ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ പുരുഷ വിഭാഗം സിംഗിൾസിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സ് ക്വാർട്ടർ ഫൈനലിലെത്തി. പ്രീ ക്വാർട്ടറിൽ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം ജോർദാൻ തോംസൺ പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് ടെയ്‌ലർ ഫ്രിറ്റ്സിന് ക്വാർട്ടറിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. 6-1,3-0ത്തിന് ടെയ്‌ലർ ഫ്രിറ്റ്സ് മുന്നിട്ടു നിൽക്കുമ്പോഴാണ് തോംസൺ പിന്മാറിയത്. മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റഷ്യൻ താരം കാരെൻ ഖചാനോവ് വിജയിച്ചു. പോളണ്ടിന്റെ മജ്ഷ്റാക്കിനെ 6-4,6-2,6-3 എന്ന സ്കോറിനാണ് ഖചാനോവ് തോൽപ്പിച്ചത്. ക്വാർട്ടറിൽ ഖചാനോവും ടെയ്‌ലർ ഫ്രിറ്റ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ മുൻ നിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ച്, യാന്നിക്ക് സിന്നർ, ഇഗ ഷ്വാംടെക്ക് എന്നിവർ മൂന്നാം റൗണ്ടിൽ വിജയം നേടിയിരുന്നു. നൊവാക്ക് 6-3,6-0,6-4 എന്ന സ്കോറിന് സ്വന്തം നാടായ സെർബിയയിൽ നിന്നുള്ള കെസ്മനോവിച്ചിനെയാണ് കീഴടക്കിയത്. സിന്നർ സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ 6-1 6-3 6-1ന് കീഴടക്കി. ഇഗ 6-2 6-3 എന്ന സ്കോറിന് അമേരിക്കയുടെ ഡാനിയേല കോളിൻസിനെയാണ് കീഴടക്കിയത്.
അതേസമയം നിലവിലെ വിംബിൾഡൺ വനിതാചാമ്പ്യൻ ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോയ്ക്ക് മൂന്നാം റൗണ്ടിൽ പരിക്കുമൂലം കളി തോൽക്കേണ്ടിവന്നു. എമ്മ നവാരോയ്ക്ക് എതിരെ ആദ്യ സെറ്റ് നേടിയശേഷം പരിക്കിൽ തളർന്ന ക്രേസിക്കോവ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പൊരുതിനോക്കിയെങ്കിലും തോൽവി വഴങ്ങുകയായിരുന്നു.
100 വിംബിൾഡണിലെ തന്റെ നൂറാം വിജയമാണ് നൊവാക്ക് കെസ്മനോവിച്ചിനെതിരെ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |