നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദൻ. ചുരുക്കം സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരമായ നടിയുടെ മെഹന്തിയടക്കമുളള ആഘോഷങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം തന്നെ വൈറലായിരുന്നു.
താരസുന്ദരിമാരായ നസ്രിയ നസിം , സ്രിന്ധ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും മെഹന്തി ചടങ്ങിൽ പങ്കെടുത്തു. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഇരുവരും തമ്മിലുളള വിവാഹനിശ്ചയം നടന്നത്.
തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. എളമക്കര മുല്ലയിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര. അവതാരകയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പുതിയമുഖം, കറൻസി, സ്വപ്നസഞ്ചാരി, സീനിയേഴ്സ്, മല്ലുസിംഗ് തുടങ്ങിയവയാണ് മീരാ നന്ദൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |