തിരുവനന്തപുരം: കോൺഗ്രസ് നാഥനില്ലാ കളരിയായെന്നും ഉടൻ പുതിയ അദ്ധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട ശശി തരൂർ എം.പിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്ത്. തരൂർ പ്രകടിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകർക്കിടയിലെ പൊതുവികാരമാണ്. എന്നാൽ കോൺഗ്രസിനകത്ത് പ്രതിസന്ധിയുണ്ടായിട്ടില്ല. അദ്ധ്യക്ഷന്റെ ചുമതല ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ് നിർവഹിക്കുന്നത്. പാർട്ടിക്ക് ഉടൻ തന്നെ പുതിയ അദ്ധ്യക്ഷൻ വേണം. പ്രിയങ്കാ ഗാന്ധി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകർ പാർട്ടിയിലുണ്ട്. എന്നാൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കും. ഇക്കാര്യം ചർച്ച ചെയ്യാൻ ഉടൻ തന്നെ പ്രവർത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാഴ്‌ചയോളമായി കോൺഗ്രസിന്റെ അദ്ധ്യക്ഷൻ ആരാണെന്ന് വ്യക്തമാക്കാൻ പോലും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും അത് വളരെ ദുഖമുണ്ടാക്കുന്ന കാര്യമാണെന്നും തരൂർ പറഞ്ഞിരുന്നു. കർണാടകയിലും ഗോവയിലും പാർട്ടിക്ക് തിരിച്ചടിയുണ്ടായപ്പോൾ പ്രതിരോധിക്കാൻ നേതൃത്വത്തിൽ ആരുമുണ്ടായിരുന്നില്ല. ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരാണ് ബി.ജെ.പിയിലേക്ക് പോയത്. ഇത് തടയാനുള്ള നിർദ്ദേശം നൽകാൻ ആരുമുണ്ടായിരുന്നില്ല. ഇനിയും ഈ പാർട്ടിയിൽ തുടരുന്നത് എന്തിനെന്ന് നേതാക്കന്മാർക്ക് തോന്നരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചപ്പോൾ രാഹുൽ ഗാന്ധി രാജിവയ‌്ക്കാൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവായ പി.ജെ.കുര്യനും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |