തിരുവനന്തപുരം: എറണാകുളത്ത് പാർട്ടി എം.എൽ.എ എൽദോ അബ്രഹാം,ജില്ലാ സെക്രട്ടറി പി.രാജു, അസി.സെക്രട്ടറി കെ.എൻ.സുഗതൻ എന്നിവരുൾപ്പെടെയുള്ള സി.പി.ഐ നേതാക്കളെ തല്ലിച്ചതച്ച പൊലീസ് നടപടിയെ ന്യായീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ നിലപാടിനെതിരെ പാർട്ടിയിൽ അതൃപ്തി പുകയുന്നു. കാനത്തിനെതിരെ വരുംദിവസങ്ങളിൽ നേതാക്കൾ പരസ്യമായി രംഗത്തെത്തുമെന്നാണ് സൂചന. അതിനിടെ ആലപ്പുഴയിൽ കാനത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പാർട്ടി ജില്ലാ കമ്മിറ്രി ഓഫീസിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. കാനത്തിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ് ഉയർന്നു തുടങ്ങിയതിന്റെ പ്രതിഫലനമാണ് പോസ്റ്ററെന്നാണ് വിലയിരുത്തൽ.
മുന്നണി ബന്ധം വഷളാവുമോ എന്നുപോലും നോക്കാതെ സി.പി.ഐയുടെ തത്വാധിഷ്ഠിത നിലപാട് ഉയർത്തിപ്പിടിക്കാൻ സർക്കാരിനും സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ പോലും പലപ്പോഴും പരസ്യപ്രതികരണം നടത്തിയിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മലക്കം മറിച്ചിൽ എന്തുകൊണ്ടാണെന്നാണ് പാർട്ടി നേതാക്കൾ ചോദിക്കുന്നത്. എറണാകുളത്തെ പൊലീസ് ലാത്തിച്ചാർജിനെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അംഗീകരിക്കാതിരുന്നപ്പോൾ പൊലീസിനെ ന്യായീകരിക്കുന്ന സമീപനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൈക്കൊണ്ടതിലാണ് അണികൾക്ക് രോഷം. ഇത് എന്തുകൊണ്ടാണെന്ന് പിടികിട്ടുന്നില്ലെന്ന് നേതാക്കൾ പറയുന്നു.
അതേസമയം കാനത്തിനുണ്ടായ മാറ്റം പെട്ടെന്നുണ്ടായതല്ലെന്ന് സി.പി.ഐയുടെ പ്രമുഖ നേതാവ് 'ഫ്ളാഷി'നോട് പ്രതികരിച്ചു. 'സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗങ്ങൾ പോലും വെറും ചടങ്ങുകൾ ആവുകയാണ്. പാർട്ടി മന്ത്രിമാരുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. രാവിലെ 11 മണിക്ക് തുടങ്ങുന്ന എക്സിക്യുട്ടീവ് യോഗം രണ്ടു മണിക്കൂർ കൊണ്ടവസാനിക്കും. ഗൗരവമായ ഒരു ചർച്ചയും നടക്കാറില്ല. ഇത് ഒരു തവണയോ രണ്ടുതവണയോ അല്ല. സ്ഥിരം ഇതാണ് പരിപാടി. ചർച്ചയേ നടക്കാറില്ല, എന്നിട്ട് വേണ്ടേ ആരെങ്കിലും ഗൗരവമായി സംസാരിക്കാൻ. പാർട്ടി സംസ്ഥാന അസി. സെക്രട്ടറിമാരുമായി ആലോചിച്ചായിരുന്നു പി.കെ.വി സെക്രട്ടറിയായിരുന്ന സമയത്ത് പ്രവർത്തിച്ചിരുന്നത്. തുടർന്ന് വന്ന വെളിയം ഭാഗവനും ഇതേ ശൈലിയാണ് അനുവർത്തിച്ചിരുന്നത്. ഇപ്പോഴത്തേത് ജനാധിപത്യപരമായ ലൈനല്ല. ഇപ്പോൾ ചർച്ചയില്ല. ആരും എതിര് പറയില്ല. കമ്മിറ്റികളിലധികവും റാൻ മൂളികളാണ്. ഇതൊരു പാർട്ടിയല്ലേ. അധികകാലം ഇങ്ങനെ കൊണ്ടുനടക്കാൻ പറ്രില്ല. ഇതിനെതിരെ പാർട്ടി പ്രവർത്തകരുടെ രോഷം പടരുകയാണ്'- എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവ് പറഞ്ഞത്.
കാനം രാജേന്ദ്രൻ ആരെയും കൂട്ടാതെ എ.കെ.ജി സെന്ററിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിലും പാർട്ടിയിൽ വിമർശനം ഉയരുന്നുണ്ട്. സാധാരണ ഗതിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പോകുമ്പോൾ അസി. സെക്രട്ടറിമാരിലാരെങ്കിലുമോ ദേശീയ കൗൺസിൽ അംഗങ്ങളോ മറ്ര് മുതിർന്ന നേതാക്കളോ ഒപ്പം പോകാറുണ്ട്. എന്നാൽ, ഇതൊരു സ്വകാര്യ സന്ദർശനം പോലെ തോന്നിയതായി ഒരു നേതാവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |