ന്യൂഡൽഹി : ബി.ജെ.പിയുടെ സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു. കേരള പ്രഭാരിയായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ തുടരും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പുതിയ പദവികളിലേക്ക് നിയമനം നടത്തിയത്. കേരളത്തിലെ സഹപ്രഭാരിയായി അപരാജിത സാരംഗിയും തുടരും.
തൃശൂരിൽ പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായതും സംസ്ഥാനത്തെ പാർട്ടിയുടെ വോട്ടു വിഹിതത്തിൽ മെച്ചപ്പെട്ട വർദ്ധനയുണ്ടായതും കണക്കിലെടുത്താണ് ബി.ജെ.പിയുടെ തീരുമാനമെന്നാണ് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അനിൽ ആന്റണിയെ നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ-ഓർഡിനേറ്ററായി നിയമിച്ചു. ഇടവേളയ്ക്ക് ശേഷമാണ് മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്. സാംബിത് പത്രയാണ് കോ- ഓർഡിനേറ്റർ.
ഹരിയാന, ജാർഖണ്ഡ്, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് സംസ്ഥാന പ്രഭാരിമാരെയും സഹപ്രഭാരിമാരെയും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിയമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ സംസ്ഥാനങ്ങളിൽ തിരുത്തൽ നടപടികൾക്കും പ്രഭാരിമാർ മേൽനോട്ടം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |