കഴക്കൂട്ടം: മംഗലപുരത്ത് യുവാവിനെ കടയ്ക്കുള്ളിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചക്കേസിൽ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം എ.ആർ.എസ് മൻസിലിൽ ഷഹീൻ കുട്ടൻ (30) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. കാപ്പാക്കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം,അടിപിടി,കഞ്ചാവ് കേസുകളിൽ പ്രതികളാണ്.
മോഹനപുരം കബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലിന് (27) ഇക്കഴിഞ്ഞ 4നാണ് വെട്ടേറ്റത്. കബറടി റോഡിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടി.രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമികൾ കടയ്ക്കകത്ത് കയറി നൗഫലിനെ വെട്ടുകയായിരുന്നു.തുടർന്ന് മുംബെയിലേക്ക് ഒളിവിൽപ്പോയ പ്രതികൾ പണം തീർന്നതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങി വരുന്നവിവരം പൊലീസിന് ലഭിച്ചു.കൊച്ചി മുതൽ ട്രെയിനുകളിൽ മംഗലപുരം പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു.കൊച്ചുവേളിയിൽ വച്ചാണ് ഇവരെ പിടികൂടിയത്.മംഗലപുരം സി.ഐ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |