കൊച്ചി: മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടതാണ് തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ശുചീകരണത്തൊഴിലാളിയെ കാണാതായതിന് കാരണമായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ടൺകണക്കിന് മാലിന്യം നീക്കം ചെയ്യാൻ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നത് സങ്കടകരമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഴക്കാലശുചീകരണത്തിലെ വീഴ്ചകൾ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞപ്പോൾ തദ്ദേശമന്ത്രി പരിഹസിക്കുകയായിരുന്നു. റെയിൽവേയും കോർപ്പറേഷനും തമ്മിലുള്ള തർക്കമാണെങ്കിൽ യോഗംവിളിച്ച് പരിഹരിക്കേണ്ടത് സർക്കാരായിരുന്നു.
ഇതുവരെ കേൾക്കാത്ത രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. സർക്കാരും തദ്ദേശവകുപ്പും ആരോഗ്യവകുപ്പും ഏകോപനമില്ലാതെ നോക്കുകുത്തിയായി. കഴിഞ്ഞവർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരുഗഡു പദ്ധതിവിഹിതമാണ് നൽകിയത്. പണമില്ലാതെ തദ്ദേശസ്ഥാപനങ്ങൾക്ക് മഴക്കാലപൂർവശുചീകരണം നടത്താനാകില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പരാതി കൈമാറാത്തത് ക്രിമിനൽ കുറ്റം
പി.എസ്.സി അംഗത്വത്തിന് പണം വാങ്ങിയെന്ന പരാതി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും കൈയിൽ ലഭിച്ചിട്ട് പൊലീസിന് കൈമാറാത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിയുടെയും എം.എൽ.എയുടെയും പേരുപറഞ്ഞാണ് പണം വാങ്ങിയത്. അതു തിരിച്ചുനൽകി പാർട്ടിതന്നെ കേസ് ഒതുക്കി. ഇതെല്ലാം നടന്നതല്ലെങ്കിൽ ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ എന്തിനാണ് പുറത്താക്കിയത്. ചെറിയസ്രാവിനെ ബലിനൽകി പാർട്ടിയിലെ വമ്പൻസ്രാവുകളെ രക്ഷപ്പെടുത്തുകയാണ്. പാർട്ടിതന്നെ പൊലീസ്‌സ്റ്റേഷനും കോടതിയുമായി പ്രവർത്തിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |