തോപ്പുംപടി: കൊച്ചിയിൽ ലഹരിസംഘം വീണ്ടും തലപൊക്കുന്നു. കൊച്ചിയുടെ യുവത്വവും കൗമാരവും ലഹരിവലയത്തിൽ അമരുമ്പോൾ പൊലീസും എക്സൈസും ലഹരിക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനുമുമ്പ് പശ്ചിമകൊച്ചിയിൽ പൊലീസ് ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.ആദ്യ കാലങ്ങളിൽ മുതിർന്നവരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോൾ വിദ്യാർത്ഥികളേയും യുവാക്കളേയുമാണ് കെണിയിലാക്കുന്നത്. വിദ്യാലയങ്ങൾക്കും കോളേജുകൾക്കും സമീപം ലഹരിമാഫിയ തക്കംപാർത്തിരിക്കുകയാണ്.
പുറത്തുനിന്ന് വ്യാപകമായ തോതിലാണ് കൊച്ചിയിലേക്ക് ലഹരി ഒഴുകുന്നത്. ട്രെയിനിലും റോഡ്മാർഗവുമാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് കൊച്ചിയിലേക്ക് രാസലഹരിയും കഞ്ചാവും മറ്റുമെത്തുന്നത്. എം.ഡി.എം.എ, ഹെറോയിൻ, ഹാഷിഷ് ഉൾപെടെയുള്ള മയക്ക് മരുന്നുകളും കൊച്ചിയിൽ വൻതോതിൽ എത്തുന്നതായാണ് സൂചന. ബംഗളൂരു, തമിഴ്നാട്, മുംബയ്, പോണ്ടിച്ചേരി, അസാം തുടങ്ങിയിടങ്ങളിൽ നിന്നാണ് ലഹരി കൊച്ചിയിലും സമീപ പ്രദേശങ്ങളിലും എത്തുന്നത്. ഇതിന് പിന്നിൽ നേരത്തേ ലഹരി ഇടപാട് നടത്തിയിരുന്നവരുൾപ്പെടെ വൻറാക്കറ്റുതന്നെ പ്രവർത്തിച്ച് വരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഒരുവിഭാഗം ലഹരി ഉപഭോക്താക്കളും വില്പനക്കാരുമാണ്. ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ ലഹരിയുമായി പിടിക്കപ്പെടുന്നത് കൂടുതലും യുവാക്കളും കൗമാരക്കാരുമാണെന്നതാണ് പ്രത്യേകത. ആഡംബര ജീവിതത്തിനും പുതുതലമുറ ബൈക്കുകൾ വാങ്ങുന്നതിനും പണംകണ്ടെത്താനാണ് യുവാക്കൾ കൂടുതലായും ലഹരിവസ്തുക്കളുടെ വില്പനയിലേക്ക് നീങ്ങുന്നത്. ലഹരിമാഫിയകളുടെ പങ്കുപറ്റുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി വേണമെന്നും രാത്രിയും പകലും വാഹന പരിശോധന നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
കുരുക്കുമായി ലഹരിമാഫിയ
* കെണിയിലാക്കുന്നത് വിദ്യാർത്ഥികളേയും യുവാക്കളേയും
* മയക്കുമരുന്നുകൾ എത്തുന്നത് ട്രെയിനിലും റോഡ് മാർഗവും
* പിന്നിൽ വൻ റാക്കറ്റ്. ചില ഉദ്യോഗസ്ഥരുടേയും പിന്തുണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |