SignIn
Kerala Kaumudi Online
Tuesday, 09 July 2024 11.24 PM IST

അൽക്കയുടെ കേൾവി നഷ്ടം, വില്ലനായത് ഹെഡ്ഫോൺ?

alka

പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്കിന് അപ്രതീക്ഷിതമായി കേൾവി നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ചർച്ചകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുകയാണ്. ഈ മാസം 18 ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ കേൾവി നഷ്ടപ്പെട്ട കാര്യം ഗായിക അറിയിച്ചത്. കോക്ലിയർ ഇംപ്ലാന്റേഷൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയക്ക് വിധേയമായാലും അനുഗ്രഹീത ഗായികയുടെ സംഗീതലോകത്തേക്കുള്ള മടങ്ങിവരവിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുകയാണ്. ഇതോടെ അൽക്കയുടെകേൾവി നഷ്ടം സംഗീത ലോകത്തിനും തീരാ നഷ്ടമാകുകയാണ്. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ സിനിമകൾക്കും ആൽബങ്ങൾക്കുമായി 20,000ത്തിലധികം ഗാനങ്ങൾ യാഗ്നിക് റെക്കോർഡ് ചെയ്തിട്ടുണ്ട്. ഹെഡ്‌ഫോണിന്റെ ഉപയോഗവും അമിത ശബ്ദത്തിലൂടെ നിരന്തരം കടന്നുപോകുമ്പോഴുള്ളതിന്റെ പരിണിതഫലും കേൾവി നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അൽക്ക തന്നെ ആരാധകർക്ക് നൽകിയ സാഹചര്യത്തിൽ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഇതോടൊപ്പം ചർച്ചയാകേണ്ടതുണ്ട്. മാറിയ കാലത്ത് ഹെഡ്‌ഫോണിനൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളിൽ മാറ്റം അനിവാര്യമാണ്.

അൽക്കയുടെ വാക്കുകൾ

കേൾവി നഷ്ടമുണ്ടായതിനെ കുറിച്ച് അൽക്കയുടെ വാക്കുകൾ ഇങ്ങനെയാണ്....."ഏതാനും ആഴ്ചകൾക്ക് മുമ്പ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടെന്ന്‌ കേൾവിക്ക് തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതായതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണ് എന്റെ കേൾവി നഷ്ടത്തിന് കാരണം. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നിങ്ങൾ എനിക്ക്‌വേണ്ടി പ്രാർത്ഥിക്കണം. ഉച്ചത്തിൽ പാട്ട്‌ കേൾക്കുന്നതും ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം. നിങ്ങളുടെ സ്‌നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയ ജീവിതത്തിലേക്കു മടങ്ങി വരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായക നിമിഷത്തിൽ നിങ്ങളുടെ സ്‌നേഹം എനിക്ക് ശക്തി നൽകട്ടെ,''

ഇത്തരമൊരു അവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് എന്ന അവസ്ഥയാണിത്. ഈ രോഗം പൊതുവേ ഏതെങ്കിലും ഒരു ചെവിയെയാണ് ബാധിക്കുക. വളരെ അപൂർവമായി രണ്ടു ചെവിയെയും ബാധിക്കും. അൽക്കയുടെ രണ്ട് ചെവിയെയും ബാധിച്ചതായാണ് അവർ വെളിപ്പെടത്തിയത്. ശബ്ദമലിനീകരണത്തെ തുടർന്ന് ചെവിയുടെ ക്ഷമത കുറഞ്ഞതും വൈറസ് ബാധയുമാണ് ഇത്തരം സാഹചര്യങ്ങളിൽ വില്ലനാകുന്നത്.കോക്ലിയയിൽ എത്തിയ ശബദ തരംഗങ്ങൾ തലച്ചോറിലേക്ക് എത്താതിരിക്കുന്ന സാഹചര്യമാണ് സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്. ഇതിനുള്ള ഞരമ്പുകളിലാണ് തകരാർ സംഭവിക്കുന്നത്. പ്രധാമായും പതിവായി ശബ്ദമലിനീകരണത്തിന് ഇരയാകുന്നവരുടെ ചെവിയുടെ ആന്തരിക ഭാഗങ്ങളുടെ ശേഷി കുറഞ്ഞുവരും. ഈ ഘട്ടത്തിൽ ശരീരത്തിലുണ്ടാകുന്ന ഏതൊരു അണുബാധയുംകോക്ലിയ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് കടന്നുവരും ഇത്‌ കേൾവി നഷ്ടമാക്കും. അപകടങ്ങൾ സംഭവിക്കുമ്പോൾ കോക്ലിയയിൽ നിന്നുള്ള ഞരമ്പുകൾ പൊട്ടുമ്പോഴും ഞരമ്പുകളിൽ ട്യൂമർ രൂപപ്പെടുമ്പോഴും ഇത്തരമൊരു അവസ്ഥയുണ്ടാകുമെന്ന് ഡോ.ജോൺ പണിക്കർ ചൂണ്ടിക്കാട്ടുന്നു.

കാരണങ്ങൾ പലത്,

കണ്ടെൽ പ്രധാനം

പെട്ടെന്നുള്ള കേൾവിക്കുറവ് താരതമ്യേന അപൂർവമാണെങ്കിലും ഇത് പ്രതിവർഷം ഒരു ലക്ഷംപേരിൽ അഞ്ച് മുതൽ 20പേരെ വരെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പല കേസുകളിലും കാരണം കണ്ടെത്താൻ സാധിക്കാറില്ല. വൈറൽ ആക്രമണം കാരണമാണ് പൊതുവേ സെൻസറി ന്യൂറൽ നെർവ് ഹിയറിംഗ് ലോസ് (എസ്.എൻ.എച്ച്.എൽ) സംഭവിക്കുന്നത്. തെറ്റായ രോഗനിർണയം സാധാരണമാണ്, ഇത്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനു കാരണമാണ്. രോഗത്തിനു പിന്നിലെ കാരണങ്ങൾ വ്യത്യസ്തമാണ്. വൈറൽ അണുബാധ മുതൽ ഹെർപസ്, അഞ്ചാംപനി, മുണ്ടിനീര്, വേരിസെല്ലസോസ്റ്റർ വൈറസുകൾ എന്നിവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാകാം. ഈ വൈറസുകൾ കോക്ലിയ അല്ലെങ്കിൽ കേൾവിയെ ബാധിക്കുന്ന ഞരമ്പുകൾക്ക്‌ കേടുവരുത്തുകയും പെട്ടെന്ന് കേൾവി നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. കൊവിഡ് ബാധിച്ച് ചെവിയിൽ അണുബാധ ഉണ്ടായി സെൻസറി ന്യൂറൽ ഹിയറിംഗ് ലോസ് ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തെങ്കിലും അപകടത്തിന്റെ ഫലമായോ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉച്ചത്തിലുള്ള ശബ്ദംകേൾക്കുക, പ്രായമാകൽ, ചെവിയിലുണ്ടാകുന്ന ജന്മനാലുള്ള വൈകല്യങ്ങൾ എന്നിവയും ഇതിന് കാരണമാകാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

മുൻകരുതൽ പ്രധാനം

ഹെഡ്ഫോണുകളുടെ ഉപയോഗം പരമാധി കുറയ്ക്കണം, ഉച്ചത്തിലുള്ള ശബ്ദത്തിൽനിന്ന് ചെവികളെ സംരക്ഷിക്കുക, ശുചിത്വം ശീലമാക്കുക തുടങ്ങിയവയിലൂടെ ചെവിയിലുണ്ടാകുന്ന അണുബാധ പ്രതിരോധിക്കാം. ഇതോടൊപ്പം വൈറൽ അണുബാധകൾക്കെതിരായ കുത്തിവെയ്പ്പുകൾ കൃത്യസമയത്ത് എടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പെട്ടെന്നുള്ള കേൾവി നഷ്ടമോ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായംതേടണം. ശബ്ദമലിനീകരണമുള്ള സാഹചര്യങ്ങളിൽ നിന്ന് ചെവിയെ സംരക്ഷിക്കുന്നതും ഇടയ്ക്കിടെ കേൾവി പരിശോധനകൾ നടത്തുന്നതും നല്ലതാണ്. സ്വയം പരിശോധനയും ചികിത്സയും ഒഴിവാക്കണം.

കേൾവി നഷ്ടപ്പെടുന്നത്

നിരവധി പേർക്ക്
ഗായികയ്ക്ക് മാത്രമാണ് ഉയർന്ന ശബ്ദം മൂലം കീഴിൽ നഷ്ടപ്പെട്ടത് എന്നുള്ളത് തെറ്റാണെന്നും 10,000 കണക്കിന് ആൾക്കാർക്കാണ് ഉയർന്ന ശബ്ദം കേൾക്കുന്നതുമൂലം കേൾവി നഷ്ടപ്പെടുന്നതെന്നും ഇ.എൻ.ടി വിദഗ്ദ്ധൻ ഡോ.സുൽഫി നൂറു ചൂണ്ടിക്കാട്ടുന്നു. സെലിബ്രിറ്റീസ് മുതൽ രാഷ്ട്രീയക്കാർ മുതൽ ഗായകന്മാർ മുതൽ നിരവധി പേരുണ്ട് ഇക്കൂട്ടത്തിൽ. അതിൽ ചെറുപ്പക്കാരുടെ എണ്ണം വളരെ വളരെ കൂടുതലും പ്രൊഫഷണൽ പാട്ടുകാർക്ക്, മാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഉയർന്ന ശബ്ദം കേൾക്കുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആൾക്കാർക്കിടയിൽ പെട്ടെന്നുള്ള കേൾവി കുറവ് വളരെ വളരെ കൂടുതൽ. ഗായിക ഒരുപക്ഷേ അത് തുറന്നു പറഞ്ഞു എന്ന് മാത്രം. വളരെ ഉച്ചത്തിൽ ഗാനങ്ങൾ കേൾക്കുക ഹെഡ്‌ഫോൺ ഉപയോഗിച്ച് സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുക തുടങ്ങിയവയൊക്കെ കേൾവി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമായേക്കാം. കഴിവതും വളരെ ഉച്ചത്തിലുള്ള ശബ്ദമുള്ള സ്ഥലത്ത് പോകാതിരിക്കുക. ഹെഡ്‌ഫോൺ ഉപയോഗിച്ചാൽ വോളിയം 50ശതമാനം താഴെ വയ്ക്കണമെന്നത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.