ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടാണെന്നും ജനാധിപത്യത്തെ അടിച്ചമർത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്നലെപാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂൺ 25 അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണ്. ഭരണഘടന സമ്പൂർണമായി ലംഘിക്കപ്പെട്ടതും രാജ്യത്തെ ജയിലാക്കി മാറ്റിയതും പുതുതലമുറ ഒരിക്കലും മറക്കില്ല. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനാധിപത്യവും പാരമ്പര്യവും സംരക്ഷിക്കാനും പ്രതിജ്ഞയെടുക്കാം. കേന്ദ്രസർക്കാർ ഭരണഘടന പ്രകാരം സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.
മൂന്നിരട്ടി അദ്ധ്വാനം, ഫലം
സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാം തവണയാണ് ഒരു സർക്കാർ മൂന്നാം തവണ അധികാരത്തിലെത്തുന്നത്. അതിനാൽ സർക്കാരിന്റെ ഉത്തരവാദിത്വം മൂന്നിരട്ടി വർദ്ധിച്ചു. മുമ്പത്തേക്കാൾ മൂന്നിരട്ടി കഠിനാദ്ധ്വാനം ചെയ്യുമെന്നും മൂന്നിരട്ടി ഫലം കൊണ്ടുവരുമെന്നും മോദി ഉറപ്പുനൽകി. പുതിയ എം.പിമാരിൽ രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്. അവസരം പൊതുക്ഷേമത്തിനും സേവനത്തിനും ഉപയോഗിക്കണം. പ്രതിപക്ഷം തങ്ങളുടെ പങ്ക് പരമാവധി നിർവഹിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ഒരു സർക്കാരിനെ നയിക്കാൻ ഭൂരിപക്ഷവും രാജ്യത്തെ നയിക്കാൻ സമവായവും പ്രധാനമാണ്. എല്ലാവരെയും ഒരുമിപ്പിച്ച് 140 കോടി പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ ശ്രമിക്കും. ഇത് 18-ാം ലോക്‌സഭയാണ്. ഗീതയിൽ കർമ്മം, കരുണ എന്നിവയുടെ സന്ദേശം നൽകുന്ന 18 അദ്ധ്യായങ്ങളുണ്ട്. 18 പുരാണങ്ങളും ഉപപുരാണങ്ങളുമുണ്ട്. ഇന്ത്യയിൽ വോട്ടുചെയ്യാനുള്ള നിയമപരമായ പ്രായം 18 വയസാണ്. 18-ാം ലോക്‌സഭ ഇന്ത്യയുടെ അനശ്വരതയാണെന്നും മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |