SignIn
Kerala Kaumudi Online
Wednesday, 03 July 2024 4.44 AM IST

സാഹിത്യ ഹൃദയം കോഴിക്കോട്

kozhikkod

കോഴിക്കോടിന് മാത്രമല്ല രാജ്യത്തിനും ഇത് അഭിമാന നിമിഷമാണ്. ഈ നാടിന്റെ സാഹിത്യ സാംസ്കാരിക സമൂഹിക ചരിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ ഓരോ കോഴിക്കോട്ടുകാരുടെയും ഹൃദയം അഭിമാന ബോധത്താൽ നിറയുകയാണ്. പത്ത് ഏഷ്യൻ നഗരങ്ങളാണ് സാഹിത്യ നഗരം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. സാഹിത്യ നഗരപദവി നേടിയെടുക്കാൻ ഏറെ വിയർപ്പൊഴുക്കിയ കോഴിക്കോട് നഗരമാതാവ് ഡോ. ബീന ഫിലിപ്പ് കോഴിക്കോടിന്റെ ഹൃദയത്തിൽ എക്കാലും നിറയും. യുനെസ്കോ സാഹിത്യനഗര പദവിയുടെ കരുത്തിൽ പോർച്ചുഗലിലെ ബ്രാഗയിൽ നടക്കുന്ന ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്ക് വാർഷിക സമ്മേളനത്തിൽ പുതുതായി അംഗത്വം ലഭിച്ച നഗരങ്ങളെ സ്വാഗതം ചെയ്തപ്പോൾ കോഴിക്കോടിന് ലഭിച്ചത് വൻ വരവേൽപ്പാണ്. പോർച്ചുഗലുമായി ചരിത്രപരമായ ബന്ധമുള്ള കോഴിക്കോടിന് ലഭിച്ച വരവേൽപ്പ് അർഹിക്കുന്നത് തന്നെയാണ്. സാഹിത്യനഗര പദവി ഏറ്റുവാങ്ങാൻ മേയർ ബീന ഫിലിപ്പ്, കോർപറേഷൻ സെക്രട്ടറി കെ. യു. ബിനി എന്നിവരാണ് പോർച്ചുഗലിലെത്തിയത്. സാഹിത്യ നഗരങ്ങൾ പങ്കെടുക്കുന്ന സെക്ഷനിൽ പുതുതായി പദവി നേടിയ കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ തങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യങ്ങളെ സംബന്ധിച്ചുള്ള അവതരണങ്ങൾ നടത്തി. കോഴിക്കോടിന്റെ സാമൂഹിക സാംസ്കാരിക സാഹിത്യ ചരിത്രവും പ്രാധാന്യവും അവതരിപ്പിച്ചു. പഴയ നഗരങ്ങളും പുതുതായി പദവി ലഭിച്ച നഗരങ്ങളും ഒന്നിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ക്ലസ്റ്റർ തലത്തിൽ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെ ബെലോ ഡി സൂസ, യുനെസ്‌കോയുടെ ഉന്നതോദ്യോഗസ്ഥർ ബ്രാഗാ മേയർ റിക്കാർഡോ റിയോ എന്നിവ‌ർ പങ്കെടുത്തിരുന്നു.

അഭിമാനം വാനോളം

2023ലാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി തിരഞ്ഞെടുത്തത്. മതസാഹോദര്യത്തിനും പുകൾപെറ്റ കോഴിക്കോടിന്റെ സമ്പന്നമായ പാരമ്പര്യം ലോകം മുഴുവൻ പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള 53 സാഹിത്യ നഗരികൾക്കൊപ്പമാണ് ഇനി കോഴിക്കോടിനെയും അടയാളപ്പെടുത്തുക. ജൂൺ 23ന് മന്ത്രി എം.ബി.രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യയിൽ സാഹിത്യ നഗരം പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട് മാറി. ചടങ്ങിന്റെ ഭാഗമായി കോർപറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എഴുത്തുകാരൻ എം.ടി. വാസദേവൻ നായർക്ക് സമർപ്പിച്ചു. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശവും വെബ് സൈറ്റ് ഉദ്ഘാടനവും സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനവും നടന്നു. സാഹിത്യ നഗരവുമായി ബന്ധപ്പെട്ട് വിപുലമായ തുടർപ്രവർത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. സാഹിത്യനഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം നടത്തിയ ജൂൺ 23 ഇനി സാഹിത്യനഗര ദിനമായി ആചരിക്കുമെന്ന് മേയർ പറഞ്ഞു. എല്ലാ വർഷവും ഇതിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സമഗ്ര സംഭാവനയ്ക്കും യുവ, സ്ത്രീ എഴുത്തുകാർക്കും കുട്ടി എഴുത്തുകാർക്കും തുടങ്ങി ആറ് പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും.

അന്തർദേശീയ

തലത്തിലും പ്രവർത്തനങ്ങൾ

ആനക്കുളം സാംസ്‌ക്കാരിക നിലയമാണ് സാഹിത്യ നഗരത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുക. സംസ്‌ക്കാരവും പാരമ്പര്യവും പുതുതലമുറയ്ക്കായി നിലനിറുത്തുന്നതിനും അതിലൂടെ സർഗാത്മക സാമ്പത്തിക മേഖലകൾ ഉപയോഗപ്പെടുത്തുന്നതിനും ക്രിയേറ്റീവ് ഇക്കോണമി, ക്രിയേറ്റീവ് ഗവേണൻസ്, ക്രിയേറ്റീവ് ബ്യൂറോക്രസി എന്നിവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്യുമെന്നും മേയർ വ്യക്തമാക്കി. രണ്ടു വർഷം വീതമുള്ള നാലു ഘട്ടങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ബ്രാൻഡിംഗ്, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്തത്തും. രണ്ടാമതായി സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നൽകും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകുക. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും വിവിധ പരിപാടികളും സംഘടിപ്പിക്കും. മാനാഞ്ചിറ, ബീച്ച്, കുറ്റിച്ചിറ, തളി ക്ഷേത്രം, ലയൺസ് പാർക്ക് തുടങ്ങിയ പൊതു ഇടങ്ങളിൽ സാഹിത്യ ചടങ്ങുകൾക്ക് പ്രാധാന്യം നൽകും. ലിറ്ററേച്ചർ മ്യൂസിയം, വായന തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്‌ക്കാരത്തിന്റെ പുന‌ഃസ്ഥാപനം, സ്വതന്ത്ര വായനാ മൂലകൾ എന്നിവ നടപ്പാക്കും. സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവർക്കായി വാരാന്ത്യ വായനകൾ പോലുള്ള മെന്റർഷിപ്പ് പ്രോഗ്രാമുകളും ഡയസ്‌പോറിക് ചിൽഡ്രൻസ് പാർലമെന്റ്, സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശിൽപശാലകൾ, സാധാരണക്കാർക്ക് പ്രാപ്യമാകുന്ന പുസ്തക മേളകൾ, ഗൃഹ ലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. പ്രകൃതി, സംസ്‌കാരം, സാഹിത്യം എന്നിവയെ സമന്വയിപ്പിക്കാനായി സാംസ്‌ക്കാരിക പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം, പ്രാദേശിക പാരമ്പര്യങ്ങളുടെ ഡോക്യുമെന്റേഷൻ, സാഹിത്യകാരന്മാരും പരിസ്ഥിതി സംഘടനകളുമായുള്ള സമന്വയം എന്നിവ പ്രധാന ലക്ഷ്യമാണ്. അന്തർദേശീയ തലത്തിൽ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ അംഗങ്ങളായ മറ്റ് നഗരങ്ങളുമായി സഹകരിച്ച് കൾച്ചറൽ ആന്റ് ലിറ്റററി എക്സ്‌ചേഞ്ച് പ്രോഗ്രാമുകൾ, സാഹിത്യ ഉത്സവങ്ങൾ, റൈറ്റർ ഇൻ റസിഡൻസ് പരിപാടികൾ, അന്തർദേശീയ പുസ്തകമേളകളിലും പ്രദർശനങ്ങളിലുമുള്ള പങ്കാളിത്തം തുടങ്ങിയവയും ഉറപ്പാക്കും.

നീണ്ടകാലത്തെ പരിശ്രമം

യുനെസ്‌കോ 2004ലാണ് സാഹിത്യനഗര പദവി നൽകിത്തുടങ്ങിയത്. യുണൈറ്റഡ് എഡിൻബർഗ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. വായന ശാലകൾ, ലൈബ്രറികൾ, വൈവിദ്ധ്യം, പൈതൃകം എന്നിവയെല്ലാം കണക്കിലെടുത്താണ് സാഹിത്യ നഗരം പദവി ലഭിക്കുക. 2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപറേഷൻ ആരംഭിച്ചിരുന്നു. 'കില'യുടെ സഹായത്തോടെയാണ് കോഴിക്കോട് പ്രവർത്തനങ്ങൾ നടത്തിയത്. സാഹിത്യനഗരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ യുനെസ്‌കോയ്ക്ക് അപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ഭേദമന്യേ കോർപ്പറേഷന്റെ ശ്രമങ്ങൾക്കൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഒന്നിച്ചു. എൻ.ഐ.ടി, ഐ.ഐ.എം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, പുസ്തകപ്രസാധകർ എന്നിവരെല്ലാം ഒപ്പം ചേർന്നു. കോഴിക്കോടിന്റെ സാദ്ധ്യതകൾ തുറന്നുകാട്ടുന്നതിനായി എൻ.ഐ.ടി. കാലിക്കറ്റിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. നഗര പരിധിയിൽ 545 ലൈബ്രറികളുണ്ട്. കോഴിക്കോട്ടെ എഴുത്തുകാർ, സാഹിത്യസാംസ്‌കാരിക രംഗത്തുള്ള പ്രവർത്തനങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളിച്ചു. സാഹിത്യനഗരത്തിനായി കോർപ്പറേഷൻ ബഡ്ജറ്റിൽ തുക നീക്കിവെയ്ക്കുകയും ചെയ്തു. സാഹിത്യരംഗത്തെ കോഴിക്കോടൻ അടയാളങ്ങളെല്ലാം ഉൾക്കൊള്ളിച്ച് പൈതൃകവും പാരമ്പര്യവും വ്യക്തമാക്കുന്ന ഗവേഷണം പൂർത്തിയാക്കിയാണ് സാഹിത്യനഗരത്തിനുള്ള അപേക്ഷ സമർപ്പിച്ചത്. സാഹിത്യ നഗരങ്ങളായി നേരത്തെ തിരഞ്ഞെടുത്ത പ്രാഗ്, എഡിൻബർഗ്, കാർക്കോവ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് പഠനങ്ങളും നടത്തിയിരുന്നു.

വിവാദങ്ങൾക്കും കുറവില്ല

സാഹിത്യനഗര പദവി പ്രഖ്യാപന പരിപാടി നിറം മങ്ങിപോയെന്ന് പരാതി ഉയർന്നിരുന്നു. പ്രഖ്യാപനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്ന ആരോപണമായിരുന്നു പ്രധാനം. യാതൊരു ആസൂത്രണ നടക്കുന്നില്ലെന്നും എട്ട് മാസം മുമ്പ് സാഹിത്യ നഗരം പ്രഖ്യാനം വന്നിട്ടും ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചിരുന്നു. യു.ഡി.എഫ് കൗൺസിലർമാർ സാഹിത്യ നഗരപ്രഖ്യാന ചടങ്ങിനെത്തിയെങ്കിലും വേദിയിൽ കയറാൻ തയ്യാറായിരുന്നില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.