SignIn
Kerala Kaumudi Online
Monday, 12 August 2024 3.36 AM IST

ഒരു ഭാവി സംരക്ഷണയുദ്ധം:  പരിഹാരത്തിന് പുതിയ വഴികൾ

clg

ലോകത്തെ മാറ്റിമറിക്കാൻ നിങ്ങളുടെ കൈയിലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന് ഓർമ്മിപ്പിച്ചത് നെൽസൺ മണ്ടേലയാണ്. അതുകൊണ്ടുതന്നെയാണ് വിദ്യാലയങ്ങൾക്കും പഠനരീതികൾക്കും അദ്ധ്യാപകർക്കും സമൂഹം വലിയ പ്രാധാന്യം കല്പിക്കുന്നത്. ക്ലാസ് മുറികളിലെ സൗഹൃദങ്ങളിലൂടെയും അവിടത്തെ ഓർമ്മകളിലൂടെയും കാലത്തിനുപോലും മായ്ച്ചുകളയാൻ കഴിയാത്ത സ്വഭാവത്തെയും നീതിബോധത്തേയും താളാത്മകമായ ജീവിതത്തെയും വാർത്തെടുത്തിരുന്ന കലാലയങ്ങൾ അപ്രത്യക്ഷമാവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൈകാര്യം ചെയ്യാൻ പരാതികളില്ലാതെ ഒരു പൊലീസ് സ്റ്റേഷൻ നിറുത്തലാക്കേണ്ടി വരുന്നത് സമൂഹത്തിന്റെ ശരിയായ ദിശാബോധത്തെ സൂചിപ്പിക്കുന്നുവെങ്കിൽ,​ കലാലയങ്ങൾ വിജനമാകുന്നത് യുവതലമുറയുടെ ആശങ്കയുടെയും ആകുലതകളുടെയും ഫലമായി സംഭവിക്കുന്നതാണ്. 2020-നു ശേഷം കേരളത്തിൽ നിരവധി കോളേജുകളും സ്‌കൂളുകളും നിറുത്തലാക്കുകയുണ്ടായി. കൂടുതലും സ്വാശ്രയ മേഖലയിലാണെന്നത് സത്യവുമാണ്. ഇങ്ങനെ അകാലചരമം പ്രാപിക്കുന്ന കോളേജുകളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ കഴിയാതെ പ്രയാസം നേരിടുകയും ചെയ്യുന്നു.

അവർ എവിടെ

പോകുന്നു?

കേരളത്തിൽ കോളേജുകളിൽ കുട്ടികൾ കുറയുന്നതിന് പ്രധാന കാരണങ്ങൾ നാലാണ്. നിയന്ത്രണമില്ലാതെ കോളേജുകൾ അനുവദിച്ചതു തന്നെ ഒന്നാമത്തെ കാരണം. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ കുറവ് (ജനസംഖ്യ) രണ്ടാമത്തെ കാരണമായി പറയാം. വിദേശ പഠനത്തിനു പോകുന്ന കുട്ടികളുടെ വർദ്ധനവാണ് മറ്റൊന്ന്. ആധുനിക പഠന സമ്പ്രദായങ്ങളിലൂടെ പഠിക്കാനുള്ള സൗകര്യം റഗുലർ പഠനത്തിൽ
നിന്ന് കുട്ടികളെ അകറ്റുന്നത് (ഓൺ ലൈൻ, വിദൂര വിദ്യാഭ്യാസം) മറ്റൊരു കാരണമാണ്.

സർവകലാശാലകൾക്കു കീഴിൽ ഗവൺമെന്റ്, എയ്ഡഡ് കോളേജുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ ശാസ്ത്രീയമായ പഠനം നടത്താതെയും,​ ഭാവിയിലെ ജോലിസാദ്ധ്യതകൾ മനസിലാക്കാതെയുമാണ് സ്വാശ്രയ കോളേജുകൾ തോന്നിയപോലെ അനുവദിച്ചത്. ഈ സ്വാശ്രയ കോളേജുകളിൽ നിരവധി പേർക്ക് ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ സ്വാശ്രയ മേഖലയിൽ തുടങ്ങിയ അനേകം കോളേജുകൾ കുട്ടികളില്ലാത്തതു കാരണം പിന്നീട് നിറുത്തലാക്കി. പലതും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. എൻജിനിയറിംഗ് കോളേജുകൾ പലതും പോളിടെക്നിക്കുകളായി. ഐ.ടി.ഐകളിൽ പഠിക്കാൻ ആഗ്രഹിച്ചിരുന്ന പല കുട്ടികളും പോളിടെക്നിക്കുകളിൽ ചേരുന്നതു കാരണം ഐ.ടി.ഐകളും പൂട്ടൽ ഭീഷണിയിലാണ്.

പഠനത്തിന്

പല വഴി

ഹയർസെക്കൻഡറിക്കു ശേഷം ഉപരിപഠനത്തിന് നിരവധി മാർഗങ്ങളുണ്ട്. മെഡിസിൻ, എൻജിനിയറിംഗ്, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ, പാരാമെഡിക്കൽ കോഴ്സുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,​ ന്യൂജെൻ കോഴ്സുകൾ.... അങ്ങനെ നിരവധി. പുതുതായി ഒരു കോളേജ് അനുവദിക്കുമ്പോൾ മുകളിൽ പറഞ്ഞിട്ടുള്ളവ ഒറ്റഗ്രൂപ്പായി പരിഗണിച്ചും ആനുപാതികമായി മാത്രവുമാണ് അനുവദിക്കേണ്ടിയിരുന്നത്.

2034-35 ആകുമ്പോൾ ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളാണ് ഹയർസെക്കൻഡറി പഠനത്തിനായി എത്തുക. ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണമാകട്ടെ,​ 2,44,646 മാത്രമാണ്! മറ്റ് സിലബസുകളിലൂടെ ഒന്നാം ക്ലാസിലെത്തിയ കുട്ടികളുടെ എണ്ണം കൂടിയാകുന്നതോടെ ഇത് 3,03,168 ആകും. അതായത്,​ പത്തു വർഷം കഴിയുമ്പോൾ ഏകദേശം മൂന്നു ലക്ഷം കുട്ടികൾ മാത്രമാണ് ഹയർസെക്കൻഡറി പഠനത്തിനെത്തുക. അവിടത്തെ സീറ്റ് ലഭ്യതയാകട്ടെ,​ ഏകദേശം നാലര ലക്ഷം വരും. ഒന്നരലക്ഷം കുട്ടികളുടെ കുറവ് ഈ മേഖലയിൽ അനുഭവപ്പെടുമെന്ന് അ‍ർത്ഥം. 2036 -37 കാലയളിൽ കോളേജുകളിലെത്തുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും,​ ഇപ്പോഴത്തെ പല കോളേജുകളിലും കുട്ടികളില്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും.

ഇതു കൂടാതെ,​ വർഷംതോറും വിദേശപഠനത്തിനു പോകുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിൽ സാദ്ധ്യതകളുമാണ് ഇതിന് കുട്ടികളെ പ്രേരിപ്പിക്കുന്നത്. വിദേശ സർവകലാശാലകൾ നമ്മുടെ നാട്ടിലും പ്രവർത്തനം ആരംഭിച്ചാൽ ഈ ഒഴുക്ക് ഒരു പരിധിവരെ തടയാനാകും. അതേസമയം,​ ഇപ്പോഴത്തെ സർവകലാശാലകളെയും കോളേജുകളെയും അത് ബാധിക്കുകയും ചെയ്യും. ഈ പ്രതിസന്ധി ഒഴിവാക്കണമെങ്കിൽ എല്ലാ സർവകലാശാലകൾക്കും വിദേശ സർവകലാശാലകളുമായി വിദ്യാർത്ഥി കൈമാറ്റ (സ്റ്റുഡന്റ്സ് എക്സ്‌ചേഞ്ച്)​ പ്രോഗ്രാമുകൾ നടത്താൻ കഴിയണം. അതായത്,​ രണ്ടു വർഷം കേരളത്തിൽ പഠിച്ചശേഷം ആറു മാസമെങ്കിലും വിദേശ സർവകലാശാലകളിൽ പഠനം നടത്താനുള്ള സൗകര്യം 40 ശതമാനം കുട്ടികൾക്കെങ്കിലും ഒരുക്കാനാകണം.

മറന്നുപോകുന്ന

സാമൂഹ്യ ജീവിതം

വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ രൂപപ്പെട്ടു വന്ന ആധുനിക പഠന സമ്പ്രദായങ്ങൾ കുട്ടികൾക്ക് ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്. ഇതുമൂലം ഓൺലൈൻ പഠനത്തിലേക്കും വിദൂര വിദ്യാഭ്യാസ രീതികളിലേക്കും കുട്ടികൾ ആകൃഷ്ടരാകുന്നു. ഏത് ബിരുദ കോഴ്സും വീട്ടിലിരുന്നു പഠിക്കാൻ ഇപ്പോൾ സൗകര്യമുള്ളതുകൊണ്ട് പലപ്പോഴും റഗുലർ പഠനത്തോട് കുട്ടികൾ വിമുഖത കാട്ടുന്നു. കോളേജുകളിൽ കുട്ടികൾ കുറയുന്നതിന് ഇതും കാരണമാകുന്നു. ആർട്സ് വിഷയങ്ങളെയാണ് ഇത് ആദ്യം ബാധിക്കുക. എല്ലാ കോഴ്സുകളും ഓൺലൈനായും വിദൂര വിദ്യാഭ്യാസത്തിലൂടെയും ചെയ്യാൻ കഴിയുന്നതു വഴി വിജ്ഞാന സമ്പാദനം എളുപ്പമാക്കാമെങ്കിലും സാമൂഹ്യജീവി എന്ന നിലയിൽ ആർജ്ജിക്കേണ്ട ഗുണങ്ങൾ അത്തരക്കാർക്ക് കുറയും!

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ശ്രദ്ധിക്കുക: 'ഒരുവൻ സ്‌കൂളിൽ പഠിച്ചത് മറക്കുന്നതിനു ശേഷവും ബാക്കിയാകുന്നതാണ് വിദ്യാഭ്യാസം." സ്‌കൂൾ പഠനത്തിനു ശേഷം ഒരു വർഷമെങ്കിലും റഗുലർ കോളേജ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമേ ഓൺലൈനായും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഡിഗ്രി പഠനം അനുവദിക്കാവൂ എന്നതാണ് ഒരു മാർഗം. നാലു വർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാക്കുമ്പോൾ ഒരു വർഷത്തെ പഠനത്തിനു ശേഷം കുട്ടികൾക്കു വേണമെങ്കിൽ മറ്റു സംവിധാനത്തിലേക്ക് മാറാനുള്ള സാഹചര്യമുള്ളതിനാൽ ഇത് നടപ്പിലാക്കുക എളുപ്പമാണ്.

തൊഴിലിന്

വേറെ പഠനം

എഴുത്തും വായനയും പഠിക്കലല്ല,​ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കലാണ് വിദ്യാഭ്യാസം എന്ന ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് കരുത്തു നൽകുമെന്ന് കരുതാം. വ്യവസായ ലോകത്തിനു വേണ്ടത് ആ വ്യവസായത്തിന് അനുയോജ്യരായ തൊഴിലാളികളെയാണ്. വിദ്യാഭ്യാസ വിദഗ്ദ്ധർ സിലബസുകൾ പരിഷ്‌കരിക്കുമ്പോൾ അവ തൊഴിലിന് അനുസൃതമാകണമെന്നില്ല. അതുകൊണ്ടാണ് ഡിഗ്രിയും പി.ജി.യും ജയിച്ചാലും കുട്ടികൾക്ക് തൊഴിൽ ലഭിക്കാൻ കൂടുതൽ ഫീസ് കൊടുത്ത് സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കേണ്ടിവരുന്നത്.

കുട്ടികളെ കലാലയങ്ങളിലേക്ക് ആകർഷിക്കണമെങ്കിൽ സമൂഹത്തിനും തൊഴിലിടങ്ങൾക്കും അനുസൃതമായി സിലബസ് പരിഷ്‌കരിക്കണം. വിദ്യാഭ്യസത്തിനൊപ്പം തൊഴിലും,​ തൊഴിലിനൊപ്പം വിദ്യാഭ്യാസവും നടത്താനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കണം. സമ്മർദ്ദങ്ങൾക്കു വിധേയമായി ഇനിയും കൂടുതൽ കോളേജുകളും കോഴ്സുകളും അനുവദിച്ചാൽ,​ അതിനു കൂട്ടുനിന്നവരെ വർഷങ്ങൾ കഴിയുമ്പോൾ സമൂഹം തള്ളിപ്പറയുന്ന കാലം വിദൂരമല്ല. 'എല്ലാം നഷ്ടപ്പെട്ടതിനു ശേഷവും,​ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ മനസിലാക്കുക; നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല"എന്ന അബ്ദുൾ കലാമിന്റെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ.

(കോന്നിയിലെ സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ അസി. പ്രൊഫസർ ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.