കണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കവേ,വ്യാഴാഴ്ച നിധി ലഭിച്ച സ്ഥലത്തു നിന്ന് വെള്ളിയാഴ്ച അഞ്ചു വെള്ളിനാണയങ്ങളും രണ്ട് സ്വർണ മുത്തുകളുംകൂടി ലഭിച്ചു.
വ്യാഴാഴ്ച പതിനേഴ് മുത്തുമണി,പതിനേഴ് സ്വർണലോക്കറ്റ്,കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം,അഞ്ച് മോതിരം,ഒരു സെറ്റ് കമ്മൽ,നിരവധി വെള്ളി നാണയങ്ങൾ,ഭണ്ഡാരം എന്നിവയാണ് ലഭിച്ചത്.
ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം പുതിയ പുരയിൽ താജ്ജുദീന്റെ ഉടമസ്ഥതയിലുള്ള റബ്ബർതോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്.
നാണയത്തിൽ അറബിയിൽ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങളെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച ലഭിച്ച ചെപ്പിൽ നിന്ന് തെറിച്ചുവീണതാവും വെള്ളിയാഴ്ച കിട്ടിയതെന്ന് കരുതുന്നു.
ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികളാണ് മഴക്കുഴിയുടെ പണിയിൽ ഏർപ്പെട്ടിരുന്നത്. ക്ഷേത്രങ്ങളിലും പുരാതന തറവാടുകളിലും കാണാറുള്ള പാത്രം കണ്ട് ബോബെന്ന് ഭയന്ന് വലിച്ചെറിഞ്ഞപ്പോഴാണ് ആഭരണങ്ങൾ ചിതറി വീണത്. നിധിയാണെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്ങളായി പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും വാർഡ് മെമ്പറും എത്തി.പൊലീസ് നിധി ഏറ്റുവാങ്ങി കോടതിക്ക് കൈമാറി.
പുരാവസ്തു വിഭാഗം അന്വേഷണം തുടങ്ങി. നൂറുവർഷമായി കൈവശമിരിക്കുന്ന സ്ഥലമാണിതെന്ന് ഉടമ പറഞ്ഞു.
പുരാവസ്തു വകുപ്പ്
പരിശോധിക്കും
പരിസരത്ത് വേറെയും നിധിശേഖരം ഉണ്ടാകാമെന്ന സംശയം ശക്തമായതിനാൽ പുരാവസ്തുവിഭാഗം കൂടുതൽ പരിശോധന നടത്തിയേക്കും. ഒരു മീറ്റർ കുഴിച്ചപ്പോഴാണ് നിധി ശേഖരം ലഭിച്ചത്.നിധിശേഖരത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിക്കും.
ഏറ്റെടുക്കുമെന്ന്
മന്ത്രി കടന്നപ്പള്ളി
കണ്ണൂർ:നിധി ശേഖരം പരിശോധിച്ച ശേഷം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമാണ് നിധി.ഇത് പരിശോധിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.പുരാവസ്തു ആണെന്ന് കണ്ടെത്തിയാൽ ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |