വോട്ട് ചോർന്നു പോകുന്നത് പലപ്പോഴും സമ്പന്നരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ ഭരണ നടപടി എടുത്തതുകൊണ്ടു മാത്രമാകില്ല. സമൂഹത്തിൽ സമ്പന്നരേക്കാൾ അംഗസംഖ്യ നിർദ്ധനർക്കാണ്. അതിനാൽ പാവപ്പെട്ടവനെ ബാധിക്കുന്ന, നിസാരമെന്ന് മറ്റുള്ളവർക്കു തോന്നാവുന്ന നടപടികളാവും ഭരണവിരുദ്ധ വികാരത്തിന് പ്രധാനമായും ഇടയാക്കുക. തോൽവിയുടെ കാരണങ്ങളിലൊന്നായിപ്പോലും ഇതൊന്നും ആരും സാധാരണഗതിയിൽ പരിഗണിക്കാറില്ല. ഇരുപതു രൂപയ്ക്ക് ഊണെന്ന പ്രഖ്യാപനവുമായി നാലുവർഷം മുമ്പ് ആരംഭിച്ച ജനകീയ ഹോട്ടലുകൾ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഊണു കഴിക്കാൻ ആള് കുറവായതല്ല കാരണം. ഇതിന് സബ്‌സിഡി നൽകുമെന്ന് തുടക്കത്തിൽ പറയുകയും സർക്കാർ നൽകുകയും ചെയ്തു. ഒരു ഊണിന് പത്തുരൂപയാണ് സബ്‌സിഡിയായി നൽകിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് ഒരുവർഷമായി സബ്‌സിഡി നൽകുന്നില്ല.
പിടിച്ചുനിൽക്കാനായി ജനകീയ ഹോട്ടലുകളിൽ ഊണുവില 30 രൂപയാക്കി. ഇതോടെ വിൽപ്പന കുറഞ്ഞ് പകുതിയായി. മുന്നൂറിലധികം ഹോട്ടലുകൾ പൂട്ടി. ശേഷിക്കുന്നവയ്ക്കും താമസമില്ലാതെ താഴ് വീഴും. ഇത്തരം പദ്ധതികളുടെ പണം പിടിച്ചുവയ്ക്കുന്നതിനും നൽകാതിരിക്കുന്നതിനുമുള്ള തീരുമാനം ആരെടുത്താലും അവർ വിശപ്പിന്റെ വില അറിഞ്ഞിട്ടില്ലാത്തവരാണെന്ന് പറയേണ്ടിവരും. വൻ വികസന പദ്ധതികൾക്ക് പണം നൽകുന്നത് വൈകിയാൽ അതിന്റെ പിറകെ സമ്മർദ്ദം ചെലുത്താൻ വേണ്ടപ്പെട്ടവരും പിടിപാടുള്ളവരും നിരയായി എത്തും. എന്നാൽ നിർദ്ധനർക്ക് ഗുണം ലഭിക്കുന്ന ഇത്തരം പദ്ധതികളുടെ പണം തടഞ്ഞാൽ ആരും ഒരിക്കലും ചോദിക്കാൻ വരില്ല. ഈ ഹോട്ടലുകളെ ആശ്രയിച്ചിരുന്നവർക്ക് പിന്നെ ആകെ ചെയ്യാൻ കഴിയുന്നത് ഇതിനിടയിൽ ഇലക്‌ഷൻ വരികയാണെങ്കിൽ ഭരിക്കുന്നവർക്കെതിരായി വോട്ട് ചെയ്യുക മാത്രമാണ്.
തമിഴ്‌നാട്ടിൽ ജയലളിത തുടങ്ങിയ അമ്മ ക്യാന്റീനുകൾ വൻ വിജയമായത് അവിടെ നടന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചിരുന്നു. വളരെ ചെറിയ തുകയ്ക്ക് ഒന്നാന്തരം ഭക്ഷണമാണ് ക്യാന്റീനുകളിൽ നൽകിയിരുന്നത്. സ്വാഭാവികമായും സ്വകാര്യ ഹോട്ടലുകളിലെ കച്ചവടം കുറയുകയും ചെയ്യും. ഇത്തരം ഭക്ഷണശാലകൾക്കെതിരെ മറ്റൊന്നും ചെയ്യാനാകാതെ വരുമ്പോൾ ഭക്ഷണത്തിന്റെ ഗുണമേന്മ കുറവെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങളും നടക്കാറുള്ളതാണ്. എന്തൊക്കെയായാലും ഇത്തരം ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഒരു കുറവും ഉണ്ടാകാറില്ല. ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദത്തിലും സാമ്പത്തിക പരാധീനതകളിലും കഴിയുന്നവരുടെ എണ്ണം ഈ പുരോഗതിയൊക്കെ പറയുമ്പോഴും നമ്മുടെ നാട്ടിൽ കുറവല്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാർ കൊട്ടിഘോഷിച്ച് തുടങ്ങുന്ന ഇത്തരം ജനകീയ പദ്ധതികൾ മിക്കവയും പിന്നീട് ദുരന്തപര്യവസായിയാകുന്നത് നിർഭാഗ്യകരമാണ്. ഒന്നുകിൽ ഇത്തരം പദ്ധതികൾ തുടങ്ങാതിരിക്കുക. അല്ലെങ്കിൽ, കുഞ്ഞത് അഞ്ചു വർഷത്തേക്ക് തടസം വരാതിരിക്കാൻ ശ്രദ്ധിക്കുക. ഇതുരണ്ടുമില്ലാത്ത അവസ്ഥയിലാണ് പലപ്പോഴും കാര്യങ്ങൾ നടക്കുന്നത്.
വിശപ്പു രഹിത കേരളത്തിനായി സംസ്ഥാനത്തൊട്ടാകെ 1198 ഹോട്ടലുകളാണ് തുടങ്ങിയത്. കുടുംബശ്രീ വനിതകളെയാണ് നടത്തിപ്പ് ഏൽപ്പിച്ചത്. പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില വർദ്ധിച്ചതിനെത്തുടർന്ന് പിടിച്ചുനിൽക്കാൻ ജനകീയ ഹോട്ടലുകൾ പാടുപെട്ട സമയത്താണ് കൂനിന്മേൽ കുരു എന്നപോലെ കഴിഞ്ഞ ആഗസ്റ്റ് മുതൽ സർക്കാർ സബ്‌സിഡി എടുത്തുകളഞ്ഞത്. അതിനു മുമ്പത്തെ രണ്ട് മുതൽ 11 മാസം വരെയുള്ള സബ്‌സിഡി തുകയും കിട്ടാനുണ്ട്. ഹോട്ടൽ ആരംഭിക്കുമ്പോൾ കറന്റ് ചാർജ്, വെള്ളക്കരം, കെട്ടിട വാടക എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം. പലയിടത്തും അതു നടന്നില്ല. 10.90 രൂപയ്ക്ക് ഇത്തരം ഹോട്ടലുകൾക്ക് സപ്ളൈകോ വഴി നൽകിയിരുന്ന സബ്‌സിഡി അരിയും നിറുത്തലാക്കി. വോട്ടുകൾ ചോരുന്ന വഴി ഇതൊക്കെക്കൂടി ഉൾപ്പെട്ടതാണെന്ന് സർക്കാർ തിരിച്ചറിയേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |