പാട്‌ന: കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലാണ് സംഭവം. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും യുവാവ് രക്ഷപ്പെട്ടു.
ബിഹാറിലെ രജൗലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയ്ക്കടുത്താണ് ഈ ട്രാക്ക് നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അത്താഴത്തിന് ശേഷം ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു.
പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന് പ്രാദേശികമായി വിശ്വാസമുണ്ടെന്നും. ഇതിനാലാണ് കടിച്ചതെന്നുമാണ് യുവാവ് പ്രാദേശിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കടിച്ച് മിനുട്ടുകൾക്കകം പാമ്പ് ചത്തു. സന്തോഷ് ലോഹറിനെ സുഹൃത്തുക്കൾ ചേർന്ന് രജൗലി സബ് ഡിവിഷന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്‌ക്ക് ശേഷം ഇന്നലെ രാവിലെ സന്തോഷ് ആശുപത്രി വിട്ടു.
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുകയെന്ന ചൊല്ല് പോലെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താം എന്നൊരു പ്രാദേശിക വിശ്വാസമുണ്ട് ലത്തേഹാറില്‍. പാമ്പിന്‍റെ വിഷം മറുകടിയിലൂടെ തിരിച്ച് പാമ്പിനു കൊടുക്കാം എന്ന ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |