ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് നിർമിച്ച് നൽകാമെന്ന് അറിയിച്ചിരുന്ന വീട് പൂർത്തിയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം മറിയക്കുട്ടിയുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചതെന്നും സുധാകരൻ വ്യക്തമാക്കി. മറിയക്കുട്ടിക്കായുള്ള വീട് നിർമാണം പൂർത്തിയായതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ അറിയിച്ചത്.
വീടിന്റെ താക്കോൽ 12ന് കെ സുധാകരൻ മറിയക്കുട്ടിക്ക് കൈമാറും. മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചുകളഞ്ഞാണ് പുതിയത് നിർമിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ ചേർന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ വീടിന് തറക്കല്ലിട്ടത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ്. സിപിഎം എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം.
സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.
സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാദ്ധ്യമങ്ങളിൽ അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |