വാഷിംഗ്ടൺ: തീരുവ തർക്കത്തെ തുടർന്ന് തടസപ്പെട്ട ആറാം റൗണ്ട് ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകൾ ഇന്ന് പുനഃരാരംഭിക്കാനിരിക്കെ,കർഷക താത്പര്യങ്ങൾ ബലികഴിച്ച് കാർഷിക-ക്ഷീര വിപണികളിൽ യു.എസ് ഉത്പന്നങ്ങളുടെ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ.
വിലകുറഞ്ഞ അമേരിക്കൻ ഉത്പന്നങ്ങൾക്ക് പ്രവേശനം അനുവദിച്ച് കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിവർക്ക് തൊഴിൽ നൽകുന്ന വിപണികളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാര കരാർ ലക്ഷ്യമിട്ടുള്ള ചർച്ചയ്‌ക്കായി ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം ഇന്നലെ ഡൽഹിയിലെത്തി. വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലെ ഇന്ത്യൻ സംഘവുമായി ഇന്ന് ചർച്ച നടത്തും. നവംബറോടെ ആദ്യഘട്ട കരാറുകൾ അന്തിമമാക്കലാണ് ലക്ഷ്യം.
ധാന്യം, സോയാബീൻ, ആപ്പിൾ, ബദാം, എത്തനോൾ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ കുറയ്‌ക്കണമെന്ന യു.എസ് നിർദ്ദേശവും ഇന്ത്യ തള്ളിയിരുന്നു. ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ വ്യാപാര പങ്കാളികൾക്കും ഇന്ത്യ തീരുവ ഇളവുകൾ നൽകിയിട്ടില്ല അതേസമയം,തീരുവ തർക്കങ്ങൾ ഉഭയകക്ഷി ബന്ധത്തെയും ബാധിക്കുമെന്ന ആശങ്കയിൽ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് മുൻകൈയെടുത്തെത്ത്. ഇന്ത്യയ്ക്കും യു.എസിനുമിടയിലെ വ്യാപാര തടസങ്ങൾ ചർച്ചയിലൂടെ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ യു.എസ് 50 ശതമാനമാക്കിയതോടെയാണ് ( 25 ശതമാനം പകരച്ചുങ്കവും 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതിനും) ചർച്ചകൾ തടസപ്പെട്ടത്.
ചോളത്തിന്റെ
പേരിൽ ഭീഷണി
അമേരിക്കൻ ചോളം വാങ്ങാൻ വിസമ്മതിച്ചാൽ ഇന്ത്യയ്ക്ക് തങ്ങളുടെ വിപണിയിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടേക്കാമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നികിന്റെ മുന്നറിയിപ്പ്
അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ കുറച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് കഠിനമായ സമയം നേരിടേണ്ടി വരുമെന്നും ഭീഷണി
140 കോടി ജനങ്ങളുണ്ടെന്ന് വീമ്പിളക്കുന്ന ഇന്ത്യ,ഒരു ബുഷൽ (ഒരു ധാന്യ അളവ്) അമേരിക്കൻ ചോളം പോലും വാങ്ങുന്നില്ലെന്നും അമേരിക്കൻ ഉത്പന്നങ്ങൾക്കെല്ലാം ഉയർന്ന തീരുവ ചുമത്തുന്നെന്നും ലുട്‌നിക് ആരോപിച്ചു
ഇന്ത്യയെ പ്രശംസിച്ച് റഷ്യ
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സ്ഥിരമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നെന്നും റഷ്യ. ഭീഷണികൾക്ക് വഴങ്ങാതെ നിലപാടിൽ ഉറച്ചു നിൽക്കുന്ന ഇന്ത്യയെ റഷ്യ പ്രശംസിക്കുകയും ചെയ്തു. റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ഉയർന്ന തീരുവ ചുമത്തണമെന്ന് ജി - 7 രാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ട പിന്നാലെയാണ് പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |