കൊച്ചി: മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാണ് ഏലൂർ ടി.സി.സിയിൽ ഉദ്യോഗസ്ഥനായിരുന്ന എച്ച്. ബാലകൃഷ്ണ കാമത്തിന്റെയും ഭാര്യ ജയകാമത്തിന്റെയും ജീവിതം. കൊച്ചിയുടെ മരുമകളായ തിരുവനന്തപുരം പൂജപ്പുര സ്വദേശി ജയയെക്കുറിച്ച് 71ാം വയസിൽ സിനിമയിറങ്ങുന്നു. ക്യാമറാമാനും ഡോക്യുമെന്ററി സംവിധായകനുമായ എളമക്കര സ്വദേശി വി.കെ. സുഭാഷിന്റെ ആദ്യ ഫീച്ചർ സിനിമയാണിത്. മൺമറഞ്ഞ സുവർണകാലഘട്ടത്തെ പുനരാവിഷ്‌കരിക്കാൻ ഒരമ്മ നടത്തുന്ന ശ്രമങ്ങളാണ് ഇതിവൃത്തം. ജയകാമത്തായി ഷീലയാണ് മനസിൽ. ലാലു അലക്‌സ്, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവർക്കു പുറമേ അതിഥികളായി മെഗാസ്റ്റാറുകളുമെത്തും.
16 എം.എം യൂണിറ്റുമായി ഉത്സവപ്പറമ്പുകളിലും മറ്റും സിനിമ കാണിച്ചിരുന്ന സുഹൃത്തിന്റെ പാർട്ണറായി 1969ലാണ് ബാലകൃഷ്ണ കാമത്ത് സിനിമാലോകത്തെത്തിയത്. ഭർത്താവിനൊപ്പം ജയയും പോകുമായിരുന്നു. ഇടുക്കിയിലെ ആർച്ച് ഡാം നിർമ്മാണവേളയിൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്കായി ഹിന്ദി ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ബോംബെയിലും മദ്രാസിലും പോയാണ് ഫിലിം റോളുകൾ വാടകയ്‌ക്കെടുത്തിരുന്നത്.
അഞ്ചു മാസം മുമ്പ് ജയ കൊച്ചിയിലെ അഞ്ച് സെന്റിലെ വീട്ടിൽ തുടങ്ങിയ എച്ച്.ബി.കെ മ്യൂസിയത്തിൽ 50ലേറെ വർഷത്തെ സിനിമാചരിത്രമുണ്ട്. 1972ൽ വിവാഹം കഴിച്ചനാൾ മുതൽ 2015ൽ ഭർത്താവ് മരിക്കുംവരെ താമസിച്ച ഈ വീട്ടിൽ സത്യൻ, പ്രേംനസീർ, മുത്തയ്യ, തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സാന്നിദ്ധ്യമറിയാം. ആലുവയിൽ സഹോദരിക്കൊപ്പമാണ് ജയയുടെ താമസം.
മ്യൂസിയത്തിൽ
* വിവിധ കമ്പനികളുടെ അഞ്ച് 16 എം.എം പ്രൊജക്ടറുകൾ
* നോട്ടീസ് അച്ചടിക്കാനുള്ള ബ്ലോക്കുകൾ
* പ്രൊജക്ടർ കുറഞ്ഞ വോൾട്ടേജിൽ പ്രദർശിപ്പിക്കാനുള്ള സ്റ്റെപ് ഡൗൺ, പലതരം ലെൻസുകൾ
* ഭാർഗവീനിലയം, പളുങ്കുപാത്രം, ആൽമരം, പൂജാപുഷ്പം, നാടോടികൾ എന്നീ സിനിമകളുടെയടക്കം പോസ്റ്ററുകൾ
* 35എം.എം, 16 എം.എം, 8 എം.എം റീലുകൾ
* സിനിമയുടെ കഥാസംഗ്രഹമുള്ള ബുക്കുകൾ
കാലം ഏൽപ്പിച്ച നിയോഗം
ഒമ്പതു കൊല്ലമായി പൂട്ടിക്കിടന്ന വീട് സുഭാഷിന്റെ നേതൃത്വത്തിലാണ് മ്യൂസിയമാക്കിയത്. വീട് വൃത്തിയാക്കാൻ ജയ ഏൽപ്പിച്ചവർ പല അമൂല്യസാധനങ്ങളും നശിപ്പിച്ചപ്പോൾ സുഭാഷ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്, ഇവരെക്കുറിച്ച് '16 എം.എം സ്റ്റോറീസ് റീവൈൻഡിംഗ് ഹിസ്റ്ററി" ഡോക്യുമെന്ററി സംവിധാനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനെക്കുറിച്ചുള്ള ദ ഗ്രീൻമാൻ എന്ന ഡോക്യുമെന്ററിക്ക് രാജ്യാന്തരതലത്തിലടക്കം 20 അവാർഡുകൾ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |