SignIn
Kerala Kaumudi Online
Friday, 19 July 2024 1.00 AM IST

ഒരു ഇഞ്ചക്ഷൻ എടുത്താൽ 22 കിലോ വരെ ഭാരം കുറയും; അനുമതി നൽകി, മരുന്ന് ഉടൻ ഇന്ത്യയിലെത്തും

weightloss

ലോകത്ത് നിരവധി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നമാണ് അമിത വണ്ണം. ചിലപ്പോൾ അസുഖങ്ങൾ കാരണമാകാം മറ്റ് ചിലപ്പോൾ ഭക്ഷണ ശീലങ്ങൾ കൊണ്ടാകാം. എങ്ങനെയായാലും അമിത വണ്ണം ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ്. അതിനാൽ, ഇത് ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് അത്യാവശ്യമാണ്. വണ്ണം കുറയ്‌ക്കാനായി സർജറി പോലെ പല തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. എന്നാൽ, സർജറി ഇല്ലാതെതന്നെ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ഒരു മരുന്നിന് അംഗീകാരം നൽകിയിരിക്കുകയാണ് ഇന്ത്യ.

അമേരിക്കൻ - യൂറോപ്യൻ വിപണികളിൽ വൻ ഹിറ്റായി തുടങ്ങിയ മരുന്നാണ് ഉടൻ ഇന്ത്യൻ വിപണിയിലും എത്താൻ പോകുന്നത്. അപെക്‌സ് ഡ്രഗ് റെഗുലേറ്ററിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്‌ജക്റ്റ് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ 'ടിർസെപാറ്റൈഡ്' എന്ന മരുന്നിന് പച്ചക്കൊടി കാട്ടിയത്. എന്താണ് ടിർസെപാറ്റൈഡ് എന്നും എങ്ങനെയാണ് ശരീരഭാരം കുറയ്‌ക്കാൻ ഈ മരുന്ന് സഹായിക്കുന്നതെന്നും നോക്കാം.

1

എന്താണ് ടിർസെപാറ്റൈഡ്?

എലി ലില്ലിയുടെ മൗഞ്ചാരോ, സെപ്ബൗണ്ട് എന്നീ മരുന്നുകളിലെ പ്രധാന ഘടകമാണ് ടിർസെപാറ്റൈഡ്. ഇതിൽ പ്രമേഹത്തിനുള്ള മരുന്നുകളാണ് മൗഞ്ചാരോ വിഭാഗത്തിൽപ്പെടുന്നത്. സെപ്ബൗണ്ട് എന്നത് ശരീരഭാരം കുറയ്‌ക്കാൻ വേണ്ടിയുള്ളതുമാണ്. മനുഷ്യ ശരീരത്തിലെ രണ്ട് പ്രധാന ഹോർമോണുകളെ അനുകരിച്ചാണ് ടിർസെപാറ്റൈഡ് പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

മരുന്ന് ശരീരത്തിൽ കുത്തി വയ്‌ക്കുമ്പോൾ ഇത് റിസപ്‌റ്ററുകളെ സജീവമാക്കുന്നു. ഇതോടെ പാൻക്രിയാസിൽ ഇൻസുലിൽ ഉൽപ്പാദനം വർദ്ധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല, വിശപ്പ് കുറയ്‌ക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതോടെ അമിത ഭാരമുള്ളവരിൽ പതിയെ ശരീരഭാരം കുറഞ്ഞുവരുന്നു. മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവും വളരെ വേഗത്തിൽ കുറയുന്നു.

2

ശരീരഭാരം കുറയ്‌ക്കുന്നതിൽ ടിർസെപാറ്റൈഡ് വളരെയധികം ഫലപ്രദമാണെന്നാണ് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്. കുറഞ്ഞ അളവിൽ ടിർസെപാറ്റൈഡ് ശരീരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 16 ശതമാനം അഥവാ 16 കിലോഗ്രാം ഭാരം കുറയുമെന്നാണ് 2022 ജൂലായിലെ ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ ഒരു പ്രസിദ്ധീകരണത്തിൽ പറഞ്ഞിട്ടുള്ളത്. കുറച്ച് കൂടെ കൂടിയ ഡോസ് എടുത്തുകഴിഞ്ഞാൽ 21.4 ശതമാനം അല്ലെങ്കിൽ 22 കിലോഗ്രാം ഭാരം കുറയും.

ടിർസെപാറ്റൈഡിന് പാർശ്വഫലങ്ങൾ ഉണ്ടോ?

ദഹന നാളങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് എലി ലില്ലി പറയുന്ന പാർശ്വഫലം. എന്നാൽ, ടിർസെപാറ്റൈഡിന്റെ ഉയർന്ന ഡോസ് മരുന്ന് ശരീരത്തിലെത്തിയ ചിലരിൽ ഓക്കാനം, വയറിളക്കം, വയറുവേദന, ഛർദി, മലബന്ധം, തലവേദന, തലകറക്കം എന്നീ പ്രശ്‌നങ്ങളും അനുഭവപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്.

3

ചില റിപ്പോർട്ടുകൾ പ്രകാരം, സെപ്ബൗണ്ട് കഴിച്ചവരിൽ മുടികൊഴിച്ചിൽ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഗർഭിണികൾ ഈ മരുന്ന് കഴിക്കാൻ പാടുള്ളതല്ല. ഡിപ്രഷൻ, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ പ്രശ്‌‌നങ്ങളുള്ള രോഗികൾക്കും ഈ മരുന്ന് നൽകാൻ പാടില്ല.

ടിർസെപാറ്റൈഡിന്റെ ദുരുപയോഗങ്ങൾ

ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്ന് വിൽക്കുന്നതിനാണ് നിലവിൽ ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഡോക്‌ടർമാരുടെ നിർദേശമില്ലാതെ ഈ മരുന്ന് ആളുകൾ വാങ്ങി കഴിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ടിർസെപാറ്റൈഡ് അടങ്ങിയിട്ടുള്ളതിന്റെ പേരിൽ പ്രമേഹത്തിന്റെ മരുന്ന് വാങ്ങി കഴിച്ചാൽ അത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാകും ശരീരത്തിൽ ഉണ്ടാക്കുക. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ യുഎസിലും 2017ൽ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

2021ൽ 'വെഗോവി' എന്ന സെമാഗ്ലൂറ്റൈഡ് കുത്തിവയ്പ്പ് നോവോ നോർഡിസ്‌ക് എന്ന മരുന്ന് കമ്പനി കണ്ടെത്തിയിരുന്നു. ഇതും വളരെ വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മരുന്നാണ്. ഈ മരുന്നിനും ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

4

ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും?

എലി ലില്ലി സിഇഒ ഡേവിഡ് റിക്‌സ് റോയിട്ടേഴ്‌സിനോട് പറഞ്ഞത് പ്രകാരം, 2025ൽ തന്നെ ഇന്ത്യയിൽ മരുന്നുകൾ എത്തും. വെഗോവി ഇഞ്ചക്ഷൻ 2026ഓടെയാണ് ഇന്ത്യയിൽ എത്തുക. ഇതോടെ വലിയ രീതിയിലുള്ള മാറ്റങ്ങളാകും നമ്മുടെ രാജ്യത്ത് ഉണ്ടാകുക. കാരണം, ആഗോളതലത്തിൽ ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2023ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, ഇന്ത്യയുടെ ജനസംഖ്യയിൽ 11.4 ശതമാനവും പ്രമേഹ രോഗികളാണ്. ഇതിലെല്ലാം ഒരു മാറ്റം കൊണ്ടുവരാൻ പുതിയ മരുന്നുകൾക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ ആരോഗ്യ വിദഗ്ദ്ധർ.

രോഗം ഉണ്ടെങ്കിൽ പോലും ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLAINER, WEIGHTLOSS, INJECTION, MEDICINE, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.