കൊച്ചി: അപ്പീൽ, റിവിഷൻ ഉൾപ്പെടെ നടപടികളിൽ 30 ദിവസത്തിനകം വിശദീകരണംകേട്ട് തീരുമാനമെടുക്കണമെന്ന് ജുഡിഷ്യൽ അധികാരമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശം.
വിചാരണ പൂർത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും ഉത്തരവുണ്ടായില്ലെങ്കിൽ വീണ്ടും കക്ഷികളെ കേൾക്കണം. ആറുമാസം കഴിഞ്ഞുള്ള ഉത്തരവ് നിലനിൽക്കില്ല. നീതിനിർവഹണം വൈകുമ്പോൾ സമൂഹത്തിന് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം കുറയുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
കക്ഷികളെ കാലതാമസം ബാധിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണം. പൊതുജനങ്ങളെ ബോധവത്കരിക്കണം.
സ്വന്തം ഭൂമിയിലെ മണ്ണെടുത്തതിന് 2.45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന ജിയോളജി അധികൃതരുടെ ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടും തീരുമാനമായില്ലെന്ന് കോട്ടയം മുട്ടുചിറ സ്വദേശി മാത്യു ഫിലിപ്പ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കടക്കം അപ്പീൽ നൽകിയിട്ടും തീരുമാനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഴ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കിയ കോടതി, വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |