.

നിർമ്മിത ബുദ്ധി അതിവേഗം ജനപ്രിയമാകുന്നതിനാൽ എൻവിഡിയയുടെ ഗ്രാഫിക് പ്രോസസറുകൾ, കംപ്യൂട്ടർ ചിപ്പ്‌സെറ്റുകൾ എന്നിവയുടെ വില്പനയും കുതിക്കുകയാണ്. ലോകത്തിലെ ഏറ്റവും ആധുനികമായ സൂപ്പർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടർ ചിപ്പുകളിൽ 70 ശതമാനത്തിലധികവും എൻവിഡിയയുടെ ഉത്പന്നങ്ങളാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസ കാലയളവിൽ കമ്പനിയുടെ വരുമാനം മൂന്നിരട്ടി വർദ്ധിച്ച് 2,600 കോടി ഡോളറിലെത്തിയിരുന്നു.

പിന്നിലാകുന്ന ഭീമന്മാർ

1925-നു ശേഷം ഏറ്റവും ഉയർന്ന വിപണി മൂല്യം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ അമേരിക്കൻ വ്യവസായ ഭീമനാണ് എൻവിഡിയ. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളായ യു.എസ്.എ, ചൈന, ജർമ്മനി, ജപ്പാൻ, ഇന്ത്യ, യു.കെ ഒഴികെയുള്ള രാജ്യങ്ങളുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തേക്കാൾ കൂടുതലാണ് നിലവിൽ എൻവിഡിയയുടെ മൂല്യം. ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയിൽ 170 ശതമാനം വർദ്ധനയാണുണ്ടായത്. ഇക്കാലയളവിൽ മൈക്രോസോഫ്‌ടിന്റെ ഓഹരി വില ഉയർന്നത് 19 ശതമാനം മാത്രമാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ കമ്പനിയുടെ വിപണി മൂല്യം 1.2 ലക്ഷം കോടി ഡോളറായിരുന്നു. 2022 ഒക്ടോബറിനേക്കാൾ 1,100 ശതമാനം വർദ്ധനയാണ് ഓഹരി വിലയിലുണ്ടായത്. മൂന്നു വർഷത്തിനിടെ എൻവിഡിയ ഓഹരികൾ വാങ്ങിയവർക്ക് നാനൂറ് ഇരട്ടിയിലധികം വരുമാനമാണ് ലഭിച്ചത്.

1999ൽ പ്രാരംഭ ഓഹരി വില്പനയിലൂടെ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത എൻവിഡിയ ദീർഘകാലം ചെറുകിട, ഇടത്തരം കമ്പനിയെന്ന നിലയിൽ കാര്യമായ നിക്ഷേപകശ്രദ്ധ കിട്ടാതെ കിടന്നു. ഇതിനിടെ മൈക്രോസോഫ്ട്, സോണി എന്നിവയുമായി സഹകരിച്ച് പുതിയ പ്രോസസറുകൾ നിർമ്മിച്ച് പുതിയ ഉയരങ്ങളിലേക്കു നീങ്ങി. നിലവിൽ ടെസ്‌ലയും ആമസോണും ഔഡിയും മുതൽ ഇന്ത്യയിലെ ഇൻഫോസിസും ജിയോയുമെല്ലാം എൻവിഡിയയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓപ്പൺഎ.ഐയുടെ ചാറ്റ് ജി.പി.ടിയുടെ വരവാണ് എൻവിഡിയയുടെ തലവര മാറ്റിയത്. പതിനായിരം എൻവിഡിയ ചിപ്പുകളുടെ സഹായത്തോടെയാണ് ചാറ്റ് ജി.പി.ടി നിർമ്മിച്ചതെന്ന വാർത്തകൾ പുറത്തുവന്നതോടെ നിക്ഷേപകരും വൻകിട ഫണ്ടുകളും ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടി.

തലവര മാറ്റിയ ജി.പി.യു

ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകളുടെ (ജി.പി.യു) നിർമ്മാണത്തിലെ വിപ്ളവകരമായ മാറ്റങ്ങളാണ് എൻവിഡിയയുടെ കുതിപ്പിന് തുടക്കമിടുന്നത്. ഗെയ്‌മിംഗ് മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ജി.പി.യു പിന്നീട് നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള മറ്റ് പ്രധാന മേഖലകളിലും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തിന് ഏറ്റവും അനുയോജ്യമായ ചിപ്പ്സെറ്റുകൾ എൻവിഡിയുടേതാണെന്ന് വിലയിരുത്തി ആഗോള ഭീമന്മാർ കമ്പനിയുടെ ഉപഭോക്താക്കളായി. ടെക്സ്റ്റും ദൃശ്യങ്ങളും മൾട്ടിമീഡിയയും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടിയുടെ സാങ്കേതികവിദ്യയെ പിന്താങ്ങുന്ന ജനറേറ്റീവ് എ.ഐ പ്രോസസറുകൾക്ക് ഏറ്റവും യോജിക്കുന്നതാണ് എൻവിഡിയ ചിപ്പുകൾ.

ജെൻസെൻ ഹ്യുവാംഗ്, ക്രിസ് മലകൗസ്ക്കി, കുർട്ടിസ് പ്രിയേം എന്നീ മൂന്ന് എൻജിനിയർമാർ ചേർന്ന് 1993-ൽ നെക്‌റ്റ് വിഷൻ (എൻ.വി) എന്ന പേരിൽ കാലിഫോർണിയയിൽ തുടങ്ങിയ കമ്പനിയാണ് എൻവിഡിയ. 1995ൽ എൻ.വി-1 എന്ന പേരിൽ ആദ്യ പ്രോസസർ പുറത്തിറക്കി. 1999 മുതൽ 2005 വരെ പ്രധാനമായും ഗെയിമിംഗ് ഗ്രാഫിക്സ് മേഖലയിൽ ഗോഫോഴ്സ് സീരീസുമായി മേധാവിത്വം പുലർത്തി. ഇതിനിടെ ത്രിഡി എഫ്എക്സെന്ന ഗ്രാഫിക് കാർഡ് കമ്പനിയെ ‌ഏറ്റെടുത്ത് വിപണി വികസിപ്പിച്ചു. 2009- ൽ ആദ്യ ടെഗ്രാ പ്രോസസർ വികസിപ്പിച്ച് എൻവിഡിയ മൊബൈൽ ഫോൺ വിപണിയിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിച്ചു. 2018 മുതൽ കമ്പനി പൂർണമായും നിർമ്മിത ബുദ്ധിയിലും ഡാറ്റ സെന്ററുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, JENSEN HUANG, NVIDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.