ലണ്ടൻ: ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജൻ ജോസഫാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എംപി ഡാമിയൻ ഗ്രീനിന്റെ 27 വർഷത്തെ കുത്തക സീറ്റാണ് കോട്ടയംകാരനായ സോജൻ ജോസഫ് പിടിച്ചെടുത്തത്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്‌ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്‌എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയുമാണ്.
650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു. നിലവിൽ 359 സീറ്റുകളാണ് ലേബർ പാർട്ടി നേടിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റുകളിൽ ഒതുങ്ങി. 2019നെ അപേക്ഷിച്ച് 172 സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്‌ടമായത്. 46 സീറ്റുകളുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്താണ്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 408 സീറ്റുകൾ ലേബർ പാർട്ടിക്കും, കൺസർവേറ്റീവ് പാർട്ടിക്ക് 136 സീറ്റുകളും ലഭിക്കുമെന്നാണ്. 66 സീറ്റുകൾ നേടി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിലുണ്ട്.
ലേബർ പാർട്ടിയുടെ കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. പാൻക്രാസ് സീറ്റിൽ നിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്‌തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കൺവർവേറ്റീവ് പാർട്ടിയുടെ തോൽവി അംഗീകരിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം.
650 അംഗ പാർലമെന്റിൽ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. കൺസർവേറ്റീവ് പാർട്ടി 131 സീറ്റിലൊതുങ്ങുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റ് നേടുമെന്നും നൈജൽ ഫരാജിന്റെ റിഫോം യുകെ പാർട്ടി 13 സീറ്റ് നേടുമെന്നുമായിരുന്നു പ്രവചനം. തീവ്ര ദേശീയവാദി പാർട്ടിയായ യുകെ റിഫോം പാർട്ടി നാല് സീറ്റ് നേടി. നേതാവ് നൈജൽ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്‌ടൺ മണ്ഡലത്തിൽ നിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പിൽ യുകെ റിഫോമിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |