SignIn
Kerala Kaumudi Online
Friday, 16 August 2024 2.26 AM IST

'ഈ കപ്പൽ ആടിയുലയുന്നു സാ‌‌ർ ....'

veena-george

'ഈ കപ്പൽ ആടിയുലയില്ല സാർ. ഇതിനൊരു കപ്പിത്താനുണ്ട്' മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ ഇങ്ങനെ പുകഴ്ത്തിയ ആരോഗ്യ മന്ത്രി വീണജോർജ് പാർട്ടിയുടെ ഗുഡ്ബുക്കിലായെങ്കിലും ആരോഗ്യവകുപ്പെന്ന കപ്പൽ വല്ലാതെ ആടിയുലയുകയാണ്, കപ്പിത്താനുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തമായി ഉത്തരം ഇല്ലാത്ത അവസ്ഥ. ഏറ്റവും കുത്തഴിഞ്ഞ വകുപ്പായി മാറിയ ആരോഗ്യവകുപ്പിനെതിരെ നിയമസഭയിലടക്കം വലിയ വിമർശനങ്ങളാണുയരുന്നത്. ഓരോ നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷവിമർശനത്തിനു മുന്നിൽ മറുപടിയില്ലാതെ മന്ത്രി തപ്പിത്തടയുന്ന കാഴ്ച. ചുരുക്കത്തിൽ ആരോഗ്യവകുപ്പ് തന്നെ ആരോഗ്യമില്ലാതെ ഊർദ്ധശ്വാസം വലിയ്ക്കുന്ന അവസ്ഥ. കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മാരകമായ പകർച്ചവ്യാധികൾ പടരുമ്പോൾ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമതയും പ്രവർത്തനവും വീണ്ടും ചോദ്യചിഹ്നമാകുന്നു. ഡെങ്കിപ്പനി, കോളറ, എലിപ്പനി, മലേറിയ, എച്ച് 1 എൻ 1, വയറിളക്കം, ഹെപ്പറ്റൈറ്റിസ്, മലേറിയ......മാരകമായ പകർച്ചവ്യാധികളുടെ പട്ടിക ഇങ്ങനെ നീളുകയാണ്. മഴക്കാലപൂർവ ശുചീകരണവും പ്രതിരോധ പ്രവർത്തനവും ബോധവത്ക്കരണവും കാര്യക്ഷമമല്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലായ ആരോഗ്യവകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. അത്യാവശ്യം വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിൽ ദൈനംദിനം നടത്തേണ്ട അവശ്യപ്രവർത്തനങ്ങൾ പോലും മന്ദീഭവിച്ചിരിക്കുകയാണ്.

കൊവിഡ് ഭീതിയൊഴിഞ്ഞതിനു പിന്നാലെ സമീപകാലത്തെങ്ങുമുണ്ടാകാത്ത വിധമുള്ള പകർച്ചപ്പനിയിൽ നാട് വിറങ്ങലിച്ചു നിൽക്കുകയാണ്. ദിവസേന ആയിരങ്ങളാണ് വിവിധതരം പനിബാധിച്ച് ആശുപത്രികളിലേക്കെത്തുന്നത്. വിവിധയിനം പനിബാധിച്ചുള്ള മരണങ്ങളും കേരളത്തിലുണ്ടാകുന്നു. അപകടകാരിയായ ഡെങ്കിപ്പനിയാണിപ്പോൾ പ്രധാന വില്ലൻ. ജൂലായ് മാസം ഇതുവരെ പനിബാധിച്ചവരുടെ എണ്ണം 1,40,000 കടന്നു. 6,000 ഓളം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എച്ച് 1 എൻ 1 പനിബാധിച്ചവർ 625, എലിപ്പനി ബാധിച്ചവർ 260, ഹെപ്പറ്റൈറ്റിസ് എ ബാധിച്ചവർ 1062 .. ഇങ്ങനെ പോകുന്നു കണക്കുകൾ. 30 പേർക്ക് കോളറ സ്ഥിരീകരിച്ചു. വയറിളക്കം ബാധിച്ചവർ 38,065 പേരാണ്. സർക്കാരാശുപത്രികളിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി ചേർത്താൽ കണക്ക് ഭീമമാകും. മഴക്കാലപൂർവ്വ ശുചീകരണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പകർച്ചപ്പനി വ്യാപനത്തിന് ഇടയാക്കിയതെന്ന ആരോപണമാണുയരുന്നത്. ഇത് ആരുടെ അനാസ്ഥയെന്നതാണ് പ്രധാന ചോദ്യം. മാലിന്യക്കൂമ്പാരത്തിനു മുകളിൽ പെയ്തിറങ്ങുന്ന കാലവർഷം രോഗവാഹികളായ കൊതുക്, ഈച്ച, എലി തുടങ്ങിയ ക്ഷുദ്രജീവികളുടെ വിഹാരത്തിന് വഴിയൊരുക്കുമെന്നത് ഏവർക്കും അറിയാവുന്നതാണ്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും സംഭവിച്ച വീഴ്ചയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇരുവകുപ്പുകൾക്കും കഴിയില്ല. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുമധികം മരണത്തിനിടയാക്കിയ പകർച്ചവ്യാധി എലിപ്പനിയാണ്. ഈവർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 144 പേരാണ്. 2380 പേർക്ക് ഇതുവരെ എലിപ്പനി ബാധിച്ചതായാണ് കണക്ക്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യം ഉറപ്പാക്കൽ എന്നിവയിലൊക്കെ പാളിച്ച സംഭവിച്ചതായാണ് വിലയിരുത്തുന്നത്.

പാളിപ്പോയ മാലിന്യമുക്ത

കേരളം പദ്ധതി

ബ്രഹ്മപുരത്ത് ആഴ്ചകളോളം നീണ്ടുനിന്ന തീപിടുത്തം കേരളത്തിലെ മാലിന്യ പ്രശ്നത്തെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചിരുന്നു. തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യത്നത്തിന്റെ ഭാഗമായി സർക്കാർ തുടക്കമിട്ട 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ പോയവഴി പുല്ലുപോലുമില്ലാത്ത സ്ഥിതിയിലായി. കഴിഞ്ഞ വർഷം ജൂൺ 5, പരിസ്ഥിതി ദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യം വലിച്ചെറിയൽ മുക്തമാകുമെന്നാണ്. മാലിന്യം എവിടെക്കണ്ടാലും ആർക്കും അതിന്റെ ഫോട്ടോയോ വീഡിയോയോ പകർത്തി ബന്ധപ്പെട്ടവർക്കയച്ചു കൊടുക്കാം. നിശ്ചിതസമയത്തിനുള്ളിൽ അത് നീക്കം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പദ്ധതി ഒരടിപോലും മുന്നോട്ട് പോയില്ലെന്നാണ് കഴിഞ്ഞദിവസം തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒരു ശുചീകരണ തൊഴിലാളി മാലിന്യ കൂമ്പാരത്തിൽ മുങ്ങി മരിച്ച സംഭവം തെളിയിക്കുന്നത്. ടൺകണക്കിന് മാലിന്യമാണ് ഇതുപോലെ തോടുകളിൽ നിറഞ്ഞു കിടക്കുന്നത്.

ജീവനക്കാരും

വാഹനങ്ങളും ഇല്ലാതെ..

അവശ്യസർവീസായ ആരോഗ്യവകുപ്പിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും പകർച്ചവ്യാധികൾ പകരുന്നോ എന്നറിയാനും കാര്യങ്ങൾ നേരിട്ടുകണ്ട് വിലയിരുത്താനും സാമ്പിളുകൾ ശേഖരിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവർത്തനം താളം തെറ്റിയതിന് മുഖ്യകാരണം. ഓരോ ജില്ലയിലും 200 ഓളം ജീവനക്കാരുടെ കുറവുള്ളതായാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. ഹെൽത്ത് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലാണ് വേണ്ടത്ര ആളില്ലാത്തത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് ഇതിനു പുറമെയാണ്. മൺസൂൺ കാലത്തെ പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കാൻ താത്ക്കാലികമായി ജീവനക്കാരെ നിയമിക്കുന്ന പതിവും നിറുത്തിയത് പ്രതിസന്ധിയായി. ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ ഇല്ലെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. ‌ഉപയോഗത്തിലിരുന്ന 15 വർഷത്തിലേറെ പഴക്കമുള്ള 850 വാഹനങ്ങൾ ഈയിടെ ഒറ്റയടിക്ക് കണ്ടംചെയ്തപ്പോൾ പകരം വാഹനങ്ങൾ നൽകാത്തതിനാൽ പ്രവർത്തനങ്ങളെല്ലാം താറുമാറായി. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ 12 വാഹനങ്ങൾ വരെയുണ്ടായിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ വാഹനം മാത്രമാണുള്ളത്. ഇതും 15 വർഷത്തെ പഴക്കമുള്ള മുതുമുത്തശ്ശി വാഹനങ്ങളാണ്. ഈ വാഹനമാണ് ഡി.എം.ഒ അടക്കമുള്ള ആരോഗ്യപ്രവർത്തകൾക്കെല്ലാമായി ഉപയോഗത്തിനുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയ കാലമേ മറന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനം ഇല്ലാത്തതിനാൽ ഫീൽഡ് പ്രവർത്തനത്തിന്റെ ഗതിയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. കേട്ടുകേഴ്‌വി പോലുമില്ലാത്ത വിവിധ ബോർഡ്. കോർപ്പറേഷനുകളിലെ രാഷ്ട്രീയ പിൻബലമുള്ളവ‌ർ 35 ലക്ഷത്തിന്റെ ഇന്നോവ കാറുകളിൽ ചുറ്റിയടിക്കുമ്പോഴാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് പോലും വാഹനം നൽകാത്തത്.

സങ്കുചിത രാഷ്ട്രീയം

കളിച്ച് കേന്ദ്രഫണ്ടും നഷ്ടപ്പെടുത്തി

എന്തിനും ഏതിനും കേന്ദ്ര സർക്കാരിനെ പഴിക്കുന്ന പതിവ് പല്ലവിയിൽ ആരോഗ്യവകുപ്പ് നഷ്ടപ്പെടുത്തിയത് കോടികളുടെ കേന്ദ്ര ഫണ്ടാണ്. 2009 ൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തോടെ ആരംഭിച്ച ആരോഗ്യകേരളം പദ്ധതിയിലൂടെ ലഭിക്കേണ്ട കോടികളുടെ ഫണ്ടാണ് നഷ്ടമായത്. നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം 'ആയുഷ്മാൻ ആരോഗ്യമന്ദിർ' എന്ന് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് നിബന്ധനകൾക്ക് വഴങ്ങില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു. സംസ്ഥാനത്ത് പരിശോധനയ്ക്കെത്തിയ കേന്ദ്രസംഘം ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതോടെ കേരളത്തിനുള്ള ഫണ്ട് നിറുത്തലാക്കി. അതോടെ മൂന്ന് മാസത്തോളം ആരോഗ്യകേരളം പദ്ധതിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഇതിനെതിരെ എല്ലാ ജില്ലകളിലും കേന്ദ്ര വിരുദ്ധ സമരവും സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യപ്രവത്തകർ സമരത്തിൽ നിന്ന് വിട്ടുനിന്ന് മാതൃകകാട്ടി. കേന്ദ്രം പുനർചിന്തനത്തിന് തയ്യാറാകാതെ കർശന നിലപാടെടുത്തതോടെ ഇപ്പോൾ കേന്ദ്രനിർദ്ദേശത്തിന് വഴങ്ങാൻ ആരോഗ്യവകുപ്പ് മുട്ടുമടക്കിയതായാണ് സൂചന.

വേണ്ടത്

'സർജിക്കൽ സ്ട്രൈക്ക്'

ആരോഗ്യവകുപ്പിൽ അടിയന്തരമായി വേണ്ടതൊരു 'സർജിക്കൽ സ്ട്രൈക്ക്' തന്നെയെന്നാണ് വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥർ പറയുന്നത്. മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് മന്ത്രിമാർ കാര്യക്ഷമത കുറഞ്ഞവരാണെങ്കിലും വകുപ്പ് സെക്രട്ടറിമാരുടെ മിടുക്കിൽ കാര്യങ്ങൾ ഏറെക്കുറെ പരാതിരഹിതമായി നടന്നിരുന്നു. എല്ലാറ്റിലും പാർട്ടി ഇടപെടൽ മൂലമാകാം, സെക്രട്ടറി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും മൗനത്തിലാണ്. ധനലഭ്യതയാണിപ്പോൾ ആരോഗ്യവകുപ്പ് നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധി. മുമ്പൊക്കെ ഓരോ കാര്യങ്ങൾക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചാലുടൻ ബന്ധപ്പെട്ട ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് ചിലവഴിക്കുമായിരുന്നു. അല്പം വൈകിയാലും ഫണ്ട് ലഭിക്കുമെന്നുറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തിരുന്നത്. ഇപ്പോൾ അങ്ങനെ ചിലവഴിക്കാൻ ആരും ധൈര്യപ്പെടുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ചിലവഴിച്ചാൽ പണം കിട്ടുമെന്ന് ഒരുറപ്പും ഇല്ലാത്തതാണ് കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.