SignIn
Kerala Kaumudi Online
Saturday, 17 August 2024 3.57 PM IST

രാഹുൽ പ്രതിപക്ഷ നേതാവാകുമ്പോൾ

rahul-gandhi

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം 237 സീറ്റോടെ പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യം സഭയിൽ ഉറപ്പാക്കിയിട്ടുണ്ട്. പത്തുവർഷത്തിനു ശേഷം ഇതാദ്യമായി കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയും രാഹുൽഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പത്തുവർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കാൻ രാഹുൽഗാന്ധിക്ക് ലഭിക്കുന്ന വ്യക്തമായ അവസരമാണിത്. പ്രതിപക്ഷമെന്നാൽ ലോക്‌സഭയിലായാലും നിയമസഭകളിലായാലും സഭാ നടപടികൾ തടസപ്പെടുത്തുന്ന ഒരു പക്ഷം എന്ന ധാരണ സൃഷ്ടിക്കാൻ ഭരണപക്ഷാംഗങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. ചർച്ചകൾ ബഹിഷ്കരിച്ചുള്ള ഇറങ്ങിപ്പോക്ക് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗമായി പ്രതിപക്ഷം സ്വീകരിക്കുന്നത് പലപ്പോഴും ജനാധിപത്യത്തെ ദുർബലപ്പെടുത്താനേ ഇടയാക്കിയിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാകുന്നതിന് അത് വഴിയൊരുക്കുന്നതിനാലാണ് പല നിയമങ്ങളിലും ജനവിരുദ്ധമായ ഏകാധിപത്യ പ്രവണതകൾ കടന്നുകൂടുന്നത്. ബില്ലുകളെ സംബന്ധിച്ച് വ്യക്തമായി പഠിച്ച് കാര്യകാരണ സഹിതം അപാകതകൾ ചൂണ്ടിക്കാട്ടിയാൽ ഭൂരിപക്ഷമുണ്ടായാൽപ്പോലും ഭരണപക്ഷത്തിന് ബില്ലുകളിൽ മാറ്റം വരുത്തേണ്ട ആവശ്യകത ബോദ്ധ്യപ്പെടും. ഈ ഒരു പ്രക്രിയ ഇപ്പോൾ ജനപ്രതിനിധി സഭകളിൽ ഏതാണ്ട് ഇല്ലാതായി വരികയാണ്. ഇതിന് ഭരണപക്ഷത്തെക്കാളേറെ പ്രതിപക്ഷത്തിനെയാണ് കുറ്റപ്പെടുത്തേണ്ടത്. പ്രതിപക്ഷത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് സഭകളിൽ അവർ നടത്തുന്ന ക്രിയാത്മക ഇടപെടലുകളും ചർച്ചകളുമാണ്. ഈ വഴിക്ക് ഒരു മാറ്റം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധി ശ്രമിക്കേണ്ടതാണ്. ഭരണപക്ഷത്തിന്റെ എല്ലാ തീരുമാനങ്ങളെയും കണ്ണടച്ച് എതിർക്കുന്ന സമീപനമല്ല പ്രതിപക്ഷ നേതാവും പ്രതിപക്ഷ കക്ഷികളും സ്വീകരിക്കേണ്ടത്. ജനങ്ങൾക്ക് ഹിതകരവും ഗുണകരവുമായ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും അത് കൂടുതൽ സ്വീകാര്യമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്.

ദീർഘകാലത്തെ പൊതുപ്രവർത്തനവും ജനപരിചയവും ഈ കടമ വിജയകരമായി നിറവേറ്റാൻ രാഹുൽഗാന്ധിയെ സഹായിക്കുമെന്ന് കരുതാം. അതേസമയം സമൂഹത്തിൽ വേർതിരിവുകളും ചേരിതിരിവുകളും സൃഷ്ടിക്കുന്ന ഭരണ നടപടികളെ സഭയിലും പുറത്തും ശക്തിയുക്തം എതിർക്കാനുള്ള നേതൃശേഷിയും രാഹുൽഗാന്ധി പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ബി.ജെ.പിക്ക് പത്തുവർഷത്തിനു ശേഷം സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ലോക്‌സഭയാണിത്. പ്രധാനമായും തെലുങ്കുദേശം പാർട്ടിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണ ഭരണം നിലനിറുത്തുന്നതിന് ആവശ്യമാണ്. ജാതി സെൻസസ് നടത്തുന്നത് രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നതിന് ഇടയാക്കുമെന്നാണ് ബി.ജെ.പിയുടെ നിലപാട്. എന്നാൽ ജാതി സെൻസസ് രാജ്യത്തൊട്ടാകെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ബീഹാറിൽ നടപ്പിലാക്കുകയും ചെയ്ത പാർട്ടിയാണ് നിതീഷ്‌കുമാറിന്റെ ജെ.ഡി.യു. രാജ്യത്ത് ജാതി സെൻസസ് നടത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്.

ഇന്ത്യാ സഖ്യത്തിലെ പ്രമുഖ ഘടകകക്ഷികളിലൊന്നായ ഡി.എം.കെയും തമിഴ്‌നാട്ടിൽ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ ജാതി സെൻസസ് രാജ്യവ്യാപകമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കുകയും,​ പ്രതിപക്ഷ നേതാവെന്ന നിലയിൽ അതിനായി ശബ്ദമുയർത്തുകയും ചെയ്യാനുള്ള സുവർണാവസരമാണ് രാഹുൽഗാന്ധിക്ക് കൈവന്നിരിക്കുന്നത്. സന്ദർഭത്തിനൊത്ത് ഉയർന്ന് രാഷ്ട്രീയ പക്വതയോടെ ഈ അവസരം രാഹുൽ വിനിയോഗിച്ചാൽ മോദിക്കു പകരം നിൽക്കാൻ ഇന്ത്യയിൽ മറ്റൊരു നേതാവില്ലെന്ന ചിലരുടെ പ്രചാരണം അസ്ഥാനത്താകും. തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്തപ്പെടാനും,​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയങ്ങൾ ആവിഷ്‌കരിക്കപ്പെടാനും സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ നേതൃപദവി വിനിയോഗിക്കണം. രണ്ട് ഭാരത് ജോഡോ യാത്രകൾ രാഹുൽഗാന്ധിക്ക് വിപുലമായ അനുഭവസമ്പത്തും ജനങ്ങളുടെ മുഖ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന് നേരിട്ടറിയാനും അവസരം നൽകിയിരുന്നു. ഉപദേശകവൃന്ദത്തിന്റെ ചട്ടക്കൂടിനപ്പുറം ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം ഇടമുറിയാതെ കാത്തുസൂക്ഷിക്കാനായാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധിക്ക് ശോഭിക്കാനാവുമെന്നു തന്നെ കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.