മുംബയ്: രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ പരസ്പരം ബന്ധപ്പെടുവാന്‍ ഉപയോഗിക്കുന്ന മെസെഞ്ചര്‍ ആപ്പ് ആണ് വാട്‌സാപ്പ്. അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ച മെറ്റ എ.ഐ വലിയ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഇപ്പോഴിതാ വാട്‌സാപ്പ് ഉപയോഗിച്ച് വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കാം എന്ന സംവിധാനം കൊണ്ടുവരികയാണ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്‍ഡിഗോയുടെ പുതിയ നടപടി.
ഗൂഗിളിന്റെ റിയാഫി സാങ്കേതികവിദ്യയുമായി സഹകരിച്ചാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്. പോര്‍ട്ടബിള്‍ ഡിജിറ്റല്‍ ട്രാവല്‍ ഏജന്‍സിയായി ഇത് പ്രവര്‍ത്തിക്കും. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക, ചെക്ക്-ഇന്നുകളില്‍ സഹായിക്കുക, ബോര്‍ഡിംഗ് പാസുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, യാത്രയെക്കുറിച്ചോ ഫ്‌ളൈറ്റുകളെക്കുറിച്ചോ ഉള്ള ഇടയ്ക്കിടെയുള്ള അന്വേഷണങ്ങളോട് പ്രതികരിക്കുക എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങള്‍ ഈ ഫീച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പറയുന്നു.
വിമാനയാത്രയുടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയെന്നതാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമാനക്കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സേവനം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് നിലവില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാക്കുകയെന്നതാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടി +91 7065145858 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ഒരു ഹായ് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുള്ള മറുപടിയായി ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, വെബ് ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസുകള്‍, ഫ്‌ളൈറ്റ് സ്റ്റാറ്റസ് എന്നിങ്ങനെയുള്ള വിവിധ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം, തീയതി, സമയം എന്നിവ ചോദിച്ച് അടുത്ത സന്ദേശം എത്തും.
ഈ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളുടെ ചാര്‍ട്ട് നിങ്ങള്‍ക്ക് വാട്‌സാപ്പിലേക്ക് തന്നെ അയച്ച് തരും. ഇതില്‍ നിന്ന് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന വിമാനം തിരഞ്ഞെടുത്ത ശേഷം ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കണം. പേമെന്റ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാട്‌സാപ്പിലേക്ക് ടിക്കറ്റ് ഡോക്യുമെന്റ് അയച്ച് തരുന്നതോടെ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ പൂര്‍ത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |