കേരളത്തിലെ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അടുത്തെങ്ങും പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല. പഴക്കം ചെന്ന ബോഗികൾ, അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവായ റെയിൽവേ സ്റ്റേഷനുകൾ, നിന്നുതിരിയാൻ ഇടമില്ലാതെ യാത്രക്കാരെ കുത്തിനിറച്ച് ഓടുന്ന പകൽവണ്ടികൾ, പരാതി പരിഹാര സംവിധാനങ്ങളിലെ നിരുത്തരവാദിത്വം.... ഇങ്ങനെ യാത്രക്കാർക്കു ചൂണ്ടിക്കാണിക്കാൻ പ്രശ്നങ്ങൾ ഏറെയുണ്ട്. ഓരോ വർഷവും റെയിൽവേ ബഡ്‌ജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാകുന്നത് ചിലതു മാത്രം. പുതിയ പാതകളോ ട്രെയിനുകളോ ഇല്ലാത്തതിനാൽ നിലവിലുള്ള സൗകര്യങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്ന അവസ്ഥയാണുള്ളത്. വീണ്ടുമൊരു റെയിൽവേ ബഡ്‌ജറ്റിന് മണിമുഴങ്ങവെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം അധികാരികൾക്കുണ്ടോ എന്നു സംശയമാണ്.
പരശുറാം എക്സ്‌പ്രസ് പോലുള്ള പകൽവണ്ടികളിൽ പണ്ടത്തെ വാഗൺ ട്രാജഡി ഓർമ്മിപ്പിക്കും വിധമാണ് യാത്ര. കോച്ചുകൾ കൂട്ടിയിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ അവ മതിയാകുന്നില്ല. തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതൽ സർവീസുകൾ തുടങ്ങുക മാത്രമാണ് പോംവഴി. എന്നാൽ ഇത്തരം കാര്യങ്ങൾ റെയിൽവേ അധികൃതരുടെ പരിഗണനയിൽ വരുന്നില്ല. തിരുവനന്തപുരത്തു നിന്ന് വടക്കേയറ്റം വരെ ഇരട്ടപ്പാത യാഥാർത്ഥ്യമായിട്ടുണ്ടെങ്കിലും ആധുനിക സിഗ്നൽ സംവിധാനത്തിന്റെ അഭാവം മൂലം കൂടുതൽ ട്രെയിനുകൾ ഓടിക്കാനാവുന്നില്ല. പുതിയ ട്രെയിനുകൾക്ക് അനുമതി ലഭിക്കാനുള്ള പ്രധാന തടസവും ഇതാണ്. അതിഭീമമായ ചെലവു വരുന്ന ഏർപ്പാടൊന്നുമല്ല ഇത്. പത്തു പതിനഞ്ചു വർഷം മുൻപ് ഇതിനുള്ള ആലോചന നടന്നതാണ്. നടന്നില്ലെന്നു മാത്രം. കൂടുതൽ ട്രെയിനുകൾക്കായി സർക്കാരും യാത്രക്കാരും നിരന്തരം ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിൽ സിഗ്നലിംഗ് സംവിധാനം ആധുനികവൽക്കരിക്കാൻ മുന്തിയ പരിഗണന നൽകേണ്ടതാണ്.
മഴക്കാലമായതോടെ റെയിൽവേയുടെ ഇലക്ട്രിക് ലൈനുകൾ മരങ്ങൾ വീണും മറ്റും പലേടത്തും പൊട്ടിവീഴുന്നതു മൂലമുണ്ടാകുന്ന യാത്രാതടസം പതിവായിട്ടുണ്ട്. ഞായറാഴ്ച കൊച്ചിയിൽ ട്രാക്കിൽ വലിയ മരം കടപുഴകി വീണ് ട്രെയിൻ ഗതാഗതം നിലച്ചത് രണ്ടുമണിക്കൂറിലധികമാണ്. ഭാഗ്യവശാൽ ആളപായമൊന്നുമുണ്ടായില്ല. ട്രാക്കിനിരുവശവും അപകടകരമാംവിധം നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഉടമസ്ഥർ സ്വയം അതു ചെയ്യുന്നില്ലെങ്കിൽ റെയിൽവേയ്ക്ക് അതിന് അധികാരമുണ്ട്. നഗരങ്ങൾ വിട്ടുള്ള സ്റ്റേഷനുകൾ അത്യധികം ശോചനീയാവസ്ഥയിലാണ്. കാടും പടലും പിടിച്ച് പല സ്റ്റേഷനുകളും യാത്രക്കാർക്ക് സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതാണ് ചോർന്നൊലിക്കുന്ന ബോഗികളുടെ അവസ്ഥ. ഏറെ പഴക്കമുള്ള ബോഗികൾ കേരളത്തിലേക്ക് ഷണ്ട് ചെയ്യുന്നത് പതിവായിക്കഴിഞ്ഞു. സംസ്ഥാനത്തിന് എപ്പോഴൊക്കെ പുതുപുത്തൻ ബോഗികൾ അനുവദിക്കാറുണ്ടോ അപ്പോഴൊക്കെ ദിവസങ്ങൾക്കകം അവ മറ്റിടങ്ങളിലേക്കു മാറ്റുകയാണു പതിവ്. റെയിൽവേ തലപ്പത്ത് തമിഴ്‌നാടിനുള്ള സ്വാധീനമാണ് ഇതിനു പിന്നിലെന്ന് പൊതുവേ പരാതിയുമുണ്ട്.
റെയിൽവേ യാത്രക്കാരുടെ പരാതികൾക്ക് സത്വര പരിഹാരം കാണാൻ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിന് തുടക്കമിടുന്നതായാണ് പുതിയ വാർത്ത. 139 എന്ന നമ്പരിൽ യാത്രക്കാർക്ക് പരാതിപ്പെടാവുന്നതാണ്. യാത്രയ്ക്കിടയിൽ യാത്രക്കാർ നേരിടുന്ന പല പ്രശ്നങ്ങൾക്കും ഇതിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് റെയിൽവേയുടെ ഉറപ്പ്. സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിൽ നിലവിൽ റെയിൽവേയുടെ സമീപനത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരാറുണ്ട്. രാത്രികാല യാത്രകളെ ഭയപ്പാടോടെയാണ് പലരും, പ്രത്യേകിച്ച് സ്‌ത്രീകൾ കാണുന്നത്. ദീർഘദൂര ട്രെയിനുകളിൽ അക്രമികളുടെയും പിടിച്ചുപറിക്കാരുടെയും മോഷ്ടാക്കളുടെയും ശല്യം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ട്രെയിനുകളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |