ന്യൂഡൽഹി: ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ 29,400 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മുംബയ് ഗൊരേഗാവ് നെസ്കോ പ്രദർശന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് താഴെക്കൂടി കടന്നുപോകുന്ന ഏകദേശം 16,000 കോടി രൂപയുടെ 11.8 കിലോമീറ്റർ താനെ-ബോറീവലി ഇരട്ട തുരങ്ക പാതാ പദ്ധതി, 6300 കോടിരൂപയുടെ ഗൊരേഗാവ്-മുലുണ്ഡ് ലിങ്ക് റോഡ്, നവി മുംബയിലെ തുർഭെയിലുള്ള കല്യാൺ യാർഡ് പുനർനിർമാണം, ഗതിശക്തി ബഹുതല ചരക്കുടെർമിനൽ എന്നിവയുടെ തറക്കല്ലിടലും നിർവഹിച്ചു. ലോകമാന്യ തിലക് ടെർമിനസിലെ പുതിയ പ്ലാറ്റ്‌ഫോമുകളും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനിലെ വിപുലീകരിച്ച 10,11 പ്ലാറ്റ്‌ഫോമുകളും രാജ്യത്തിനു സമർപ്പിച്ചു. ഏകദേശം 5600 കോടിരൂപ ചെലവിൽ നടപ്പാക്കുന്ന മുഖ്യമന്ത്രി യുവ കാര്യ പ്രശിക്ഷൺ യോജന ഉദ്ഘാടനം ചെയ്‌തു. മഹാരാഷ്ട്രയുടെ ശക്തി ഉപയോഗിച്ച് മുംബയ് നഗരത്തെ ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഇന്ത്യയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുന്നു. ഞങ്ങൾ സഹയാത്രികരാണ്. വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |