തിരുവനന്തപുരം: പി.പി.ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഉപ തിരഞ്ഞെടുപ്പ് സമ്മർദ്ദം കൊണ്ടെന്ന് വിലയിരുത്തൽ. ജാമ്യഹർജിയിൽ തലശേരി സെഷൻസ് കോടതി വിധി പറയുന്നതിന്റെ തലേദിവസം അടിയന്തര ജില്ലാ കമ്മിറ്റി ചേർന്ന് ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്താൻ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ച പ്രകാരമെന്നാണ് സൂചന. ജാമ്യം ലഭിക്കാനിടയായ സാഹചര്യങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
'തനിക്ക് തെറ്റു പറ്റിപ്പോയി" എന്ന് നവീൻ ബാബു സമ്മതിച്ചതായി ജില്ലാ കളക്ടർ പൊലീസിന് നൽകിയ വിവാദ മൊഴിയാണ് ജാമ്യത്തിന് ദിവ്യയുടെ അഭിഭാഷകൻ മുഖ്യമായും കോടതിയിൽ ആയുധമാക്കിയത്. ആരോപണ വിധേയനായ ജില്ലാ കളക്ടറെ മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ ജീവനക്കാരനായിരിക്കെ പെട്രോൾ പമ്പിന് എൻ.ഒ.സി നേടിയെടുത്ത പ്രശാന്തനെതിരെ പൊലീസ് കേസെടുത്തില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രശാന്തൻ അയച്ചതായി പറയുന്ന പരാതി വ്യാജ ഒപ്പിട്ടതാണെന്ന് തെളിഞ്ഞിട്ടും കോടതിൽ പ്രോസിക്യൂഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടുകയോ, ദിവ്യയ്ക്കെതിരായ കേസിൽ പൊലീസ് പ്രതി ചേർക്കുകയോ ചെയ്തില്ല. ഈ സാഹചര്യങ്ങളാണ് ദിവ്യയ്ക്ക് അനുകൂലമായി മാറിയതെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.
ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിന്യായത്തിൽ കോടതി പറഞ്ഞത് സംശയം ബലപ്പെടുത്തുകയും ചെയ്തു. പ്രതിക്കനുകൂലമായി പ്രോസിക്യൂഷൻ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
തിരിച്ചുവരവിന്
സാദ്ധ്യതയേറെ
വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ദിവ്യ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ തിരിച്ചെത്തിയേക്കുമെന്നാണ് പാർട്ടിക്കാരും കരുതുന്നത്.
ദിവ്യ നല്ല പാർട്ടി കേഡറാണെന്നും തെറ്റ് പറ്റിപ്പോയതാണെന്നുമുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശം ഇതിന് തെളിവാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സുരക്ഷിത സീറ്റിൽ നിറുത്തി ജയിപ്പിക്കാനുള്ള നീക്കം നടക്കാനിടയില്ലെന്ന് മാത്രം.
പാലക്കാട്ട്
പണി പാളി
ദിവ്യ വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പാർട്ടി നടത്തിയ ട്രോളി ബാഗ് ഓപ്പറേഷനും പാളിയ മട്ടാണ്. ബി.ജെ.പിക്ക് പിന്നാലെ കോൺഗ്രസിനെയും കള്ളപ്പണക്കേസിൽ കുടുക്കുകയായിരുന്നു തന്ത്രം.
പക്ഷേ, ഹോട്ടലിൽ അർദ്ധരാത്രി പൊലീസ് നടത്തിയ നിയമ ലംഘനവും പൊലീസിന് പകരം സി.പി.എം സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതും തിരിഞ്ഞു കുത്തി. വനിതാ നേതാക്കളുടെ മുറിയിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിൽ കള്ളപ്പണം കണ്ടെത്താനുമായില്ല. സംഭവ ദിവസം രാത്രി ഹോട്ടലിലും പുറത്തും സി.പി.എം- ബി.ജെ.പി പ്രവർത്തകർ ഒത്തുചേർന്ന് തങ്ങളെ നേരിട്ടത് ഒത്തുകളിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. പെട്ടിയുടെ പിന്നാലെ പോകാതെ, രാഷ്ട്രീയ പ്രശ്നങ്ങൾ പ്രചാരണ വിഷയമാക്കണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസിന്റെ തുറന്നുപറച്ചിലും ജില്ലാ സെക്രട്ടറി അത് അംഗീകരിക്കാത്തതും പാർട്ടിയിലെ ഭിന്നതയും വിളിച്ചോതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |