SignIn
Kerala Kaumudi Online
Saturday, 03 August 2024 2.04 PM IST

കോഴിക്കോട് എന്ന സാഹിത്യ നഗരം

kozhikkod

പുറംലോകവുമായി ഒരുപക്ഷേ വ്യാപാരബന്ധം സ്ഥാപിച്ച കേരളത്തിലെ ആദ്യ നഗരം കോഴിക്കോട് ആയിരിക്കണം. വാസ്‌കോഡഗാമ ആദ്യം വന്നിറങ്ങിയത് കോഴിക്കോടാണ്. അറബികളെയും പോർച്ചുഗീസുകാരെയുമൊക്കെ സഹൃദയം സ്വാഗതം ചെയ്‌‌ത നാടാണത്. സാംസ്കാരികമായ ഒരു ഉന്നത നിലവാരം കോഴിക്കോട്ടുകാർ നൂറ്റാണ്ടുകളായി ഇടമുറിയാതെ സൂക്ഷിച്ചുപോന്നിരുന്നു. ഇതിന് അവരെ പ്രാപ്തരാക്കിയത് സാഹിത്യവുമായുള്ള അവരുടെ ആത്മബന്ധമാണ്. സംഗീത രാവുകളുടെയും നാടകങ്ങളുടെയും സാഹിത്യ വിചാരങ്ങളുടെയും മറ്റുമുള്ള കൂട്ടായ്‌മയാണ് കോഴിക്കോടിന്റെ സൗഹൃദങ്ങളെ എന്നും പുഷ്ടിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തിലെ വലിയ എഴുത്തുകാരും ചിത്രകാരന്മാരുമൊക്കെ പോകാനും താമസിക്കാനും ഇഷ്ടപ്പെട്ട നഗരം പാരീസായിരുന്നു. അതിന്റെ കാരണം ആ നഗരം കലാകാരന്മാരെ ബഹുമാനപൂർവം ആദരിക്കുകയും സത്കരിക്കുകയും ചെയ്തിരുന്നു എന്നതാണ്.

കേരളത്തിലും ഏറ്റവും വലിയ എഴുത്തുകാരിൽ ചിലരെങ്കിലും താമസിക്കാൻ തിരഞ്ഞെടുത്ത നഗരം കോഴിക്കോടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും എം.ടി. വാസുദേവൻ നായരും മറ്റും അക്ഷരങ്ങളാൽ മലയാള സാഹിതിയെ ധന്യമാക്കിയത് കോഴിക്കോട് വസിച്ചുകൊണ്ടാണ്. ലക്ഷണമൊത്ത കേരളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ പിറന്നതും കോഴിക്കോട്ടുകാരനായ ഒ. ചന്തുമേനോനിൽ നിന്നാണ്. കഥയെക്കാൾ ആസ്വാദ്യതയോടെ ലേഖനങ്ങൾ വായിക്കാനാവുമെന്ന് എഴുത്തിന്റെ സരസതയിലൂടെയും മൂർച്ചയിലൂടെയും തെളിയിച്ച സഞ്ജയന്റെ നാടും അതാണ്. ഇന്ത്യയിലെ ഏക സാഹിത്യ നഗരമെന്ന അംഗീകാരത്തിന് യുനെസ്‌കോ കോഴിക്കോടിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ ഒക്ടോബറിലാണെങ്കിലും, അതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് കോഴിക്കോട്ട് നടത്തിയത്. ലോകത്തെ സർഗാത്‌മ നഗരങ്ങളുടെ പട്ടികയിൽ യുനെസ്‌കോ പുതുതായി ചേർത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഉൾപ്പെട്ടത്. സംഗീത നഗരമായി ഗ്വാളിയറിനെയും തിരഞ്ഞെടുത്തു.

ഈ അംഗീകാരം കോഴിക്കോടിന്റെ പെരുമ അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ ഏറെ സഹായം നൽകുന്നതാണ്. സാഹിത്യനഗര പദവിക്കായി കോഴിക്കോട് നഗരസഭ രണ്ടുവർഷത്തിലധികമായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. കോഴിക്കോട് നഗരസഭ ഇക്കാര്യത്തിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അഞ്ഞൂറിലേറെ ഗ്രന്ഥശാലകളും വലുതും ചെറുതുമായ എഴുപതിലേറെ പുസ്തക പ്രസാധക സ്ഥാപനങ്ങളുമുള്ളതാണ് കോഴിക്കോടിന് ഈ അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്. കൂടാതെ നഗരത്തിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ പരിപാടികളുടെ എണ്ണവും പങ്കാളിത്തവും മറ്റും പരിഗണിക്കപ്പെട്ടു.

കോഴിക്കോടിന്റെ കഥ പറഞ്ഞ് ജ്ഞാനപീഠം നേടിയ എസ്.കെ. പൊറ്റെക്കാട്ടാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അക്കാലത്ത് പോയി മറുനാടുകളെ മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയ വ്യക്തി.

തിക്കൊടിയൻ, കെ.ടി. മുഹമ്മദ്, ഉറൂബ്, യു.എ. ഖാദർ, കുഞ്ഞുണ്ണി മാഷ്, എൻ.എൻ. കക്കാട്, അരവിന്ദൻ, പട്ടത്തുവിള കരുണാകരൻ, പുനത്തിൽ കുഞ്ഞബ്‌ദുള്ള, നമ്പൂതിരി തുടങ്ങി എത്രയോ പേരുടെ പേരുകൾ കോഴിക്കോട് നഗരവുമായി ചേർത്തുവച്ച് ഓർമ്മിക്കാനാവും. സാഹിത്യത്തിന്റെ മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഗസലുകളുടെയും സിനിമകളുടെയും നഗരം കൂടിയാണ് കോഴിക്കോട്. വലിപ്പചെറുപ്പമില്ലാതെ ആർക്കും സാഹിത്യത്തിന്റെയും നാടകത്തിന്റെയും സിനിമയുടെയും മറ്റും ഭാഗമായി മാറാൻ കോഴിക്കോട് പോലെ അനുയോജ്യമായ സാഹചര്യമൊരുക്കുന്ന മറ്റൊരു നഗരം കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ജീവിതത്തിൽ ഇല്ലാത്ത സമഭാവന പലപ്പോഴും സാഹിത്യത്തിൽ കാണാനാവും. ഇതുൾക്കൊണ്ട് വളർന്നതിനാലാവും കോഴിക്കോട് ഉന്നതമായ മാനവിക മൂല്യങ്ങൾ എന്നും പുലർത്തിയിരുന്നതും സൗഹൃദങ്ങൾക്കും രുചികൾക്കും നല്ലയിടമായി മാറിയതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.