തൃശൂർ: തൃശൂരിൽ ബി.ജെ.പിയുടെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. എന്നാൽ പാർട്ടിയുടെ ജാഗ്രതക്കുറവിൽ ആരെയും പേരുപറഞ്ഞ് കുറ്റപ്പെടുത്തിയില്ല. തോൽവിയിൽ ആത്മവിമർശനം മതിയാകുമെന്നും സി.പി.ഐയുടെ ആക്ഷേപം എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയിലാണ് ചർച്ച ചെയ്യേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ ഒന്നാകെയുള്ള വീഴ്ചയാണ്. ഇതിൽ ഏതെങ്കിലും വ്യക്തിയെയോ ഘടകത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബി.ജെ.പിയുടെ വളർച്ച മാത്രമല്ല വ്യാപകമായി പുതിയ വോട്ട് ചേർത്തതും അതിൽ പലതും മറ്റുള്ളവരുടെ വോട്ടുകളായിരുന്നെന്ന പരാതിയിലും കൃത്യസമയത്ത് നടപടിയെടുത്തില്ല. ഇത് പാർട്ടിയുടെ വീഴ്ചയാണ്.
അണികളുടെയോ നേതാക്കളുടെയോ കൃത്യമായ ഇടപെടലുണ്ടായില്ല. ഇത് ബി.ജെ.പിക്ക് ഗുണം ചെയ്തു. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിൽ പാർട്ടിയുടെ ഒരു കോടിയോളം രൂപ പിൻവലിച്ചെന്ന ആരോപണം ഉയർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിലും കാലതാമസമുണ്ടായി. കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.കെ.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |